സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; പുതിയ ഹെവി വാഹനങ്ങൾക്ക് ഇനിമുതൽ ബി.എൻ.സി.എ.പി സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്ന് മന്ത്രി
text_fieldsന്യൂഡൽഹി: ട്രക്കുകൾ ഉൾപ്പെടെയുള്ള ഹെവി വാണിജ്യ വാഹനങ്ങൾക്ക് ഉടൻ തന്നെ ബി.എൻ.സി.എ.പി (ഭാരത് ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം) പോലെയൊരു സുരക്ഷ സംവിധാന മാർഗ്ഗം ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരി. കമ്പനികൾ അവരുടെ വാഹനങ്ങൾക്ക് കൂടുതൽ സുരക്ഷ ഉറപ്പ് വരുത്തുകയെന്നതാന്ന് ഇതിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഹെവി വാഹനങ്ങൾക്ക് പുറമെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇ -റിക്ഷകൾക്കും ഇത് ബാധകമാണ്.
ബി.എൻ.സി.എ.പിയുടെ കീഴിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാഫിക് എഡ്യൂക്കേഷൻ (ഐ.ആർ.ടി.ഇ) സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വർഷത്തിൽ ഏകദേശം 4.8 ലക്ഷം അപകടങ്ങൾ സംഭവിക്കുകയും അതിൽ 1.8 ലക്ഷം പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്നു. സർക്കാരിന്റെ ഏറ്റവും വലിയ ആശങ്ക റോഡ് സുരക്ഷയാണ്. ഈ സഹചര്യത്തിൽ സുരക്ഷിതമായ റോഡുകൾക്ക് പുറമെ സുരക്ഷിതമായ വാഹനങ്ങളും രാജ്യത്ത് ലഭ്യമാക്കുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് ഗഡ്കരി പറഞ്ഞു.
ബി.എൻ.സി.എ.പി ടെസ്റ്റ് 2023ലാണ് ആരംഭിച്ചത്. വാഹനങ്ങളുടെ സുരക്ഷ നിലവാരം ഉയർത്തുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. ഇനിമുതൽ ട്രക്കുകൾക്കും ഹെവി വാഹനങ്ങൾക്കും സമാനമായ റേറ്റിങ് ഏർപ്പെടുത്തും. ലോജിസ്റ്റിക്സ് ചെലവ് കുറക്കാനുള്ള പുതിയ പദ്ധതികളും സർക്കാരിന്റെ പരിഗണനയിലുണ്ട്. കൂടാതെ ഡ്രൈവർമാരുടെ ജോലി സമയം നിശ്ചയിക്കുന്നതിനായി റോഡ് മന്ത്രാലയം ഒരു നിയമം കൊണ്ടുവരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു, നിലവിൽ ട്രക്ക് ഡ്രൈവർമാർ 13-14 മണിക്കൂർ വാഹനമോടിക്കുന്നുണ്ട്. ഇത് ശാരീരികമായ പല പ്രശ്നങ്ങൾക്ക് കാരണമാകുകയും അപകടങ്ങളെ ക്ഷണിച്ച് വരുത്തുകയും ചെയ്യുമെന്ന് ഗഡ്കരി കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.