ഹൈബ്രിഡ് കരുത്തുമായി യമഹ FZ X; വില 1.50 ലക്ഷം
text_fieldsYamaha FZ X
മുംബൈ: ജാപ്പനീസ് ഇരുചക്ര വാഹനനിർമ്മാതാക്കളായ യമഹ മോട്ടോർ കമ്പനി അവരുടെ രണ്ടാമത്തെ ഹൈബ്രിഡ് മോട്ടോർ സൈക്കിളായ FZ X ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ആദ്യ മോഡലായ FZ Sൽ നിന്നും വ്യത്യസ്തമായാണ് FZ Xന്റെ നിർമ്മാണം. കൂടുതൽ ഇന്ധനക്ഷമതയും ഫ്യൂൽ സേവിങ് ടെക്നോളജിയും ഉൾപ്പെടുത്തിയ മോട്ടോർ സൈക്കിളിന് 1.50 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.
സാധാരണ മോഡലുകളെ അപേക്ഷിച്ച് FZ S ഹൈബ്രിഡിന്റെ അതേ സാങ്കേതിക വിദ്യയാണ് FZ X ഹൈബ്രിഡ് മോഡലിൽ ഉൾപെടുത്തിയിട്ടുള്ളത്. അതായത് ശബ്‌ദരഹിത സ്റ്റാർട്ട്/സ്റ്റോപ്പ് ടെക്നോളജിയിൽ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ (ഐ.എസ്.ജി) സംവിധാനം ഒരുക്കിയിട്ടുണ്ട്. FZ Sന് ലഭിക്കുന്ന ഡാഷിന്റെ എല്ലാ അധിക പ്രവർത്തികളും നിയന്ത്രിക്കുന്നതിനായി പുതുക്കിയ സ്വിച്ച് ഗിയറുള്ള ഒരു 4.2 ഇഞ്ച് കളർ ടി.എഫ്.ടി ഡിസ്‌പ്ലേയും FZ X ഹൈബ്രിഡിന് ലഭിക്കും.
149 സി.സി സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിനാണ് FZ X ഹൈബ്രിഡിന്റെ കരുത്ത്. ഇത് യഥാക്രമം 12.4 എച്ച്.പി പവറും 13.3 എൻ.എം ടോർക്കും ഉൽപാദിപ്പിക്കും. ഇതോടൊപ്പം ഒരു 5 സ്പീഡ് മാനുൽ ഗിയർ ബോക്‌സാണ് യമഹ FZ X ഹൈബ്രിഡിന് നൽകിയിട്ടുള്ളത്.
യമഹയുടെ 150 സി.സി FZ X ഹൈബ്രിഡ് മോട്ടോർ സൈക്കിൾ പ്രധാനമായും ഇന്ധനക്ഷമത അടിസ്ഥാനമാക്കി നിർമ്മിച്ചിട്ടുള്ളതാണ്. അതിനാൽ തന്നെ അമിതമായ പ്രകടനം ഈ ബൈക്കിൽ നിന്നും പ്രതീക്ഷിക്കാൻ സാധിക്കില്ല. 141 കിലോഗ്രാം ഭാരമാണ് പുതിയ ഹൈബ്രിഡ് വകഭേദത്തിനുള്ളത്. ഇത് സ്റ്റാൻഡേർഡ് ആയി ലഭിക്കുന്ന FZനേക്കാൾ രണ്ട് കിലോഗ്രാം അധികമാണ്. നിലവിൽ സ്വർണ നിറമുള്ള വീലുകളിൽ മാറ്റ് ഗ്രീൻ നിറത്തിലാണ് വാഹനം രാജ്യത്ത് അവതരിപ്പിച്ചിട്ടുള്ളത്. ഇതിന് സ്റ്റാൻഡേർഡ് FZനേക്കാൾ 20,000 രൂപയും FZ Sനേക്കാൾ 5,000 രൂപയും അധികം നൽകണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.