Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാർ പാർക്കിങ്ങിലെ ഈ തെറ്റ് ഗിയർബോക്സിന് പണിയാകും

text_fields
bookmark_border
എല്ലാ ഓട്ടോമാറ്റിക് കാറുകളിലും പാർക്കിങ് ബ്രേക്ക് പ്രവർത്തിപ്പിക്കുന്ന രീതിയും ഗിയർ മാറ്റേണ്ട ക്രമവും ഒരുപോലെയല്ല
കാർ പാർക്കിങ്ങിലെ ഈ  തെറ്റ് ഗിയർബോക്സിന് പണിയാകും
cancel

യാത്ര കഴിഞ്ഞ് വീട്ടിലെത്തി. കാർ മുറ്റത്ത് ഒതുക്കി നിർത്തി. ഗിയർ നേരെ 'P'യിലേക്ക് മാറ്റി, ഹാൻഡ് ബ്രേക്ക് വലിച്ച് എൻജിൻ ഓഫ് ചെയ്തു. ഇറങ്ങാൻ നേരം ഗിയർ ലിവറിൽ ഒരു ചെറിയ മാറ്റം മാത്രം! ഇത്രയല്ലേ കാര്യം?

എന്നാൽ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? പ്രത്യേകിച്ച് കയറ്റത്തിലോ ഇറക്കത്തിലോ കാർ പാർക്ക് ചെയ്യുമ്പോൾ ഈ ചെറിയ ശീലം ഗിയർബോക്സിലെ ഒരു പ്രധാന ഭാഗത്തിന് അധിക സമ്മർദം നൽകാം. കാലക്രമേണ അത് തകരാറുകൾക്കും വലിയ അറ്റകുറ്റപ്പണിച്ചെലവിനും കാരണമായേക്കാം. ഓട്ടോമാറ്റിക് കാർ ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണിത്.

ഓട്ടോമാറ്റിക് ഗിയർബോക്സിൽ 'P' മോഡിലേക്ക് മാറ്റുമ്പോൾ വാഹനം ഉറപ്പിച്ചുനിർത്താൻ പ്രവർത്തിക്കുന്ന സംവിധാനമാണ് 'പാർക്കിങ് പോൾ'. ഗിയർബോക്സിനുള്ളിലെ പല്ലുള്ള ചക്രത്തിൽ ഈ ലോഹഭാഗം ഉറപ്പിച്ചാണ് വാഹനം ഉരുളുന്നത് തടയുന്നത്.

കാർ ചരിവുള്ള സ്ഥലത്ത് നിർത്തിയശേഷം പാർക്കിങ് ബ്രേക്ക് ഉപയോഗിക്കാതെ നേരെ 'P'യിലേക്ക് മാറ്റി ഫൂട്ട് ബ്രേക്കിൽനിന്ന് കാലെടുത്താൽ വാഹനത്തിന്റെ ഭാരം ഈ ചെറിയ സംവിധാനത്തിൽ താങ്ങിനിൽക്കാം. ഇതുമൂലം പാർക്കിങ് പോളിന് അധിക സമ്മർദമുണ്ടാകാം. പിന്നീട് 'P'യിൽനിന്ന് ഗിയർ മാറ്റുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടാനും സാധ്യതയുണ്ട്.

ഇനി കാർ പാർക്ക് ചെയ്യുമ്പോൾ ഈ രീതി പിന്തുടരാം

  • കാർ പൂർണമായി നിർത്തി ഫൂട്ട് ബ്രേക്ക് അമർത്തിപ്പിടിക്കുക.
  • ഗിയർ 'N' (ന്യൂട്രൽ) മോഡിലേക്ക് മാറ്റുക.
  • ഹാൻഡ് ബ്രേക്ക് അഥവാ പാർക്കിങ് ബ്രേക്ക് പൂർണമായി പ്രവർത്തിപ്പിക്കുക.
  • ഫൂട്ട് ബ്രേക്കിൽനിന്ന് പതുക്കെ കാലെടുത്ത് വാഹനത്തിന്റെ ഭാരം പാർക്കിങ് ബ്രേക്കിൽ താങ്ങിനിൽക്കുന്നുവെന്ന് ഉറപ്പാക്കുക.
  • വീണ്ടും ഫൂട്ട് ബ്രേക്ക് അമർത്തി ഗിയർ 'P' (പാർക്ക്) മോഡിലേക്ക് മാറ്റുക.
  • തുടർന്ന് എൻജിൻ ഓഫ് ചെയ്യാം.

എല്ലാ ഓട്ടോമാറ്റിക് കാറുകളിലും പാർക്കിങ് ബ്രേക്ക് പ്രവർത്തിപ്പിക്കുന്ന രീതിയും ഗിയർ മാറ്റേണ്ട ക്രമവും ഒരുപോലെയല്ല. ചില കാറുകളിൽ ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക് സ്വയം പ്രവർത്തിക്കാം. അതിനാൽ സ്വന്തം വാഹനത്തിന്റെ മാനുവലിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ പാലിക്കണം.

കാർ പാർക്ക് ചെയ്യുമ്പോൾ 'P' മോഡിനൊപ്പം പാർക്കിങ് ബ്രേക്കിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഈ ചെറിയ കാര്യം ശ്രദ്ധിച്ചാൽ അനാവശ്യ സമ്മർദത്തിൽനിന്ന് ഗിയർബോക്സിനെ സംരക്ഷിക്കാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - How to Park an Automatic Car Correctly
Next Story