കുറഞ്ഞ വിലയിൽ മികച്ച യാത്രാനുഭവം! പുതിയ ടാറ്റ 'ഏറിസ്' ഇന്ത്യയിൽ പുറത്തിറക്കി, വില 5.29 ലക്ഷം
text_fieldsടാറ്റ ഏറിസ്
സെഡാൻ വിഭാഗത്തിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കിക്കൊണ്ട് ടാറ്റ മോട്ടോഴ്‌സ് പുതിയ മോഡലായ 'ടാറ്റ ഏറിസ്' (Tata Aeris) ഇന്ത്യയിൽ അവതരിപ്പിച്ചു. 5.29 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ്-ഷോറൂം വില. വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ് കമ്പനി ആരംഭിച്ചുകഴിഞ്ഞു. ഒക്ടോബർ 11 മുതൽ പുതിയ മോഡൽ ഉപഭോക്താക്കൾക്ക് കൈമാറിത്തുടങ്ങും. മുൻ സെഡാൻ മോഡലായ ടിഗോറിനെ (Tigor) അപേക്ഷിച്ച് ഒട്ടനവധി മികച്ച ഫീച്ചറുകളുമായാണ് ഏറിസ് വിപണിയിൽ എത്തിയിരിക്കുന്നത്. ജനപ്രിയ മോഡലുകളായ മാരുതി സുസുക്കി ഡിസയർ, ഹ്യുണ്ടായ് ഓറ എന്നിവയാണ് പുതിയ ടാറ്റ ഏറിസിന്റെ പ്രധാന എതിരാളികൾ.
വേരിയന്റുകളും വിലവിവരങ്ങളും
വേരിയന്റ് (Variant) : പെട്രോൾ മാനുവൽ (Petrol MT) - സിഎൻജി മാനുവൽ (iCNG MT)
- സ്മാർട്ട് (SMART) : 5.29 ലക്ഷം രൂപ - 6.29 ലക്ഷം രൂപ
- പ്യുവർ (PURE) : 6.14 ലക്ഷം രൂപ - 7.14 ലക്ഷം രൂപ
- പ്യുവർ പ്ലസ് (PURE+) : 6.74 ലക്ഷം രൂപ - 7.74 ലക്ഷം രൂപ
- ക്രിയേറ്റീവ് (CREATIVE) : 7.49 ലക്ഷം രൂപ - 8.49 ലക്ഷം രൂപ
- അക്കംപ്ലിഷ്ഡ് (ACCOMPLISHED) : 8.19 ലക്ഷം രൂപ - 9.19 ലക്ഷം രൂപ
ഡിസൈൻ കൂടുതൽ ആകർഷകം
ടിഗോറിനെ അപേക്ഷിച്ച് വളരെ ആകർഷകവും സ്പോർട്ടിയുമായ ഡിസൈനിലാണ് ടാറ്റ ഏറിസ് ഒരുക്കിയിരിക്കുന്നത്. വാഹനത്തിന്റെ മുൻഭാഗം പുതിയ ടിയാഗോയുടെ ഡിസൈനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ്. റൂഫ്‌ലൈനുമായി ലയിച്ചുചേരുന്ന രീതിയിലുള്ള പിൻഭാഗവും, രൂപമാറ്റം വരുത്തിയ ടെയിൽ ലാമ്പുകളും വാഹനത്തിന്റെ ലുക്ക് വർധിപ്പിക്കുന്നു. എൽഇഡി സ്ട്രിപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന ടെയിൽ ലാമ്പുകൾക്കിടയിലായി ടാറ്റയുടെ ലോഗോയും നൽകിയിട്ടുണ്ട്. ടെയിൽഗേറ്റിൽ 'Aeris' എന്ന് എഴുതിയിരിക്കുന്നതും കാണാം. ഇത് വാഹന നിർമാതാക്കൾക്കിടയിൽ ഇപ്പോൾ പുതിയ ട്രെൻഡ് ആണ്.
