പീരുമേടിന്റെ ജനനായകന് പ്രിയം എന്നും ജീപ്പ് യാത്ര
text_fieldsവാഴൂർ സോമൻ തന്റെ ജീപ്പിനുമുന്നിൽ
തൊടുപുഴ: ഇന്നോവയിലും ബെൻസിലുമൊക്കെ ജനപ്രതിനിധികൾ അവരുടെ മണ്ഡലത്തിലൂടെ പായുമ്പോൾ പീരുമേടിന്റെ ജനനായകന് പ്രിയം എന്നും ജീപ്പ് യാത്രയായിരുന്നു. തേയിലത്തോട്ടങ്ങളിലൂടെയും മലമടക്കുകളിലൂടെയും എം.എൽ.എ ബോർഡ് വെച്ച് പായുന്ന മഹീന്ദ്ര മേജർ എന്ന ജീപ്പ് കാണുന്ന മണ്ഡലത്തിന് പുറത്തുനിന്നുള്ളവർക്ക് ഈ യാത്ര കൗതുകമാണ്.
മലമടക്കുകളിലൂടെ പായാൻ ഇവനല്ലാതെ വേറെ ആരാണുള്ളതെന്നാണ് വാഴൂർ സോമൻ ഇവരോടൊക്കെ ചോദിച്ചിരുന്നത്. ജീപ്പുമായുള്ള അദ്ദേഹത്തിന്റെ ചങ്ങാത്തത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1978ലാണ് ജീപ്പ് ആദ്യമായി സ്വന്തമാക്കുന്നത്. പെട്രോൾ എൻജിൻ ജീപ്പായിരുന്നു അത്. തൊഴിലാളി യൂനിയൻ പ്രവർത്തനങ്ങളുമായി പീരുമേട് തോട്ടംമേഖലയിലൂടെയുള്ള കറക്കം മുഴുവൻ ജീപ്പിലായിരുന്നു.
വണ്ടിപ്പെരിയാറിൽ നടന്ന പൊതുയോഗത്തിൽ തന്റെ സഹപ്രവർത്തകൻ നടത്തിയ പ്രസംഗം ജീപ്പ് കത്തിക്കുന്നതിനും ഇടയാക്കി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കോൺഗ്രസിന്റെയും രാജീവ് ഗാന്ധിയുടെയും ശവപ്പെട്ടിയിലെ അവസാന ആണിയാണെന്നായിരുന്നു പ്രസംഗത്തിലെ വിവാദ പരാമർശം. അന്നുരാത്രി തമിഴ്പുലികളുടെ ചാവേർ ആക്രമണത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. തുടർന്നുണ്ടായ പ്രതിഷേധങ്ങളിൽ വാഴൂരിന്റെ ജീപ്പ് കുറച്ചുപേർ കത്തിച്ചു. അത് വലിയ മനോവിഷമത്തിനിടയാക്കിയതായി അദ്ദേഹം പലയിടത്തും പറഞ്ഞിട്ടുണ്ട്. 2006ൽ ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനായതോടെയാണ് ഇപ്പോൾ കൈവശമുള്ള മഹീന്ദ്ര മേജർ സ്വന്തമാക്കിയത്.
പലപ്പോഴും തലസ്ഥാനത്തേക്കുള്ള എം.എൽ.എയുടെ യാത്രയും ജീപ്പിൽ തന്നെയായിരുന്നു. നിയമസഭയിലേക്ക് ജീപ്പോടിച്ചെത്തുന്ന എം.എൽ.എയെ കൗതുകത്തോടെയാണ് പലരും കണ്ടിരുന്നത്. ഒരിക്കൽ തന്റെ ജീപ്പ്യാത്ര മണ്ഡലത്തിലെ റോഡ് വികസനത്തിന് വേഗംനൽകാൻ കാരണമായതായും വാഴൂർ സോമൻ തമാശരൂപേണ പറഞ്ഞിട്ടുണ്ട്. ജീപ്പിൽ വരുന്ന തന്നെക്കണ്ട് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്താണ് ജീപ്പിലൊക്കെ എന്ന് ചോദിച്ചു.
പീരുമേട്ടിലെ ചില റോഡുകളുടെ സ്ഥിതി മന്ത്രിയോട് പറയുകയും ചെയ്തു. അന്നുതന്നെ മന്ത്രിയുടെ ഫോൺ തനിക്കെത്തിയതായും പീരുമേട്ടിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന വിവരം മന്ത്രി പറഞ്ഞതായും അഭിമാനത്തോടെ വാഴൂർ പറഞ്ഞിട്ടുണ്ട്. ഒരിക്കൽ സി.പി.ഐ നേതാവ് കാനം രാജേന്ദ്രൻ തന്റെ ജീപ്പ്യാത്ര കണ്ട് കാർ വാങ്ങാനുള്ള അനുമതി പാർട്ടിയിൽനിന്ന് തരാമെന്ന് അറിയിച്ചു.
കാനത്തിന്റെ നിർദേശമനുസരിച്ച് കാർ വാങ്ങി. പക്ഷേ, തന്റെ ഇഷ്ടവാഹനമായ ജീപ്പിനെ കൈവിടാൻ വാഴൂർ തയാറായിരുന്നില്ല. തങ്ങളുടെ പ്രിയ നേതാവിന്റെ അപ്രതീക്ഷിത മരണം ഞെട്ടലോടെയാണ് ഇടുക്കി കേട്ടത്. പീരുമേട്ടിലൂടെ പായുന്ന ജീപ്പും അതിലിരിക്കുന്ന തങ്ങളുടെ നായകനും എന്നും ഓർമയിലുണ്ടാകുമെന്ന് ഇവർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.