മാരുതി ഇ-വിറ്റാര ഓൾ-വീൽ ഡ്രൈവ് ഉടനില്ല; പകരം ഇന്ത്യയിൽ അവതരിപ്പിക്കുന്നത് ഫ്രണ്ട്-വീൽ ഡ്രൈവ്
text_fieldsമാരുതി സുസുകി ഇ-വിറ്റാര
ന്യൂഡൽഹി: മാരുതി സുസുക്കി മോട്ടോഴ്സിൽ നിന്നും ഉടൻ പുറത്തിറങ്ങാൻ പോകുന്ന ഇലക്ട്രിക് എസ്.യു.വിയാണ് ഇ-വിറ്റാര. ഇ.വിയുടെ വിപണി പ്രവേശനം ഏറെ ആകാഷയോടെയാണ് വാഹനപ്രേമികൾ നോക്കി കാണുന്നത്. ഓൾ-വീൽ ഡ്രൈവിൽ ഇന്ത്യൻ വിപണിയിലെത്തുമെന്ന് പറഞ്ഞ വാഹനത്തിന്റെ ഫ്രണ്ട്-വീൽ വകഭേദമാകും രാജ്യത്ത് ആദ്യം പുറത്തിറക്കുന്നത്. ടൊയോട്ട (ബ്ലൂ), ഐസിൻ, ഡെൻസോ എന്നീ കമ്പനികൾ സംയുക്തമായി വികസിപ്പിച്ചെടുത്ത 'ബ്ലൂ നെക്സസ്' ഇ-ആക്‌സിലിന്റെ മോട്ടോർ, ഇൻവെർട്ടർ, ട്രാൻസ്ആക്സിൽ എന്നിവയെ ഈ ഫ്രണ്ട്-വീൽ കോംപാക്ട് പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടെസ്‌ല, ബി.എം.ഡബ്ല്യു, ഹ്യുണ്ടായ് തുടങ്ങിയ വാഹന കമ്പനികളും ഇതേ മോഡൽ ഇ-ആക്സിൽ മാതൃകയിൽ വാഹനങ്ങൾ നിർമ്മിക്കുന്നുണ്ട്.
നിലവിൽ ഇന്ത്യയിൽ നിർമ്മിക്കുന്ന ഫ്രണ്ട്-വീൽ ഡ്രൈവ് മോട്ടോറിന്റെ പവർ ഔട്പുട്ട് 106kW (144 എച്ച്.പി) നും 128kW (174 എച്ച്.പി) നും ഇടയിലായിരിക്കും. ബോണറ്റിൽ ഒതുങ്ങാൻ സഹായിക്കുന്ന തരത്തിലുള്ള ഇ-ആക്‌സിലിന് നീളം കുറവാണ്. അതിനാൽ പിൻവശത്ത് ലഗേജ് സൂക്ഷിക്കാൻ കൂടുതൽ സ്ഥലം ലഭിക്കും. ഓൾ-വീൽ ഡ്രൈവിലേക്ക് മാറുമ്പോൾ പിൻവശത്തെ ഇ-ആക്‌സിലിന്റെ പരമാവധി പവർ 80kW (108 എച്ച്.പി) ആയിരിക്കും. ഈ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയില്ല. മാരുതിയും ടോയോട്ടയും ഒരുമിച്ച് പ്രവർത്തിക്കുന്നതിനാൽ ടൊയോട്ടയുടെ എസ്.യു.വിയിലാകും ഓൾ-വീൽ ഡ്രൈവ് മോഡൽ ആദ്യം ലഭിക്കുക എന്നാണ് അഭ്യൂഹം.
ആഗോളതലത്തിൽ തന്നെ ഏറെ ജനശ്രദ്ധ നേടിയ ഇലക്ട്രിക് വാഹനമാണ് ഇ-വിറ്റാര. ഭാരത് മൊബിലിറ്റി ഷോയുടെ ഭാഗമായി നടന്ന ഓട്ടോ എക്‌സ്‌പോയിൽ മോഡലിന്റെ അനാച്ഛാദന ചടങ്ങ് നടന്നത്. ഇ-വിറ്റാര 49kWh, 61kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകൾ അവതരിപ്പിക്കുന്നു. ഒറ്റ ചാർജിൽ ഏകദേശം 500 കിലോമീറ്റർ ഡ്രൈവിങ് റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ലെവൽ 2 ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസ്സിസ്റ്റൻസ് സിസ്റ്റം), പനോരാമിക് സൺറൂഫ്, വ്യത്യസ്‍ത ഡ്രൈവിങ് മോഡുകൾ, ഹിൽ ആൻഡ് ഹോൾഡ് കണ്ട്രോൾ, വെന്റിലേറ്റഡ് സീറ്റുകൾ തുടങ്ങിയ ഫീച്ചറുകളെല്ലാം ഇ-വിറ്റാരയിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. സ്റ്റാൻഡേർഡ് ആയി മാരുതിയുടെ എല്ലാ വാഹനങ്ങളിലും ആറ് എയർബാഗുകൾ നൽകുന്നതിനാലും എൻ.സി.എ.പി ക്രാഷ്ടെസ്റ്റുകളിൽ മികച്ച പ്രകടനം നടത്തുന്നതിനാലും സുരക്ഷയിൽ പേടിക്കേണ്ടതില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.