കാത്തിരിപ്പിന് വിരാമം; വിൻഫാസ്റ്റ് ഇ.വികൾ സെപ്റ്റംബർ 6ന് വിപണിയിൽ എത്തും
text_fieldsVinFast VF6
ചെന്നൈ: 2025 ഭാരത് മൊബിലിറ്റി ആഗോള പ്രദർശന മേളയിൽ വിയറ്റ്നാമീസ് വാഹനനിർമാതാക്കളായ വിൻഫാസ്റ്റ് അവതരിപ്പിച്ച VF6, VF7 മോഡലുകൾ സെപ്റ്റംബർ 6ന് വിപണിയിൽ എത്തുമെന്ന് കമ്പനി അറിയിച്ചു. നേരത്തെ ഇന്ത്യൻ പ്രദർശന മേളയിൽ അവതരിപ്പിച്ച വാഹനത്തിന്റെ ഫീച്ചറുകളെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാൽ പൂർണമായും സെപ്റ്റംബർ ആറിനാകും അവ പുറത്തു വിടുകയെന്ന് വിൻഫാസ്റ്റ് പറഞ്ഞു. ജൂലൈ 15 മുതലാണ് 21,000 രൂപ ടോക്കൺ അഡ്വാൻസിൽ വാഹനങ്ങൾ ബുക്ക് ചെയ്യാനുള്ള സംവിധാനം കമ്പനി ഏർപ്പെടുത്തിയത്.
2017ലാണ് വിയറ്റ്നാമീസ് ഓട്ടോമോട്ടീവ് കമ്പനിയായ വിൻഫാസ്റ്റ് മോട്ടോർസ് സ്ഥാപിതമാകുന്നത്. 'ഹൈഫോങ്' ആസ്ഥാനമായി പ്രവർത്തിക്കുന്ന വിൻഫാസ്റ്റ്, കാറുകൾ, സ്കൂട്ടറുകൾ, ബസുകൾ എന്നിവയുൾപ്പെടെയുള്ള ഇലക്ട്രിക് വാഹനങ്ങൾ (ഇ.വി) നിർമ്മിക്കുന്നതിൽ ഏറെ വൈദഗ്ധ്യം നേടിയ നിർമാണ കമ്പനിയാണ്. വിൻഫാസ്റ്റ് മോട്ടോഴ്സിന്റെ വി.എഫ് 7, വി.എഫ് 6 എന്നീ രണ്ട് മോഡലുകളുടെ ബുക്കിങ് ആണ് കമ്പനി ആരംഭിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ സ്ഥാപിച്ച നിർമാണ പ്ലാന്റ് കഴിഞ്ഞ മാസം മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നാടിന് സമർപ്പിച്ചിരുന്നു.
വിൻഫാസ്റ്റ് വി.എഫ് 6
വിൻഫാസ്റ്റ് മോട്ടോർസ് ഇന്ത്യയിൽ അവതരിപ്പിക്കുന്ന സ്‌പോർട്ടി കൂപ്പെ-എസ്.യു.വിയാണ് വി.എഫ് 6. ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്, ടാറ്റ കർവ് ഇ.വി എന്നിവയോട് നേരിട്ട് മത്സരിക്കുന്ന വി.എഫ് 6 ഒറ്റ ചാർജിൽ 399 കിലോമീറ്റർ സഞ്ചരിക്കാവുന്ന ഇക്കോ വേരിയന്റും 381 കിലോമീറ്റർ റേഞ്ച് നൽകുന്ന പ്ലസ് വേരിയന്റും വിപണിയിലെത്തും. 59.6 kWh ബാറ്ററി പാക്കിൽ എത്തുന്ന വകഭേദത്തിന്റെ ഇക്കോ വേരിയന്റ് 174 എച്ച്.പി കരുത്തും 250 എൻ.എം പീക് ടോർക്കും ഉൽപാദിപ്പിക്കും. പ്ലസ് വേരിയന്റ് 201 എച്ച്.പി കരുത്തിൽ 310 എൻ.എം മാക്സിമം ടോർക്ക് ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതുമാണ്. 4,241 എം.എം നീളവും 1,834 എം.എം വീതിയും 1,580 എം.എം ഉയരവും 2,730 എം.എം വീൽബേസും ഉള്ള വി.എഫ് 6 ഫ്രണ്ട്-വീൽ ഡ്രൈവ് മോഡലിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
വിൻഫാസ്റ്റ് വി.എഫ് 7
75.3kWh ബാറ്ററി പാക്കിൽ ഇക്കോ, പ്ലസ് വകഭേദത്തിൽ വിപണിയിലെത്തുന്ന ഇലക്ട്രിക് മോഡലാണ് വി.എഫ് 7. ഒറ്റ ചാർജിൽ 450 കിലോമീറ്റർ റേഞ്ച് വി.എഫ് 7 വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഫ്രണ്ട്-വീൽ ഡ്രൈവ് പവർട്രെയിനിൽ എത്തുന്ന ഇക്കോ മോഡൽ 201 എച്ച്.പി കരുത്തും 310 എൻ.എം ടോർക്കും ഉൽപാദിപ്പിക്കും. കൂടാതെ പ്ലസ് വേരിയന്റിന് ഡ്യുവൽ-മോട്ടോർ ഓൾ-വീൽ-ഡ്രൈവ് ആയതിനാൽ 348 എച്ച്.പി കരുത്തും 500 എൻ.എം മാക്സിമം ടോർക്കും ഉൽപാദിപ്പിക്കാൻ ഈ എൻജിന് സാധിക്കും.
ഇക്കോ പതിപ്പിൽ 12.9 ഇഞ്ചും പ്ലസ് വകഭേദത്തിൽ 15 ഇഞ്ചും ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉൾപെടുമെന്നാണ് പ്രതീക്ഷ. കൂടാതെ പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് സീറ്റ്, 8-വേ പവർ അഡ്ജസ്റ്റ്മെന്റ് ചെയ്യാൻ സാധിക്കുന്ന ഡ്രൈവർ സീറ്റ് എന്നിവയും പ്രതീക്ഷിക്കുന്നുണ്ട്. വാഹനത്തിന്റെ മോഡൽ അനുസരിച്ചുള്ള വില സെപ്റ്റംബർ 6ന് പുറത്തുവിടുമെന്നും വിൻഫാസ്റ്റ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.