സർവീസ് ശൃംഖല മെച്ചപ്പെടുത്താൻ ഇന്ത്യൻ ഓട്ടോമോട്ടീവ് ഭീമന്മാരായ 'മൈ ടി.വി.എസിന്' കൈകൊടുത്ത് വിൻഫാസ്റ്റ്
text_fieldsന്യൂഡൽഹി: വിയറ്റ്നാമീസ് ഇലക്ട്രിക് വാഹനനിർമ്മാതാക്കളായ വിൻഫാസ്റ്റ് മോട്ടോർസ് ഇന്ത്യൻ വിപണിയിലേക്കുള്ള ഔദ്യോഗിക വരവറിയിച്ചതിനു പിന്നാലെ ഇന്ത്യൻ ഓട്ടോമോട്ടീവ് ഭീമന്മാരായ മൈ ടി.സി.എസിന് കൈകൊടുത്തു. ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനാനന്തര സർവീസ് ശൃംഖലക്ക് കൂടുതൽ കരുത്തേകാനാണ് മൈ ടി.വിഎസുമായി ചേർന്ന് പ്രവർത്തിക്കുന്നതെന്ന് വിൻഫാസ്റ്റ് മാനേജ്മെന്റ് പറഞ്ഞു. ഇ.വി വിപണിയിൽ അവതരിപ്പിക്കുന്ന VF 7, VF 6 മോഡലുകളുടെ ലോഞ്ചിന് മുമ്പുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണിത്.
ഇരു കമ്പനികളുടെയും സഹകരണത്തോടെ രാജ്യത്തുടനീളം 120 വിപുലീകൃത സർവീസ് സെന്ററുകൾ ആരംഭിക്കും. ഇവ വിൻഫാസ്റ്റിന്റെ എക്സ്ക്യൂട്ടീവ് ഡീലർഷിപ്പുകളോടൊപ്പം പ്രവർത്തിക്കും. ഇതിലൂടെ വാഹനത്തിന്റെ സർവീസ്, പരിപാലനം എന്നിവ നേരിട്ട് ഉപഭോക്താക്കളിലേക്കെത്തിക്കാനാണ് കമ്പനിയുടെ നീക്കം.
ഇത് പ്രകാരം മൈ ടി.വി.എസ് സർവീസ് സെന്ററുകളിൽ വാഹനത്തിന്റെ യഥാർത്ഥ പാർട്സുകൾ, നൂതന ഡയഗ്നോസ്റ്റിക് ഉപകരണങ്ങൾ, വിൻഫാസ്റ്റിന്റെ ഇലക്ട്രിക് വാഹനങ്ങൾക്കായി പ്രത്യേകം പരിശീലനം നേടിയ സാങ്കേതിക ജീവനക്കാർ എന്നിവ ഉണ്ടായിരിക്കും. ഉപഭോക്താക്കൾക്ക് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക ടോൾ-ഫ്രീ ഹെൽപ്പ്ലൈനും ഇമെയിൽ ഐഡിയും വിൻഫാസ്റ്റ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.
ആദ്യഘട്ടത്തിൽ വിയറ്റ്നാമിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾ പിന്നീട് ഇന്ത്യയിൽ നിർമ്മിക്കും. 2 ബില്യൺ ഡോളർ നിക്ഷേപത്തോടെ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ പുതിയ നിർമ്മാണ പ്ലാന്റും വിൻഫാസ്റ്റ് ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ പ്ലാന്റിൽ നിന്നും 50,000 യൂനിറ്റ് വാഹനം വാർഷിക അടിസ്ഥാനത്തിൽ നിർമ്മിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. പിന്നീട് അത് 1.5 ലക്ഷം യൂനിറ്റായി ഉയർത്തും.
സർവീസ് സെന്ററുകൾക്ക് പുറമെ ചാർജിങ് സ്റ്റേഷനുകളുടെ നിർമ്മാണവും കമ്പനി ലക്ഷ്യമിടുന്നുണ്ട്. നഗര പ്രദേശങ്ങൾ കൂടാതെ ഗ്രാമ പ്രദേശങ്ങൾ കൂടെ ശ്രദ്ധ കേന്ദ്രികരികരിച്ചുകൊണ്ട് ഇന്ത്യയിൽ ഒരു സമ്പൂർണ ഇ.വി ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഇന്ത്യയിൽ അവതരിപ്പിക്കുന്ന രണ്ടു മോഡലുകളിൽ VF 7 ആയിരിക്കും ആദ്യമെത്തുന്നത്. ഇത് ഫ്രണ്ട് വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എന്നിങ്ങനെ രണ്ട് ഡ്രൈവിങ് മോഡുകൾ ലഭിക്കും. ഈ രണ്ട് പതിപ്പിലും 75.3 kWh ബാറ്ററി ഓപ്ഷനാണ് ലഭിക്കുക. ആദ്യ വാഹനം 204 ബി.എച്ച്.പി കരുത്ത് പകരുമ്പോൾ രണ്ടാമത്തെ ഡ്രൈവ് മോഡ് 354 ബി.എച്ച്.പി കരുത്തേകും. വാഹനത്തിന്റെ ഇക്കോ വകഭേദം 450 കിലോമീറ്ററും പ്ലസ് വകഭേദം 431 കിലോമീറ്റർ റേഞ്ചും നൽകുമെന്ന് വിൻഫാസ്റ്റ് അവകാശപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.