ഐക്യൂബിന് പിന്നാലെ പുതിയ ഇലക്ട്രിക് സ്കൂട്ടറുമായി ടി.വി.എസ്; വിജയം ആവർത്തിക്കാൻ 'ഓർബിറ്റർ' നിർത്തുകളിൽ
text_fieldsടി.വി.എസ് ഓർബിറ്റർ
ന്യൂഡൽഹി: ഇന്ത്യൻ ഇരുചക്രവാഹന നിർമാതാക്കളായ ടി.വി.എസ്, ഐക്യൂബ് ഇ.വി സ്കൂട്ടറിന് ശേഷം പുതിയ ഇലക്ട്രിക് സ്കൂട്ടറായ ഓർബിറ്റർ വിപണിയിൽ അവതരിപ്പിച്ചു. പ്രധാനമന്ത്രി ഇ-ഡ്രൈവ് സ്കീം അടിസ്ഥാമാക്കി 99,900 രൂപയാണ് ഡൽഹി, ബംഗളൂരു നഗരങ്ങളിലെ എക്സ് ഷോറൂം വില.
ഇന്ത്യൻ ഡ്രൈവിങ് സൈക്കിൾ (ഐ.ഡി.സി) അടിസ്ഥാനമാക്കി ഒറ്റ ചാർജിൽ 158 കിലോമീറ്റർ ഓർബിറ്റർ സഞ്ചരിക്കുമെന്ന് ടി.വി.എസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. 3.1 kWh ബാറ്ററി പക്കാണ് ടി.വി.എസ് ഓർബിറ്ററിന്റെ കരുത്ത്. ഏറ്റവും ന്യൂതന സാങ്കേതിക വിദ്യയുമായെത്തുന്ന ഓർബിറ്റർ ഇരുചക്ര വാഹന വിപണിയിലെ ആദ്യത്തെ 14 ഇഞ്ച് ടയറുമായാണ് (മുൻ വശത്ത്) വിപണിയിലെത്തുന്നത്. കൂടാതെ ക്രൂയിസ് കണ്ട്രോൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, റീ ജനറേറ്റീവ് ബ്രേക്കിങ്, രണ്ട് ഹെൽമെറ്റുകൾ സൂക്ഷിക്കാവുന്ന 34 ലിറ്റർ ബൂട്ട് സ്പേസ് എന്നിവയും ഓർബിറ്ററിന്റെ പ്രത്യേകതയാണ്.
എൽ.സി.ഡി കളർ ക്ലസ്റ്റർ ഡിസ്പ്ലേ, കോൾ, മെസ്സേജ് നോട്ടിഫിക്കേഷൻ, സ്മാർട്ഫോൺ കണക്റ്റഡ് അപ്ലിക്കേഷൻ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ജിയോ-ഫെൻസിങ്, ടൈം ഫെൻസിങ്, ക്രാഷ്/ഫാൾ അലർട്ട്, ആന്റി-തെഫ്റ്റ് നോട്ടിഫിക്കേഷൻ, ഒ.ടി.എ (ഓവർ-ദി-എയർ) സോഫ്റ്റ്‌വെയർ അപ്ഡേറ്റ്സ് മുതലായവയും ഓർബിറ്ററിൽ ലഭിക്കും. മികച്ച യാത്രനുഭവം വാഗ്‌ദാനം ചെയ്യാൻ സാധിക്കുന്ന 845 എം.എം ഫ്ലാറ്റ്‌ഫോം സീറ്റ്, സ്ട്രൈറ്റ്-ലൈൻ ഫുട്‍ബോർഡ്, 169 എം.എം ഗ്രൗണ്ട് ക്ലിയറൻസ്, എമർജൻസി നോട്ടിഫിക്കേഷൻ, ലൈവ് ട്രാക്കിങ് തുടങ്ങിയ ഫീച്ചറുകളും ഓർബിറ്ററിന്റെ പ്രത്യേകതയാണ്.
ഏഥറിന്റെ ഫാമിലി സ്കൂട്ടർ റിസ്തയുമായി നേരിട്ട് മത്സരിക്കാനാണ് ടി.വി.എസ് ഓർബിറ്ററിനെ പുറത്തിറക്കിയിരിക്കുന്നത്. ഐക്യൂബിൽ നിന്നും തികച്ചും വ്യത്യസ്തമായൊരു ഡിസൈൻ പാറ്റേണിലാണ് ഓർബിറ്റർ വിപണിയിൽ എത്തിയത്. നിയോൺ സൺബേസ്റ്റ്, സ്റ്റാറെറ്റോ ബ്ലൂ, ലൂണാർ ഗ്രേ, സ്റ്റെല്ലർ സിൽവർ, കോസ്മിക് ടൈറ്റാനിയം, മാർഷൻ കോപ്പർ തുടങ്ങി ആറു നിറങ്ങളിൽ മൾട്ടി കളർ ഫോർമാറ്റിലാണ് പുതിയ സ്കൂട്ടർ ലഭിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.