ഡാൻഡെലി ഡ്രിസിൽ, നൈട്രോ ക്രിംസൺ, ഡ്യൂൺ ഗ്ലോ, പ്രിസ്റ്റിൻ വൈറ്റ്, പ്യുവർ ഗ്രേ, ഡേടോണ ഗ്രേ എന്നീ ആകർഷകമായ നിറങ്ങളിൽ വാഹനം ലഭ്യമാകും. ഇതിനുപുറമെ, പുത്തൻ ഡിസൈനിലുള്ള 15-ഇഞ്ച് അലോയ് വീലുകളും വാഹനത്തിന്റെ പുറംമോടിക്ക് മിഴിവേകുന്നു.
ആഡംബരം നിറഞ്ഞ ഇന്റീരിയർ
ഇന്റീരിയറിൽ എടുത്തുപറയേണ്ട നിരവധി മാറ്റങ്ങൾ ടാറ്റ വരുത്തിയിട്ടുണ്ട്. ഇലുമിനേറ്റഡ് (തിളങ്ങുന്ന) ലോഗോയോട് കൂടിയ ത്രീ-സ്‌പോക്ക് സ്റ്റിയറിങ് വീൽ ആണ് പ്രധാന ആകർഷണം. ഓട്ടോമാറ്റിക് വേരിയന്റുകളിൽ പാഡിൽ ഷിഫ്റ്ററുകളും നൽകിയിട്ടുണ്ട്. പൂർണ്ണമായും ഡിജിറ്റലായ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഫ്രീ-ഫ്ലോട്ടിങ് ശൈലിയിലുള്ള 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീനും സെന്റർ കൺസോളിൽ ഇടംപിടിച്ചിരിക്കുന്നു. സ്ക്രീനിന് താഴെയായി വാഹനത്തിലെ മറ്റ് അടിസ്ഥാന ക്രമീകരണങ്ങൾക്കായുള്ള ബട്ടണുകളും റോട്ടറി നോബുകളും നൽകിയിട്ടുണ്ട്. മൃദുവായ മെറ്റീരിയലുകൾ ഉപയോഗിച്ച് നിർമിച്ച ലെതറെറ്റ് സീറ്റുകൾ മികച്ച യാത്രാനുഭവം ഉറപ്പുവരുത്തുന്നു.
അത്യാധുനിക ഫീച്ചറുകൾ
ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, വെന്റിലേറ്റഡ് സീറ്റുകൾ, ഡ്യുവൽ വയർലെസ് ഫോൺ ചാർജറുകൾ തുടങ്ങിയ നൂതന സൗകര്യങ്ങൾ വാഹനത്തിലുണ്ട്. സുരക്ഷയുടെ കാര്യത്തിലും ടാറ്റ വിട്ടുവീഴ്ച ചെയ്തിട്ടില്ല. 6 എയർബാഗുകൾ, ഹൈ-ബീം അലേർട്ട്, ഇഎസ്‌പി (ESP), ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം (TPMS), ഹിൽ ഹോൾഡ് കൺട്രോൾ, ബ്ലൈൻഡ് വ്യൂ മോണിറ്ററിങ്, റോൾ-ഓവർ മിറ്റിഗേഷൻ, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ, 360-ഡിഗ്രി കാമറ, ഇൻബിൽറ്റ് ഡാഷ്‌ക്യാം റെക്കോർഡർ തുടങ്ങി ഒട്ടനവധി സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
എഞ്ചിൻ കരുത്ത്
86 എച്ച്.പി കരുത്തും 113 എൻ.എം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് (NA) പെട്രോൾ എഞ്ചിനാണ് ടാറ്റ ഏറിസിന് കരുത്തേകുന്നത്. ഇതിനൊപ്പം ടാറ്റയുടെ പ്രശസ്തമായ i-CNG പവർട്രെയിൻ ഓപ്ഷനും (മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിൽ) ലഭ്യമാണ്. ബൂട്ട് സ്പേസ് പരമാവധി ഉപയോഗപ്പെടുത്തുന്നതിനായി 70-ലിറ്റർ കപ്പാസിറ്റിയുള്ള ട്വിൻ-സിലിണ്ടർ (Twin-cylinder) സാങ്കേതികവിദ്യയാണ് സിഎൻജി മോഡലുകളിൽ ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ തന്നെ 419 ലിറ്ററിന്റെ മികച്ച ബൂട്ട് സ്പേസ് സിഎൻജി വാഹനങ്ങളിലും ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

