സൂപ്പര്‍ പള്‍സര്‍
text_fields
ഇന്ത്യന്‍ നിര്‍മിത വിദേശ ബൈക്കുകളുടെ കാലം തുടങ്ങുന്നത് 2001 നവംബര്‍ 24 മുതലാണ്. അന്ന് പുലര്‍ച്ചെയാണ് നാല് ഇന്‍ഡിക്കേറ്ററുകളുടെ വെളിച്ചത്തില്‍ പള്‍സര്‍ പിറന്നത്. രാജദൂതും യെസ്ഡിയും അന്ത്യശാസം എടുത്തുതുടങ്ങിയതും യമഹവരെ ഊര്‍ധ്വന്‍ വലിച്ചതും അന്ന് രാത്രിയായിരുന്നു. പിറ്റേന്ന് വെള്ള കീറിയപ്പോഴേക്കും പള്‍സറിന് മുമ്പും പിമ്പും എന്ന രീതിയില്‍ ഇന്ത്യയുടെ ബൈക്ക് ചരിത്രം കീറിപ്പോയിരുന്നു. ഹീറോ ഹോണ്ട സി.ബി.സി മാത്രമായിരുന്നു എതിരാളി. പള്‍സറിന്‍െറ വിവിധ ഫാന്‍സിഡ്രസുകളൊക്കെ വന്നപ്പോള്‍ നാട്ടിന്‍പുറത്തെ ഇടവഴികളിലും ആശുപത്രികളുടെ ഇടനാഴികളിലും നാടന്‍ ഹോളിവുഡ് സ്റ്റണ്ട് നടന്മാരെക്കൊണ്ട് നിറഞ്ഞു. എല്ലാവരും കരുതി ഇതൊക്കെയായിരിക്കും സൂപ്പര്‍ ബൈക്കെന്ന്.
പക്ഷേ, യമഹ ആര്‍.വണ്‍, ഹോണ്ട സി.ബി.ആര്‍, കാവസാക്കി നിഞ്ച എന്നിവയൊക്കെ കണ്ടപ്പോഴാണ് നമ്മുടെ സൂപ്പര്‍ ബൈക്കും ശരിക്കുള്ള സൂപ്പര്‍ ബൈക്കും തമ്മിലെ വ്യത്യാസം മനസ്സിലായത്. നാടന്‍ വിദേശിയുടെ ശവപ്പെട്ടിയില്‍ അടിക്കാനുള്ള അവസാന ആണിയായ കെ.ടി.എം ഡ്യൂക്കിനെ കൊണ്ടുവന്നത് ബജാജ് തന്നെയാണ്. ചരിത്രബോധം ഇല്ലാത്തവരോ അല്ളെങ്കില്‍ ചരിത്രത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാത്തവരോ ആണ് കെ.ടി.എം എന്ന് ഈ സംഭവം തെളിയിച്ചു. കാരണം, താറാവിന്‍െറ ആകൃതിയും പൊരുന്നക്കോഴിയുടെ ശബ്ദമുള്ള ഹമാരാ ബജാജ് ഉണ്ടാക്കാന്‍ അവര്‍ കൂട്ടുപിടിച്ചത് ഇറ്റലിയില്‍ നിന്നുള്ള സാക്ഷാല്‍ വെസ്പയെയായിരുന്നു. വാങ്ങി ഷോക്കേസില്‍ വെക്കാന്‍ തോന്നുന്നത്ര സുന്ദരമായി സ്കൂട്ടര്‍ ഉണ്ടാക്കുന്ന കമ്പനിയായിരുന്നു വെസ്പ. കാലം കഴിഞ്ഞപ്പോള്‍ വെസ്പയെ ആരും അറിയാത്ത സ്ഥിതിയായി. സ്കൂട്ടറിന്‍െറ പര്യായം ബജാജ് ചേതക്ക് എന്നായി. പിന്നീടാണ് ബൈക്കുണ്ടാക്കാന്‍ ജപ്പാന്‍കാരന്‍ കാവസാക്കിയെ കൂടെകൂട്ടി. ഇപ്പോള്‍ ആ പേര് പറഞ്ഞാല്‍ നാഗസാക്കി എന്നല്ളേ ശരി എന്നാണ് യൂത്ത് തിരിച്ചുചോദിക്കുന്നത്. ഇപ്പോള്‍ പള്‍സറാണ് എല്ലാം. മൂന്നാം ഊഴമാണ് ഓസ്ട്രിയയിലെ കെ.