'ഫാസ്ടാഗ്' ടോൾ പിരിവിൽ നിന്ന് മാത്രം ഈ വർഷം കേന്ദ്ര സർക്കാർ നേടിയത് 20,682 കോടി
text_fieldsന്യൂഡൽഹി: 2025 സാമ്പത്തിക വർഷത്തിൽ ഫാസ്ടാഗ് ടോൾ പിരിവിൽ നിന്ന് മാത്രമായി കേന്ദ്ര സർക്കാർ നേടിയത് 20,682 കോടി രൂപ. നാഷണൽ ഇലക്ട്രോണിക് ടോൾ കളക്ഷനാണ് (എൻ.ഇ.ടി.സി) ഫാസ്ടാഗ് ടോൾ പിരിവിൽ നിന്നും ലഭിച്ച തുകയുടെ കണക്കുകൾ പുറത്തുവിട്ടത്. ഇന്ത്യയിലുടനീളമുള്ള സംസ്ഥാന, ദേശീയ പാതകളിൽ നിന്നാണ് ഈ തുക ലഭിച്ചതെന്നും എൻ.ഇ.ടി.സി പറഞ്ഞു. ഇത് കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 19.6% അധിക വരുമാനം നേടാൻ സാധിച്ചിട്ടുണ്ട്.
എൻ.ഇ.ടി.സി കണക്കനുസരിച്ച് ഇതേ കാലയളവിൽ ടോൾ നൽകുന്നവരുടെ എണ്ണം നിലവിലുള്ളതിനേക്കാൾ വർധിച്ചിട്ടുണ്ട്. ഈ വർഷം ഏപ്രിൽ-മേയ് മാസങ്ങളിൽ മാത്രമായി 16.2% ഉപഭോക്താക്കൾ അധികമായി ടോൾ നൽകിയിട്ടുണ്ട്. ഇത് ഏകദേശം 117.6 കോടി രൂപയുടെ വരുമാനം ഉണ്ടായതായി എൻ.ഇ.ടി.സി പറഞ്ഞു. ഈ വർഷം തന്നെ ഏപ്രിൽ-ജൂൺ മാസത്തിൽ 100 കോടി രൂപയുടെ അധിക വരുമാനവും കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്.
രാജ്യത്ത് നിലവിലുള്ള ടോൾ നിരക്കിൽ 4 മുതൽ 5% വരെ ഏപ്രിൽ 1 മുതൽ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ വർധിപ്പിച്ചിട്ടുണ്ട്. ഇതിനിടയിലാണ് റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി വാർഷിക ഫാസ്ടാഗ് പദ്ധതി രാജ്യത്ത് അവതരിപ്പിച്ചത്. ഈ വർഷം ആഗസ്റ്റ് 15ന് പുതിയ ടോൾ പ്ലാൻ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കും. പ്രതിവർഷം 3000 രൂപയോ 200 യാത്രയോ ആണ് പുതിയ പ്ലാനിൽ ഉണ്ടാകുക. ഇത് പ്രകാരം ഒരുതവണ യാത്ര ചെയ്യാൻ 15 രൂപമാത്രം ഉപഭോക്താക്കൾ നൽകിയാൽ മതിയാകും. സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോൾ നിരക്കെന്ന മറ്റൊരു പദ്ധതിയും ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ നേരത്തെ അവതരിപ്പിച്ചിരുന്നു. വാർഷിക ടോൾ പ്ലാൻ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കാത്തവർക്ക് നിലവിലെ ടോൾ പ്ലാസ ഫീസ് ഘടനയ്ക്ക് പകരമായി 100 കിലോമീറ്റർ സഞ്ചരിക്കാൻ 50 രൂപ നൽകിയാൽ മതിയാകും.
ഇതിനുമുമ്പ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 30,000 രൂപയുടെ 15 വർഷത്തേക്കുള്ള 'ലൈഫ് ടൈം ഫാസ്ടാഗ്' പ്ലാൻ സർക്കാർ ഉപേക്ഷിച്ചിരുന്നു. പുതിയ വാർഷിക ടോൾ പ്ലാനിൽ നിലവിലെ ഫാസ്ടാഗ് ഇൻഫ്രാസ്ട്രക്ചർ ഉപയോഗിക്കും. പിന്നീട് ടോൾ ബൂത്തുകൾക്ക് പകരം ജി.പി.എസിനെയും ഓട്ടോമേറ്റഡ് വെഹിക്കിൾ ട്രാക്കിങ്ങിനെയും ഉപയോഗപ്പെടുത്തുമെന്നും ഗഡ്കരി പ്രഖ്യാപിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.