ഭാര വാണിജ്യ വാഹനങ്ങൾക്ക് സുരക്ഷാ റേറ്റിങ് ഏർപ്പെടുത്തുമെന്ന് നിതിൻ ഗഡ്കരി
text_fieldsന്യൂഡൽഹി: രാജ്യത്തെ ട്രക്കുകളടക്കം ഭാര വാണിജ്യ വാഹനങ്ങൾക്ക് സുരക്ഷാ റേറ്റിങ് ഏർപ്പെടുത്തുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. കാറുകളുടെ സുരക്ഷാ റേറ്റിങ്ങിനായി രാജ്യത്ത് നിലവിലുള്ള ഭാരത് ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാമിന് (ബി.എൻ.സി.എ.പി) സമാനമാവും ഇത്. ഭാരവാഹനങ്ങളിൽ സുരക്ഷിതത്വമുറപ്പുവരുത്തുന്ന രീതിയിൽ ഉൽപാദന നിലവാരം മെച്ചപ്പെടുത്താൻ നിർമാതാക്കളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഗഡ്കരി പറഞ്ഞു.
ബി.എൻ.സി.എ.പിയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാഫിക് എജുക്കേഷനും (ഐ.ആർ.ടി.ഇ) ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയിൽ പ്രതിവർഷം 4.8 ലക്ഷത്തോളം റോഡപകടങ്ങളിലായി 1.8 ലക്ഷം പേർക്ക് ജീവൻ നഷ്ടമാകുന്നുവെന്നാണ് കണക്കുകൾ. നിരത്തുകളിലെ സുരക്ഷക്കൊപ്പം വാഹനങ്ങളിലെ സുരക്ഷമാനദണ്ഡങ്ങളും ഉറപ്പുവരുത്താൻ സർക്കാർ കൂടുതൽ നടപടികൾ സ്വീകരിച്ചുവരുകയാണെന്നും ഗഡ്കരി പറഞ്ഞു.
റോഡുമാർഗമുള്ള ചരക്കുനീക്കത്തിന്റെ ചെലവ് നിലവിലെ 14-16 ശതമാനത്തിൽ നിന്ന് ഒമ്പത് ശതമാനമാക്കി കുറക്കുകയാണ് ലക്ഷ്യം. ഇതിനായി വിവിധ പദ്ധതികൾ പരിഗണനയിലുണ്ട്. നിലവിൽ ട്രക്ക് ഡ്രൈവർമാർ 13-14 മണിക്കൂർ വാഹനമോടിക്കുന്നുണ്ട്. ഇത് ശാരീരികമായ പല പ്രശ്നങ്ങൾക്ക് കാരണമാവുകയും അപകടങ്ങൾ ക്ഷണിച്ചുവരുത്തുകയും ചെയ്യും. ഈ സാഹചര്യത്തിൽ, ഡ്രൈവർമാരുടെ ജോലി സമയം നിജപ്പെടുത്താൻ ലക്ഷ്യമിട്ട് റോഡ് മന്ത്രാലയം നിയമം തയാറാക്കിവരുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.