കുറഞ്ഞ വേഗതയിലുള്ള ഇവികളുടെ ഭാരപരിധി ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ 'യൂലു'; കേന്ദ്ര സർക്കാരിനെ എതിർപ്പ് അറിയിച്ചു
text_fieldsയൂലു ബൈക്ക്സ്
ന്യൂഡൽഹി: രാജ്യത്ത് കുറഞ്ഞ വേഗതയിലുള്ള ഇലക്ട്രിക് വാഹനങ്ങളുടെ (Low-Speed EVs) നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഭേദഗതികൾക്കെതിരെ പ്രമുഖ മൈക്രോ-മൊബിലിറ്റി കമ്പനിയായ 'യൂലു ബൈക്ക്സ്' (Yulu Bikes) രംഗത്ത്. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ (MoRTH) പുതിയ കരട് വിജ്ഞാപനത്തിനെതിരെയാണ് കമ്പനി ഔദ്യോഗികമായി എതിർപ്പ് പ്രകടിപ്പിച്ചത്. റോഡ് സുരക്ഷയെ ബാധിക്കുമെന്നും അനധികൃത വാഹനങ്ങൾ നിരത്തുകളിൽ നിറയാൻ ഇത് കാരണമാകുമെന്നുമാണ് യൂലുവിന്റെ വാദം.
വിവാദമായ പുതിയ കരട് വിജ്ഞാപനം
കേന്ദ്ര മോട്ടോർ വാഹചട്ടങ്ങൾ (സി.എം.വി.ആർ) 1989ലെ റൂൾ 2(u)-ൽ ഭേദഗതി വരുത്തിക്കൊണ്ട് കഴിഞ്ഞ ആഗസ്റ്റ് 21നാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം കരട് വിജ്ഞാപനം പുറത്തിറക്കിയത്. കുറഞ്ഞ വേഗതയിലുള്ള ബാറ്ററി വാഹനങ്ങൾക്ക് പരമാവധി വേഗത 25 കി.മീ/മണിക്കൂർ, മോട്ടോർ പവർ 0.6 kW (600 വാട്ട്) എന്നീ മാനദണ്ഡങ്ങൾ കരടിലും നിലനിർത്തിയിട്ടുണ്ട്. എന്നാൽ, ഇതുവരെ ഇത്തരം വാഹനങ്ങൾക്ക് ബാധകമായിരുന്ന 60 കിലോഗ്രാം ഭാരപരിധി (Unladen weight limit) കരട് വിജ്ഞാപനത്തിൽ പൂർണ്ണമായി ഒഴിവാക്കി. ഈ ഭാരപരിധി ഇല്ലാതാകുന്നതോടെ രജിസ്ട്രേഷൻ, തേർഡ് പാർട്ടി ഇൻഷുറൻസ്, ഹെൽമെറ്റ്, ഡ്രൈവിങ് ലൈസൻസ് എന്നിവയുടെ ആനുകൂല്യം ലഭിക്കുന്ന ഇത്തരം വാഹനങ്ങളുടെ വിഭാഗത്തിലേക്ക് വൻകിട ഭാരമേറിയ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും കടന്നുവരാൻ സാധ്യതയേറുന്നു.
വാഹനത്തിന്റെ ഭാരവും വേഗതയും ചേരുമ്പോഴുള്ള ഗതികോർജ്ജമാണ് (Kinetic Energy) അപകടങ്ങളുടെ ആഘാതം നിർണ്ണയിക്കുന്നത്. 60 കിലോ ഭാരമുള്ള ഒരു വാഹനത്തിന് പകരം ഭാരമേറിയ വാഹനങ്ങൾ വരുമ്പോൾ അത് കാൽനടയാത്രക്കാർക്കും മറ്റും വലിയ അപകട ഭീഷണിയാകും. നിലവിലുള്ള പല ഇറക്കുമതി വാഹനങ്ങളിലും സോഫ്റ്റ്വെയർ സ്വിച്ചുകൾ മാറ്റി 25 കി.മീ വേഗതയെന്നത് 45 കി.മീ വരെയാക്കി മാറ്റാൻ സാധിക്കുന്നുണ്ട്. എന്നാൽ വാഹനത്തിന്റെ ഭാരം പെട്ടെന്ന് മാറ്റാൻ കഴിയില്ലെന്നും, ഭാരപരിധി എടുത്തു കളയുന്നത് നിയമവിരുദ്ധമായ ഭാരമേറിയ 'ഗോസ്റ്റ് ഫ്ലീറ്റുകൾ' (Ghost fleets) നിരത്തിലിറങ്ങാൻ വഴിയൊരുക്കുമെന്നും യൂലു വ്യക്തമാക്കുന്നു.
സൊമാറ്റോ, സ്വിഗ്ഗി, സെപ്റ്റോ, ബ്ലിങ്കിറ്റ് തുടങ്ങിയ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ ലക്ഷക്കണക്കിന് ഗിഗ് തൊഴിലാളികൾ ആശ്രയിക്കുന്നത് ഇത്തരം കുറഞ്ഞ വേഗതയിലുള്ള മൈക്രോ-മൊബിലിറ്റി വാഹനങ്ങളെയാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾ വലിയ അപകടങ്ങൾക്ക് കാരണമാകും.
അതേസമയം മന്ത്രാലയത്തിന് നൽകിയ നിവേദനത്തിൽ പ്രശ്ന പരിഹാരത്തിനായി കമ്പനി ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്.
- ബാറ്ററി സാങ്കേതികവിദ്യകളിലെ മാറ്റങ്ങൾ ഉൾക്കൊണ്ട് 60 കിലോഗ്രാം ഭാരപരിധി നിലനിർത്തുകയോ അല്ലെങ്കിൽ ചെറിയൊരു ഇളവ് അനുവദിക്കുകയോ ചെയ്യുക.
- ഭാരപരിധി പൂർണ്ണമായി ഒഴിവാക്കുകയാണെങ്കിൽ, വാഹനങ്ങളിൽ സിംഗിൾ-സീറ്റ് നിർബന്ധമാക്കുക
- ഭാരം കയറ്റുന്നതിനുള്ള ശേഷി പരിമിതപ്പെടുത്തുക
- വിൽപന കേന്ദ്രങ്ങളിൽ ഫിസിക്കൽ വെരിഫിക്കേഷൻ നടപ്പിലാക്കുക
വിഷയത്തിൽ സ്റ്റാർട്ടപ് പോളിസി ഫോറത്തിലൂടെ (Startup Policy Forum) സർക്കാർ തലത്തിൽ ശക്തമായ നിലപാട് അറിയിക്കാനാണ് യൂലുവിന്റെ തീരുമാനം. ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ നിയമപരമായ നടപടികളിലേക്ക് നീങ്ങുമെന്നും കമ്പനി സൂചിപ്പിച്ചിട്ടുണ്ട്. എതിർപ്പുകൾ അറിയിക്കാനുള്ള 30 ദിവസത്തെ സമയം അവസാനിക്കാനിരിക്കെ, ഓട്ടോമൊബൈൽ മേഖല ഉറ്റുനോക്കുന്നത് സർക്കാരിന്റെ അന്തിമ തീരുമാനത്തിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

