എടാ മോനെ! കാത്തിരിപ്പിന് വിരാമമിട്ട് മാസ് എൻട്രിയുമായി 'ടെസ്‌ല' ഇന്ത്യയിൽ
text_fieldsടെസ്‌ല മോഡൽ വൈ
മുംബൈ: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ലയുടെ ആദ്യ ഇലക്ട്രിക് വാഹനം ഇന്ത്യയിൽ അവതരിപ്പിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമംകുറിച്ചാണ് ടെസ്‌ല 'മോഡൽ വൈ' ഇന്ത്യൻ വിപണിയിലേക്കത്തുന്നത്. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലാണ് കമ്പനിയുടെ ആദ്യത്തെ ഷോറൂം പ്രവർത്തിക്കുന്നത്. സ്റ്റാൻഡേർഡ്, ലോങ്ങ് റേഞ്ച് എന്നീ രണ്ട് വകഭേദങ്ങളിലായാണ് ടെസ്‌ല മോഡൽ വൈ ഇന്ത്യൻ വിപണിയിലേക്കെത്തുന്നത്. സ്റ്റാൻഡേർഡ് റിയർ-വീൽ ഡ്രൈവിന് 59.89 ലക്ഷം എക്സ് ഷോറൂം വില വരുമ്പോൾ ലോങ്ങ് റേഞ്ച് റിയർ-വീൽ വകഭേദത്തിന് 67.89 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.
ടെസ്‌ല 'മോഡൽ വൈ' ഇന്ത്യ-സ്പെക്
സ്റ്റാൻഡേർഡ് വകഭേദത്തിൽ ഇന്ത്യയിലെത്തിയ മോഡൽ വൈ ഒറ്റ ചാർജിൽ 500 കിലോമീറ്റർ സഞ്ചരിക്കുമെന്ന് ടെസ്‌ല അവകാശപ്പെടുന്നുണ്ട്. വാഹനം 0-100 കി.മി സഞ്ചരിക്കാൻ 5.9 സെക്കന്റ് മാത്രമാണ് എടുക്കുന്നത്. മോഡൽ വൈ ലോങ്ങ് റേഞ്ച് വകഭേദം ഒറ്റ ചാർജിൽ 622 കിലോമീറ്റർ സഞ്ചരിക്കും. ഇതിനു 0-100 കി.മി സഞ്ചരിക്കാൻ 5.6 സെക്കന്റ് മതിയാകും. രണ്ട് വകഭേദങ്ങളും റിയർ-വീൽ ഡ്രൈവ് ആയതിനാൽ ഏറ്റവും ടോപ് സ്പീഡ് വരുന്നത് 201 കെ.പി.എച്ചാണ് (kilometers per hour).
15.3- ഇഞ്ചിന്റെ ഒരു വലിയ ടച്ച്സ്ക്രീൻ, പവേർഡ്, ഹീറ്റഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർ ടു-വേ ഫോൾഡിംഗ്, ഹീറ്റഡ് റിയർ സീറ്റുകൾ, 9-സ്പീക്കറുകളുള്ള ഓഡിയോ സിസ്റ്റം, 8-ഇഞ്ച് റിയർ ടച്ച്‌സ്‌ക്രീൻ, ആംബിയന്റ് ലൈറ്റിങ്, പവേർഡ് ഫ്രണ്ട് ആൻഡ് റിയർ എസി-വെന്റുകൾ, 8 എക്സ്റ്റീരിയർ കാമറകൾ, പനോരമിക് ഗ്ലാസ് സൺറൂഫ് തുടങ്ങിയ ആധുനിക സംവിധാനങ്ങൾ മോഡൽ വൈയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഉപഭോക്താക്കൾ ആറ് ലക്ഷം രൂപ അധികമായി നൽകിയാൽ ടെസ്‌ലയുടെ പ്രശസ്തമായ ഓട്ടോ പൈലറ്റ് (ഓട്ടോണമസ് ഡ്രൈവിങ്) സവിശേഷത ഉപയോഗിച്ച് മോഡൽ വൈ സജ്ജീകരിക്കാനും കഴിയും.
ടെസ്‌ല മുഴുവൻ ഇലക്ട്രിക് വാഹനങ്ങൾക്കും നാല് വർഷം അല്ലെങ്കിൽ 80,000 കിലോമീറ്ററാണ് വാറന്റി നൽകുന്നത്. ബാറ്ററി, ഡ്രൈവ് യൂണിറ്റിന് എട്ട് വർഷം അല്ലെങ്കിൽ 1,92,000 കിലോമീറ്റർ വാറന്റി നൽകുന്നുണ്ട്. പൂർണമായും ഇറക്കുമതിചെയ്യുന്ന വാഹനം മത്സരാധിഷ്ഠിതമായ വിപണിയിലേക്കാണ് കടന്നുവരുന്നത്. കിയ ഇ.വി 9, വോൾവോ സി40 എന്നീ മോഡലുകളോടാകും ടെസ്‌ല മോഡൽ വൈ നേരിട്ട് മത്സരിക്കുന്നത്. സ്റ്റാൻഡേർഡ് മോഡലുകൾ ആഗസ്റ്റ് മാസം മുതലും ലോങ്ങ് റേഞ്ച് വകഭേദം ഒക്ടോബർ മുതലും ഡെലിവറി ചെയ്യാൻ സാധിക്കുമെന്നും കമ്പനി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.