വാഹനം അവതരിപ്പിച്ച മൂന്നാം നാൾ വില വർധിപ്പിച്ച് എം.ജി മോട്ടോർസ്; ഇനിമുതൽ വിൻഡ്സർ ഇ.വി പ്രൊ സ്വന്തമാക്കാൻ 60,000 രൂപ അധികം നൽകണം
text_fieldsന്യൂഡൽഹി: ജെ.എസ്‍.ഡബ്ല്യു എം.ജി മോട്ടോർസ് ഇന്ത്യ മൂന്ന് ദിവസം മുമ്പാണ് അവരുടെ പുതിയ ഇലക്ട്രിക് വാഹനമായ വിൻഡ്സർ ഇ.വിയുടെ പരിഷ്‌ക്കരിച്ച മോഡൽ 'വിൻഡ്സർ ഇ.വി പ്രൊ' ഇന്ത്യയിൽ അവതരിപ്പിച്ചത്. പഴയ മോഡലിനെ അപേക്ഷിച്ച് ആകർഷകമായ രൂപവും ശക്തമായ ഇലക്ട്രിക് മോട്ടോറും വലിയ ബാറ്ററി പാക്കുമാണ് പുതിയ വിൻഡ്സർ ഇ.വി പ്രോക്ക്. ബുക്കിങ് ആരംഭിച്ച ആദ്യ ദിവസം തന്നെ ഒരു ചൈനീസ് വാഹനത്തിന് 15,000ത്തിലധികം ബുക്കിങ് ലഭിക്കുന്നത് വളരെ കൗതുകത്തോടെയാണ് വാഹനപ്രേമികൾ നോക്കികണ്ടത്. ടാറ്റ നെക്‌സോൺ ഇ.വി, മഹീന്ദ്ര എക്സ്.യു.വി 400 ഇ.വി വാഹനങ്ങൾക്ക് മുഖ്യ എതിരാളിയായാണ് വിൻഡ്സർ ഇ.വി പ്രൊ എത്തുന്നത്.
ആദ്യത്തെ 8000 ബുക്കിങ്ങുകൾക്ക് 17.50 ലക്ഷം രൂപ എക്സ് ഷോറൂം വിലയാണ് കമ്പനി പ്രഖ്യാപിച്ചിരുന്നതെങ്കിലും 15,000ത്തിലധികം ബുക്കിങ് നേടിയത് കമ്പനിയെ അത്ഭുതപ്പെടുത്തി. റെക്കോഡ് ബുക്കിങ്ങിന് ശേഷം മൂന്നാം നാൾ വാഹനത്തിന്റെ വില വർധിപ്പിച്ചിരിക്കുകയാണ് കമ്പനി. ഇനിമുതൽ വാഹനം സ്വന്തമാക്കുന്നവർ 60,000 രൂപ അധികം നൽകേണ്ടി വരും. 17.50 ലക്ഷം രൂപ എക്സ് ഷോറൂം വിലവരുന്ന ബാറ്ററി ഉൾപ്പെടുന്ന വാഹനത്തിന് ഇനിമുതൽ 18,10 ലക്ഷം രൂപ നൽകണം. ബാറ്ററി ആസ്-എ-സർവീസ് (ബി.എ.എ.എസ്) സ്‌കീം പ്രകാരം ഈ വൈദ്യുത വാഹനത്തിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 12.50 ലക്ഷം രൂപയാണ്. ഇനിമുതൽ ബി.എ.എ.എസ് സ്‌കീം വാഹനത്തിന് 13.10 ലക്ഷം രൂപ വില വരും. കൂടാതെ ബാറ്ററിയുടെ വാടകയായി കിലോമീറ്ററിന് 4.5 രൂപയും ഉപഭോക്താക്കൾ നൽകണം.
എം.ജി വിൻഡ്സർ പ്രോയുടെ പ്രത്യേകതകളറിയാം
പുതിയ എം.ജി വിൻഡ്സർ പ്രോയിൽ 52.9 kWh, 38 kWh എന്നീ രണ്ട് ബാറ്ററി ഓപ്ഷനുകളാണ് കമ്പനി നൽകിയിട്ടുള്ളത്. ഇത് ഒറ്റ ചാർജിൽ 449 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുമെന്ന് എം.ജി അവകാശപ്പെടുന്നു. ഡ്യൂവൽ ടോണിലാണ് വാഹനത്തിന്റെ ഉൾവശം സജ്ജീകരിച്ചിരിക്കുന്നത്. ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (എ.ഡി.എ.എസ്) ഉൾപ്പെടെയുള്ള ഫീച്ചറുകളും വിൻഡ്സർ ഇ.വി പ്രോയിലുണ്ട്. കൂടാതെ ഏറ്റവും ആധുനികമായ വെഹിക്കിൾ-ടു-വെഹിക്കിൾ (വി-2-വി) വെഹിക്കിൾ-ടു-ലോഡ് (വി-2-എൽ) എന്നി ഫീച്ചറുകൾ ഉൾപ്പെടുത്തി മറ്റ് ഇലക്ട്രിക് വാഹനങ്ങളും ബാഹ്യ ഉപകരണങ്ങളും ചാർജ് ചെയ്യാനാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.