ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിക്കുന്നു; ലേണേഴ്‌സ് ടെസ്റ്റിന് ശേഷവും ഗ്രൗണ്ട് ടെസ്റ്റിന് മുമ്പും മറ്റൊരു പരീക്ഷ!
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് നടപടികൾ പരിഷ്‌ക്കരിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ലേണേഴ്‌സ് ടെസ്റ്റിന് ശേഷവും ഗ്രൗണ്ട് ടെസ്റ്റിന് മുമ്പുമായി മറ്റൊരു പരീക്ഷ കൂടി നടത്താനാണ് എം.വി.ഡിയുടെ തീരുമാനം. ലേർണിങ് ടെസ്റ്റ് പാസായ ശേഷം 30 ദിവസത്തിനുള്ളിലാണ് പരീക്ഷ.
നിലവിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ ലേണേഴ്‌സ് ടെസ്റ്റ്, ഗ്രൗണ്ട് ടെസ്റ്റ്, റോഡ് ടെസ്റ്റ് എന്നിങ്ങനെ മൂന്ന് തരം പരീക്ഷകൾ വിജയിക്കേണ്ടതുണ്ട്. ടെസ്റ്റുകൾ വിജയകരമായി പൂർത്തിയാക്കിയാലും ഡ്രൈവർമാരുടെ അശ്രദ്ധമൂലം നിരവധി അപകടങ്ങളാണ് വർഷംതോറും നടക്കുന്നത്. ഇതിനൊരു പരിഹാരവുമായാണ് മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തുന്നത്.
വിദേശ രാജ്യങ്ങളിൽ നടപ്പിലാക്കുന്ന 'ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്' സംസ്ഥാനത്തും നടപ്പിലാക്കാനാണ് എം.വി.ഡി ശ്രമിക്കുന്നത്. തീർത്തും കമ്പ്യൂട്ടർ അധിഷ്ഠിതമായ ഒരു ഗെയിമിങ് ടെസ്റ്റാണിത്. രണ്ട് മിനുട്ട് ദൈർഘ്യമുള്ള പത്ത് ചോദ്യങ്ങളാണ് ഈ പരീക്ഷയിൽ ലൈസൻസ് നേടുന്നയാൾ നേരിടേണ്ടത്. ഓരോ രണ്ട് മിനുട്ടിലെ ചോദ്യങ്ങളിലും ഓരോ അപകടങ്ങൾ പതിയിരിക്കുന്നുണ്ടാകും. അവ മുൻകൂറായി കണ്ടെത്തി പരിഹരിക്കുന്നതാണ് പരീക്ഷയുടെ രീതി. ഒരു ചോദ്യത്തിന് പത്ത് മാർക്ക് വെച്ച് പത്ത് ചോദ്യത്തിന് 100 മാർക്കാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ ആറ് ചോദ്യങ്ങൾ ശരിയാക്കി 60 മാർക്ക് നേടുന്നവർക്ക് തുടർന്നുള്ള ഗ്രൗണ്ട്, റോഡ് ടെസ്റ്റുകളിൽ പങ്കെടുക്കാം.
വാഹനം ഓടിക്കുന്ന വേളയിൽ അപകടങ്ങൾ മുന്നിൽ കണ്ട് ജാഗ്രത പുലർത്താനാണ് ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് നടത്തുന്നതെന്ന് എം.വി.ഡി വ്യക്തമാക്കി. 2026 ഡിസംബർ മുതലാണ് ടെസ്റ്റ് പ്രാബല്യത്തിൽ വരുന്നത്. അതിനുമുമ്പ് സംസ്ഥാനത്തെ എല്ലാ ഡ്രൈവിങ് സ്കൂളുകളിലും ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കണമെന്ന നിർദേശവും എം.വി.ഡി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

