ഹാരിയറിലൂടെ വിപണി പിടിക്കാൻ ടാറ്റ മോട്ടോർസ്; ഇ.വി മോഡലിന് ശേഷം അഡ്വഞ്ചർ എക്സ്, എക്സ് + വകഭേദങ്ങൾ പുറത്തിറക്കി
text_fieldsടാറ്റ ഹാരിയർ അഡ്വഞ്ചർ എക്സ്
ന്യൂഡൽഹി: രാജ്യത്തെ മുൻനിര വാഹനനിർമാതാക്കളായ ടാറ്റ മോട്ടോർസ് കഴിഞ്ഞ ഏതാനും മാസങ്ങളായി വാഹന വിൽപ്പനയിൽ ഏറെ പിന്നിലാണ്. ജനപ്രിയ മോഡലുകളായ നെക്‌സോൺ, പഞ്ച്, ടിയാഗോ തുടങ്ങിയ വാഹനങ്ങൾ വിപണിയിൽ സജീവമാണെങ്കിലും മറ്റ് നിർമാതാക്കളുമായി താരതമ്യം ചെയ്യുമ്പോൾ വിപണിയിൽ ഏറെ പിന്നിലായിരുന്നു. പുതിയതായി അവതരിപ്പിച്ച കർവ് ഇ.വി, അൾട്രോസ് ഫേസ് ലിഫ്റ്റ് വാഹനങ്ങൾ വേണ്ട വിധത്തിൽ വിൽപ്പന വർധിപ്പിക്കാൻ കമ്പനിക്കായില്ല. എന്നാൽ ഹാരിയർ എസ്.യു.വിക്ക് ഇലക്ട്രിക് വകഭേദം ഇന്ത്യയിൽ അവതരിപ്പിച്ചപ്പോൾ വാഹന വിൽപ്പനയിൽ നേരിയ മാറ്റം രേഖപെടുത്തിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹരിയാർ മോഡലിൽ വിപണി പിടിക്കാനായി അഡ്വഞ്ചർ വകഭേദത്തിന് എക്സ്, എക്സ് + എന്നീ രണ്ട്‍ വേരിയറ്റുകളെ ഇന്ത്യൻ നിരത്തുകളിൽ ടാറ്റ അവതരിപ്പിച്ചത്. ഇതോടൊപ്പം സഫാരിയുടെ മുഖം മിനുക്കിയെത്തുന്ന അഡ്വഞ്ചർ എക്സ് + വേരിയന്റും ടാറ്റ വിപണിയിലെത്തിച്ചിട്ടുണ്ട്.
ടാറ്റ ഹാരിയർ അഡ്വഞ്ചർ ട്രിമിന് പകരമായാണ് പുതിയ അഡ്വഞ്ചർ എക്സ് വകഭേദങ്ങൾ നിരത്തുകളിൽ എത്തുന്നത്. പഴയ മോഡലിനെ അപേക്ഷിച്ച് 55,000 രൂപ അധികം നൽകി എക്സ് മോഡലുകൾ സ്വന്തമാക്കാമെന്ന് ടാറ്റ അറിയിച്ചിട്ടുണ്ട്. ഹാരിയർ അഡ്വഞ്ചർ മോഡലിനെ അപേക്ഷിച്ച് അഡ്വഞ്ചർ എക്സ്, എക്സ് + വേരിയന്റിന് കൂടുതൽ ഫീച്ചർ അപ്‌ഗ്രേഡുകളും കോസ്മെറ്റിക് അപ്‌ഗ്രേഡും ലഭിക്കുന്നു. 18.99 ലക്ഷം രൂപ മുതൽ 19.34 ലക്ഷം വരെയാണ് അഡ്വഞ്ചർ എക്സ്, എക്സ്+ വകഭേദങ്ങളുടെ എക്സ് ഷോറൂം വില. ഈ വില 2025 ഒക്ടോബർ 31 വരെ മാത്രമായിരിക്കുമെന്നും ടാറ്റ അറിയിച്ചിട്ടുണ്ട്.
ലോവർ ഹാരിയർ വേരിയന്റുകളിൽ നിന്ന് അഡ്വഞ്ചർ എക്സ് ട്രിമുകളെ വ്യത്യസ്തമാക്കുന്നത്, സീവീഡ് ഗ്രീൻ എക്സ്റ്റീരിയർ കളർ (ടോപ്പ്-സ്പെക്ക് വേരിയന്റുകളിൽ), എക്സ്ക്ലൂസീവ് ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് ടാൻ ഇന്റീരിയർ തീം എന്നിവയാണ്. പഴയ അഡ്വഞ്ചർ വേരിയന്റിനേക്കാൾ സവിശേഷതകളും സുരക്ഷ സംവിധാനങ്ങളും പുതിയ അഡ്വഞ്ചർ എക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓട്ടോ വൈപ്പറുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, പനോരമിക് സൺറൂഫ്, 360-ഡിഗ്രി കാമറ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്പ്ലേ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 6 എയർബാഗുകൾ എന്നിവയും എക്സ് വേരിയറ്റുകളിൽ ഉൾപ്പെടുന്നു.
പുതിയ ഹാരിയർ അഡ്വഞ്ചർ എക്സ് + വേരിയന്റിൽ റിയർ ഡിസ്ക് ബ്രേക്കുകൾ, ഓട്ടോ ഹോൾഡ് ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ലെവൽ 2 ADAS സ്യൂട്ട്, മൾട്ടി ഡ്രൈവിങ് മോഡുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹാരിയർ അഡ്വഞ്ചർ എക്സ് വേരിയന്റുകളിൽ 2.0 ലിറ്റർ ഡീസൽ എൻജിൻ 6-സ്പീഡ് മാന്വൽ, 6-സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നീ രണ്ട് ഗിയർബോക്സ് ഓപ്ഷനിൽ ലഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.