ഒട്ടനവധി ഫീച്ചറുകളുമായി പുതിയ 'ബജാജ് ഡോമിനാർ'; യാത്ര ഇനി കൂടുതൽ സുരക്ഷിതം
text_fieldsന്യൂഡൽഹി: രാജ്യത്തെ ഇരുചക്ര വാഹന വിപണിയിലെ മികച്ച ബ്രാൻഡായ ബജാജ് ഓട്ടോ അവരുടെ ഏറ്റവും പുതിയ ഡോമിനാർ 400, ഡോമിനാർ 250 എന്നീ മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിച്ചു. പഴയ മോഡലുകളെ അപേക്ഷിച്ച് നിരവധി സുരക്ഷ ഫീച്ചറുകൾ ബൈക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പഴയ മോഡൽ ഡിസൈനിൽ നിന്നും വലിയ മാറ്റമൊന്നുമില്ലാതെയാണ് പുതിയ ബൈക്കുകൾ വിപണിയിലെത്തുന്നത്. ഡോമിനാർ 400ന് ഇലക്ട്രോണിക് ത്രോട്ടിൽ ബോഡി വഴി റൈഡ്-ബൈ-വയർ സാങ്കേതികവിദ്യ നൽകിയതിനാൽ ഇത് റെയിൻ, റോഡ്, സ്‌പോർട്, ഓഫ് റോഡ് എന്നീ നാല് റൈഡ് മോഡുകൾ നൽകുന്നുണ്ട്. കൂടാതെ ഡോമിനാർ 250ന് ഒരു മെക്കാനിക്കൽ ത്രോട്ടിൽ സജ്ജീകരണവും നാല് എ.ബി.എസ് മോഡുകളും ലഭിക്കുന്നു. ഇതേ സാങ്കേതിക വിദ്യ ഈയടുത്ത് പുറത്തിയിറക്കിയ പൾസർ 250ലും ബജാജ് ഉൾപ്പെടുത്തിയിട്ടുണ്ട്.
പൾസർ NS400Z ന്റെ അതേ ഡിജിറ്റൽ ഡിസ്പ്ലേയും ഡോമിനാർ മോഡലുകൾക്ക് ബജാജ് നൽകിയിട്ടുണ്ട്. പുതിയ സ്വിച്ച് ഗിയറിനൊപ്പം പ്രവർത്തിക്കുന്ന കളർ എൽ.സി.ഡി ബോണ്ടഡ് ഗ്ലാസ് സ്പീഡോമീറ്ററാണിത്. ദീർഘദൂര യാത്രകളിൽ കൂടുതൽ സുഖസൗകര്യങ്ങൾക്കായി ഹാൻഡിൽബാറുകളും ബജാജ് പരിഷ്കരിച്ചിട്ടുണ്ട്. കൂടാതെ റൈഡേഴ്‌സിന് അവരുടെ ജി.പി.എസ് ഉപകരണങ്ങളോ സ്മാർട്ട്‌ഫോണുകളോ ഘടിപ്പിക്കുന്നതിന് ബജാജ് ഒരു ജി.പി.എസ് മൗണ്ട് ഉൾപ്പെടുത്തിയിട്ടുണ്ട്.
373 സി.സി ലിക്വിഡ്-കൂൾഡ് സിംഗിൾ-സിലിണ്ടർ എൻജിനാണ് ഡൊമിനാർ 400ന്റെ കരുത്ത്. ഇത് 8,000 ആർ.പി.എമിൽ 39 ബി.എച്ച്.പി കരുത്തും 6,500 ആർ.പി.എമിൽ 35 എൻ.എം ടോർക്കും ഉത്പാദിപ്പിക്കും. 6 സ്പീഡ് മാനുൽ ഗിയർബോക്‌സാണ് ഡോമിനാർ 400നുള്ളത്. 248 സി.സി ലിക്വിഡ്-കൂൾഡ് സിംഗിൾ-സിലിണ്ടർ എൻജിനാണ് 250 ഡോമിനാറിൽ ഉള്ളത്. 8,500 ആർ.പി.എമിൽ 26 ബി.എച്ച്.പി കരുത്തും 6,500 ആർ.പി.എമിൽ 23 എൻ.എം ടോർക്കും ഈ എൻജിൻ ഉത്പാദിപ്പിക്കും. ഡോമിനാർ 250ക്ക് 1.92 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ഡോമിനാർ 400ന് 2.39 ലക്ഷം (എക്സ് ഷോറൂം) രൂപയുമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.