ടി.എമ്മിന്‍േറത്. സ്പോര്‍ട്സ് ചാനലില്‍ മോട്ടോര്‍ ക്രോസ് കാണുന്നവരൊക്കെ കെ.ടി.എമ്മിന്‍െറ ഫാനാകും. ഇത്തരം ഒരു ഫാന്‍ ഫാക്ടറി ഉദ്ദേശിച്ചാണ് ബജാജ് കെ.ടി.എമ്മിനെ കൂടെകൂട്ടിയത്. പക്ഷേ, ഡ്യൂക്ക് ഇറങ്ങി കുറച്ച് നാള്‍ കഴിഞ്ഞപ്പോഴേക്കും ബജാജ് പണി പറ്റിച്ചു. പള്‍സര്‍ എന്‍.എസ് 200 ഇറക്കി. എന്‍.എസ് എന്നാല്‍ നേക്കഡ് സ്പോര്‍ട്സ്. ഡ്യൂക്കിനോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തി നല്ലത് മാത്രം സ്വീകരിച്ച് വിലകുറച്ച് ഇറക്കിയ സ്പോര്‍ട്സ് ബൈക്ക്. ഡ്യൂക്കാണോ എന്‍.എസ് ആണോ നല്ലതെന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ. മൂന്ന് സ്പാര്‍ക്ക് പ്ളഗുമായി 2012 ജൂണിലാണ് ജനനം. കെ.ടി.എം കൂടുതല്‍ കരുത്തുള്ള മോഡലുകളുമായി കാവസാക്കിയെയും യമഹയെയും സുസുക്കിയെയും പിടിക്കാന്‍ ഓടിയപ്പോള്‍ ബജാജ് അടുത്ത വെടിപൊട്ടിച്ചു. അതാണ് പള്‍സര്‍ എസ്.എസ് അഥവാ സൂപ്പര്‍ സ്പോര്‍ട്സ് 200. പള്‍സര്‍ 200 എന്‍.എസിനെ അടിസ്ഥാനമാക്കി വികസിപ്പിച്ച ബൈക്കാണിത്. ട്വിന്‍ പ്രോജക്ടര്‍ ഹെഡ് ലാമ്പുകളും ഡേ ടൈം റണിങ് ലൈറ്റുകളുമൊക്കെയായി ചന്തം കൂട്ടിയിട്ടുണ്ടെന്ന് മാത്രം. എന്‍.എസിലെ ലിക്വിഡ് കൂള്‍ഡ് സിംഗ്ള്‍ സിലിണ്ടര്‍ നാല് വാല്‍വ് എസ്.ഒ.എച്ച്.സി 199.5 സി.സി എന്‍ജിന്‍ തന്നെയാണ് എസ്.എസിനും. 9500 ആര്‍.പി.എമ്മില്‍ 23.52 പി.എസ് കരുത്തും 8000 ആര്‍.പി.എമ്മില്‍ 18.3 എന്‍.എം ടോര്‍ക്കും നല്‍കുന്നതാണ് എന്‍ജിന്‍. ആറു സ്പീഡ് ഗിയര്‍ബോക്സുമുണ്ടാകും. എസ്.എസ് 400, സി.എസ് 400 തുടങ്ങിയ മോഡലുകള്‍ ഇറക്കാന്‍ ഒരുങ്ങുകയാണ് ബജാജ്. ഫുള്‍ഫെയറിങ്ങോടെ ബജാജ് ഇറക്കുന്ന ആദ്യ ബൈക്കാണ് സൂപ്പര്‍ സ്പോര്‍ട്സ്. വില ഒന്നേകാല്‍ ലക്ഷം രൂപ. ഹോണ്ട സി.ബി.ആര്‍ 250 ആര്‍ ആയിരിക്കും എതിരാളി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.