മാരുതി സുസുക്കി ജനങ്ങൾക്ക് പ്രിയപ്പെട്ടതാകുന്നു; 28 മാസം കൊണ്ട് അപൂർവനേട്ടം കൈവരിച്ച് ഫ്രോങ്സ്
text_fieldsന്യൂഡൽഹി: ഇന്ത്യൻ വാഹനനിർമാതാക്കളായ മാരുതി സുസുക്കി 2023ൽ വിപണിയിൽ അവതരിപ്പിച്ച ഫ്രോങ്സ് എസ്.യു.വി വിൽപ്പനയിൽ റെക്കോർഡ് നേട്ടത്തിൽ ജൈത്രയാത്ര തുടരുകയാണ്. നിരത്തുകളിൽ അവതരിപ്പിച്ച് 28 മാസം തികയുമ്പോൾ അഞ്ച് ലക്ഷം യൂനിറ്റ് അതിവേഗം വിൽപ്പന നടത്തുന്ന റെക്കോഡ് നേട്ടത്തിൽ കുതിക്കുകയാണ് ഫ്രോങ്സ്. കൂടാതെ 2024-25 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത വാഹനമെന്ന റെക്കോഡും ഫ്രോങ്‌സിന് സ്വന്തം.
2024-25 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിൽപ്പന നടത്തുന്ന മികച്ച 10 കാറുകളുടെ ലിസ്റ്റിലും ഫ്രോങ്സ് ഉൾപ്പെട്ടിട്ടുണ്ട്. 2025 ഫെബ്രുവരി മാസത്തിൽ 21,400 യൂനിറ്റ് വാഹനങ്ങൾ വിൽപ്പന നടത്തി പത്ത് മാസം കൊണ്ട് ഒരു ലക്ഷം യൂനിറ്റ് ഫ്രോങ്സ് എസ്.യു.വികൾ നിരത്തിലെത്തിക്കാൻ മാരുതിക്ക് കഴിഞ്ഞു.
'ഫ്രോങ്‌സിനെ തങ്ങളുടെ ഇഷ്ട വാഹനമായി തിരഞ്ഞെടുത്തതിനും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കോംപാക്റ്റ് എസ്.യു.വികളിൽ ഒന്നാക്കി മാറ്റിയതിനും ഞങ്ങളുടെ ഉപഭോക്താക്കളോട് ഞങ്ങൾ നന്ദിയുള്ളവരാണ്' എന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ ഹിസാഷി ടകേച്ചി പറഞ്ഞു. ഇന്ത്യയിൽ നിർമ്മിക്കുന്ന വാഹനം ഉയർന്ന നിർമ്മാണ മികവും മികച്ച രൂപകൽപ്പനയും വാഗ്‌ദാനം ചെയ്യുന്നുണ്ട്. സ്റ്റൈലിങ്, മികച്ച ഇന്ധനക്ഷമത, നൂതന സാങ്കേതിക സവിശേഷതകൾ എന്നിവയാൽ ഫ്രോങ്സ് ആഭ്യന്തര, അന്തർദേശീയ വിപണികളിൽ വേഗത്തിൽ പ്രശസ്തി നേടി. ഞങ്ങൾ മുന്നോട്ട് പോകുമ്പോൾ, ഞങ്ങളുടെ ഉപഭോക്താക്കളുടെ പ്രതീക്ഷകൾക്കപ്പുറമുള്ള ആവേശകരവും മൂല്യവർദ്ധിതവുമായ ഉൽപ്പന്നങ്ങൾ നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂടി ചേർത്തു.
ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി ഫ്രോങ്‌സിന്റെ പ്രാരംഭ വില 7.54 ലക്ഷം രൂപ മുതലാണ് (എക്‌സ്-ഷോറൂം). ഏറ്റവും ഉയർന്ന വകഭേദത്തിന് 12.90 ലക്ഷം രൂപ (എക്‌സ്-ഷോറൂം) വരെയുമാണ്. സുസുകിയിൽ നിന്നുള്ള 1.2 ലിറ്റർ കെ-സീരീസ് എഞ്ചിൻ അല്ലെങ്കിൽ 1.0 ലിറ്റർ കെ-സീരീസ് ടർബോ പെട്രോൾ എഞ്ചിൻ (ഓപ്ഷണൽ) ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനായി 5-സ്പീഡ് മാനുവലും 5-സ്പീഡ് ഓട്ടോമേറ്റഡ് മാനുവലും, ടർബോ പെട്രോൾ വേരിയന്റിനായി 5-സ്പീഡ് മാനുവലും 6-സ്പീഡ് ഓട്ടോമാറ്റിക്കും ട്രാൻസ്മിഷൻ ലഭിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.