ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ രജിസ്ട്രേഷൻ; സബ്സിഡി 30,000 രൂപയായി ഉയർത്താൻ തീരുമാനം
text_fieldsഇലക്ട്രിക് സ്കൂട്ടറുകൾ
ഭുവനേശ്വർ: സംസ്ഥാനത്ത് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ രജിസ്ട്രേഷനുള്ള സബ്സിഡി ഉയർത്താൻ തീരുമാനിച്ച് ഒഡീഷ സർക്കാർ. നിലവിൽ ലഭിക്കുന്ന 20,000 രൂപയിൽ നിന്ന് 30,000 രൂപയായി ഉയർത്താനാണ് സർക്കാർ തീരുമാനം. സംസ്ഥാനത്ത് വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക്ക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യം വെച്ചാണ് സബ്സിഡിയിൽ മാറ്റം കൊണ്ടുവന്നതെന്ന് സർക്കാർ പറഞ്ഞു. ഇലക്ട്രിക് വെഹിക്കിൾ നയം 2025 (EV Policy 2025) അടിസ്ഥാനമാക്കി വ്യവസായ പങ്കാളികളിൽ നിന്ന് നിർദ്ദേശങ്ങളും പ്രതികരണങ്ങളും സ്വീകരിച്ച ശേഷം അഞ്ച് വർഷത്തേക്കയാണ് സർക്കാർ ഈ പദ്ധതി നടപ്പിലാക്കുന്നത്.
2025ലെ ഇ.വി നയം അനുസരിച്ച്, സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന ഇലക്ട്രിക് ഇരുചക്ര വാഹനത്തിന് 1kWh ബാറ്ററിക്ക് 5000 രൂപ എന്ന നിരക്കിൽ സബ്സിഡി നൽകാനാണ് സർക്കാർ തീരുമാനം. സബ്സിഡി പരിധി പരമാവധി 30,000 രൂപവരെ ആയിരിക്കും. നേരത്തെ, പരമാവധി സബ്സിഡി നിരക്ക് 20,000 രൂപയായിരുന്നു. സബ്സിഡിയിൽ വർധനവ് ഉണ്ടാകുന്നതോടെ സംസ്ഥാനത്ത് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള ആവശ്യം വർധിക്കുമെന്നാണ് ഒഡീഷ സർക്കാർ പ്രതീക്ഷിക്കുന്നത്.
'ഉയർന്ന ബാറ്ററി ശേഷിയുള്ള ഇലക്ട്രിക് സ്കൂട്ടറുകളും ഇരുചക്ര വാഹനങ്ങളും ഇപ്പോൾ വിപണിയിൽ സുലഭമാണ്. അതിനാലാണ് സബ്സിഡി തുക വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതെന്ന്' മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. ഇരുചക്ര വാഹനങ്ങൾക്ക് പുറമേ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ത്രീ വീലറുകൾ, ഫോർ വീലറുകൾ, ടാക്സികൾ, ട്രക്കുകൾ, ബസുകൾ എന്നിവക്കും സർക്കാർ സബ്സിഡി നൽകുന്നുണ്ട്. 2030വരെ പ്രാബല്യത്തിൽ തുടരുന്ന ഇവി നയം 2025 പ്രകാരം, ഫോർ വീലർ ലൈറ്റ് മോട്ടോർ വാഹനങ്ങൾ (ഗതാഗതം) അല്ലെങ്കിൽ ടാക്സികൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ സർക്കാർ 1.50 ലക്ഷത്തിൽ നിന്ന് 2 ലക്ഷമായി ഉയർത്തുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ഇലക്ട്രിക് ബസുകളുടെ രജിസ്ട്രേഷന് സർക്കാർ 20 ലക്ഷം രൂപയുടെ സബ്‌സിഡി നൽകാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഒഡീഷ ഇ.വി നയം 2025: സബ്‌സിഡിക്ക് അർഹതയുള്ളവർ
2021 സെപ്റ്റംബറിലാണ് ഇലക്ട്രിക് വെഹിക്കിൾ നയം ഒഡിഷ സർക്കാർ നടപ്പിലാക്കുന്നത്. അതനുസരിച്ച് നാല് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 20 ശതമാനം ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്യണമെന്നും പുറത്തിറക്കിയ മാർഗ്ഗരേഖയിൽ പറഞ്ഞിരുന്നു. എന്നാൽ ഒമ്പത് ശതമാനം വാഹനങ്ങൾ മാത്രമേ ഈ നാല് വർഷം കൊണ്ട് രജിസ്റ്റർ ചെയ്തിട്ടുള്ളു. ഇത് വർധിപ്പിക്കാനാണ് സർക്കാർ സബ്‌സിഡി ഉയർത്തുന്നത്.
പുതിയ സബ്സിഡി നയം ഒഡീഷയിലെ സ്ഥിര താമസക്കാരായ വ്യക്തികൾക്കാണ് ലഭിക്കുക. ഗുണഭോക്താവിന് ഓരോ ഇലക്ട്രിക് വാഹന വിഭാഗത്തിലും ഒരു തവണ ഈ ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യാമെന്നും പുതിയ നയരേഖയിൽ പറയുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്‌ട്രേഷൻ വർധിപ്പിക്കാൻ വേണ്ടി സബ്സിഡി ഉയർത്തിയ സർക്കാർ 2030 ആകുമ്പോഴേക്കും സംസ്ഥാനത്ത് 50 ശതമാനം ഇലക്ട്രിക് വാഹങ്ങൾ രജിസ്റ്റർ ചെയ്യണെമെന്നും ലക്ഷ്യം വെക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.