ടൂറിസ്റ്റ് ബസുകൾക്ക് ഇഷ്ടമുള്ള നിറം കൊടുക്കാം; വെള്ളനിറം കളർ കോഡാക്കിയത് പിൻവലിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം കളർ കോഡാക്കിയത് പിൻവലിച്ചു. ഉടമകൾക്ക് ബസിന് ഇഷ്ടമുള്ള നിറം അടിക്കാം. ഇതുമായി ബന്ധപ്പെട്ട് സർക്കാർ വിജ്ഞാപനം പുറത്തിറക്കി.
എന്നാൽ, ഹൈകോടതിയുടെ മാനദണ്ഡം പാലിക്കണം. ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറം മാറ്റാൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി നേരത്തെ അനുമതി നൽകിയിരുന്നു. 2022ലെ വടക്കാഞ്ചേരി അപകടത്തെ തുടർന്നാണ് ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത കളര്‍ കോഡ് കൊണ്ടുവന്നത്. അന്ന് ഗതാഗത മന്ത്രി ആന്‍റണി രാജുവും സർക്കാറും ചേർന്ന് പുറത്തിറക്കിയ ഉത്തരവിന് കോടതി അംഗീകാരം നൽകുകയും ചെയ്തു.
2021 ആഗസ്റ്റ് 11ലെ കളർ കോഡ് തീരുമാനം ട്രാൻസ്പോർട്ട് അതോറിറ്റി പുനഃപരിശോധിക്കണമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. ആൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് (പെർമിറ്റ്) റൂൾസ്, 2023 കണക്കിലെടുത്ത് ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കണമെന്നും റോഡ് സുരക്ഷ മുൻനിർത്തിയുള്ള 2019ലെ ഹൈകോടതി വിധിയും നിർദേശങ്ങളും പൂർണ്ണമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സർക്കാർ വ്യക്തമാക്കി.
ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറവും ഡ്രൈവിങ് സ്‌കൂളുകളിലെ വാഹനത്തിന്‍റെ മുന്നിലും പിന്നിലും മഞ്ഞനിറവും നല്‍കാനായിരുന്നു ഉത്തരവ്. റോഡ് സുരക്ഷയും വാഹനങ്ങളുടെ നിറവും തമ്മിൽ ബന്ധമില്ലെന്നും ഏകീകൃത നിറം തങ്ങളുടെ വ്യവസായത്തെ ബാധിക്കുമെന്നും കാണിച്ച് എസ്.ടി.എക്ക് ബസ് ഉടമകൾ പരാതി നൽകിയിരുന്നു. എന്നാൽ കുറച്ചുപേർ നിറം മാറ്റം അംഗീകരിച്ചതിനെ തുടർന്ന് ഉത്തരവ് നടപ്പാക്കുകയായിരുന്നു.
ടൂറിസ്റ്റ് ബസുകളുടെ ബോഡിയിലും ഗ്ലാസിലും സിനിമാ താരങ്ങളുടെ ഉള്‍പ്പെടെയുള്ള ഭീമന്‍ ചിത്രങ്ങളും എഴുത്തുകളും അനുവദിക്കാനാകില്ലെന്ന് 2019 ഒക്ടോബര്‍ ഒന്നിന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ചാണ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വെള്ളനിറം കര്‍ശനമാക്കിയത്.
കെ.ബി. ഗണേഷ് കുമാർ ഗതാഗത മന്ത്രി ആയതിനു ശേഷം ടൂറിസ്റ്റ് ബസ് ഉടമകൾ വെള്ള നിറത്തിനെതിരെ എതിർപ്പ് അറിയിക്കുകയും തുടര്‍ന്ന് പെറ്റീഷൻ എസ്.ടി.എയിലെത്തുകയും ചെയ്തു. കേരള മോട്ടോർ വെഹിക്കിൾ ആക്ടിൽ ഭേദഗതി വരുത്തി സർക്കാറിന് തീരുമാനം എടുക്കാമെന്നും ട്രാൻസ്പോർട്ട് അതോറിറ്റിക്ക് എതിർപ്പില്ലെന്നുമാണ് അന്ന് റിപ്പോർട്ട് നൽകിയത്.
അതേസമയം ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം നല്‍കിയതിന് ശേഷം വലിയ അപകടങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

