ജിംനിക്ക് അപ്‌ഡേഷൻ പ്രഖ്യാപിച്ച് മാരുതി; ഇത് വാഹനപ്രേമികൾ കാത്തിരുന്ന നിമിഷം
text_fieldsമാരുതി സുസുക്കി ജിംനി
ന്യൂഡൽഹി: രാജ്യത്തെ ജനപ്രിയ വാഹനനിർമ്മതാക്കളായ മാരുതി സുസുക്കിയുടെ ഏറ്റവും പ്രിയപ്പെട്ട എസ്.യു.വി മോഡലായ ജിംനിക്ക് അപ്‌ഡേഷൻ പ്രഖ്യാപിച്ച് കമ്പനി. 2023 ജൂൺ 7നാണ് വാഹനത്തെ ആദ്യമായി ഇന്ത്യൻ വിപണിയിൽ മാരുതി അവതരിപ്പിച്ചത്. അന്ന് മുതൽ ഇതുവരെയുള്ള കാലയളവിൽ വലിയ മാറ്റങ്ങളൊന്നും മാരുതി ജിംനിയിൽ കൊണ്ടുവന്നിട്ടില്ല. അത്തരമൊരു സാഹചര്യത്തിൽ ഏറെ പ്രതീക്ഷകളോടെയാണ് വാഹനപ്രേമികൾ ജിംനിയുടെ അപ്ഡേഷന് കാത്തിരിക്കുന്നത്.

വാഹനത്തിന്റെ പവർട്രെയ്നിലും ആന്തരിക ഭാഗത്തും കാര്യമായ മാറ്റങ്ങൾ ഉണ്ടാവില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. സുരക്ഷ സംവിധാനങ്ങളിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് മാരുതി ശ്രമിക്കുന്നത്. അപ്ഡേറ്റ് ചെയ്ത വകഭേദം ആഗസ്റ്റ് മാസത്തിൽ ജപ്പാനിൽ അവതരിപ്പിക്കും. ഇന്ത്യ-സ്പെക് 5 ഡോർ ജിംനി നൊമാഡിന് ഇതിനോടകം നിരവധി അപ്ഡേറ്റുകൾ ലഭിച്ചിട്ടുണ്ട്. പുതിയ അപ്ഡേറ്റുകൾ നൽകുന്നതോടെ ബാക്കി മോഡലുകളും കൂടുതൽ മെച്ചപ്പെടും.
മാരുതി ജിംനിയിൽ പ്രതീക്ഷിക്കുന്ന അപ്ഡേറ്റുകൾ
സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമായും അഡ്വാൻസ്ഡ് ഡ്രൈവർ അസ്സിസ്റ്റൻസ് സിസ്റ്റം (എ.ഡി.എ.എസ്) ഉൾപെടുത്താനാകും മാരുതി ശ്രമിക്കുന്നത്. കൂടാതെ ഡ്യൂവൽ-കാമറ ഓട്ടോണോമസ് എമർജൻസി ബ്രേക്കിങ് സിസ്റ്റം, ട്രാഫിക് സിഗ്‌നലുകൾ മനസ്സിലാക്കി വാഹനം നിർത്താനുള്ള സംവിധാനം, അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ, ഓട്ടോമാറ്റിക് വകഭേദങ്ങളിൽ റിവേഴ്‌സ് ബ്രേക്ക് സപ്പോർട്ട് എന്നിവയും പുതിയ അപ്ഡേഷനോടെ ജിംനിക്ക് ലഭിക്കും. ഓഫ്‌റോഡ് വകഭേദങ്ങളിലുള്ള 5 ഡോർ ജിംനിക്ക് ഇത് കൂടുതൽ കരുത്തേകും.
വാഹനത്തിന്റെ ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ വരുത്തില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ജിംനിയുടെ സിഗ്‌നേച്ചർ ബോക്‌സി ഡിസൈന് ആഗോള വിപണിയിൽ ഉയർന്ന ഡിമാൻഡാണുള്ളത്. ഇതേ മോഡൽ പിന്തുടരുന്ന ഇന്ത്യൻ-സ്പെക് ജിംനി നൊമാഡ് നാല് ദിവസംകൊണ്ട് 50,000ത്തിലധികം ബുക്കിങ്ങുകളാണ് ജപ്പാനിൽ നിന്നും നേടിയത്. ഇത് മൂന്ന് വർഷത്തിനിടയിലുള്ള ജിംനിയുടെ വിൽപ്പനയിലെ റെക്കോഡ് നേട്ടമാണ്.

മാരുതി സുസുക്കി ജിംനി നൊമാഡ്
മാരുതി സുസുക്കി ജിംനിയുടെ ഒരു പ്രധാന വിപണിയാണ് ഇന്ത്യ. 3 ഡോർ വാഹനത്തെക്കാൾ കൂടുതലായി 5 ഡോർ വാഹനമാണ് ഇന്ത്യയിൽ കൂടുതൽ വിൽപ്പന നടത്തുന്നത്. ഇന്ത്യയെ കൂടാതെ ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിലും ജിംനിക്ക് വലിയ ഡിമാൻഡാണ്.
ഇലക്ട്രിക് വാഹന വിപണി രാജ്യത്ത് ശക്തി പ്രാപിക്കുമ്പോഴും ജിംനിക്ക് ഒരു വൈദ്യുത വകഭേദം ഉണ്ടാകില്ലെന്ന് മാരുതി പറഞ്ഞു. ഒരു പക്ഷെ ഹൈബ്രിഡ് വകഭേദം കമ്പനി പരിഗണിച്ചേക്കാം. അതും യൂറോപ്യൻ രാജ്യങ്ങളിലാകും ആദ്യം പരീക്ഷിക്കുന്നതെന്ന് മാരുതി സുസുക്കി മേധാവി ഹിസാഷി ടകൂച്ചി പറഞ്ഞു. നിലവിൽ ഇന്ത്യയിൽ നിർമ്മിക്കുന്ന ജിംനിക്ക് 1.5 ലീറ്റർ K15B പെട്രോൾ എൻജിനാണ് കരുത്തേകുന്നത്. ഇത് 5 സ്പീഡ് മാന്വൽ, 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ ലഭിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.