പുതിയ ക്രോസുമായി ഹ്യുണ്ടായി
text_fields
തുണിക്കടകളില്‍ പുതിയ ഡ്രസ് പ്രത്യക്ഷപ്പെടും പോലെയാണ് കാര്‍ ഷോറൂമുകളില്‍ പുതിയ മോഡലുകള്‍ എത്തുന്നത്. ഓരോ കാലത്തും ഓരോ ഫാഷന്‍. ഇന്ന് കാണുന്നത് നാളെയില്ല. പണ്ട് മൈലേജുള്ള ചെറിയ ഫാമിലി കാറുകള്‍ക്കായിരുന്നു പ്രിയം. പിന്നെ ഏഴ് സീറ്റുള്ള യൂട്ടിലിറ്റി വണ്ടികള്‍ക്ക് പുറകെ ഓട്ടമായി. ഇതിനിടെ ഓഫ് റോഡറുകളും സോഫ്റ്റ് റോഡറുകളും നിരനിരയായി വന്നു. ഇപ്പോള്‍ ഇതെല്ലാം കൂടിച്ചേര്‍ന്നുള്ള അവിയലിനാണ് പ്രിയം. ക്രോസോവര്‍ എന്ന വിഭാഗത്തിലെ മിമിക്രിക്കാരാണ് താരങ്ങള്‍. പെട്ടന്ന് കണ്ടാല്‍ കാറുപോലെ തോന്നും. സൂക്ഷിച്ചു നോക്കിയാല്‍ യൂട്ടിലിറ്റിയാകും. ശ്രദ്ധിച്ചുനോക്കിയാല്‍ ക്രോസ്ഓവറാണ്. എറ്റിയോസ് ക്രോസ്, ഫിയറ്റ് അവഞ്ച്വുറ, ഫോക്്വാഗണ്‍ ക്രോസ്പോളോ എന്നിവയൊക്കെയാണ് നിലവിലെ സാറന്മാര്‍. കടുത്ത ശത്രുതയുള്ളവര്‍ക്ക് ഫോര്‍ഡ് എക്കോസ്പോര്‍ട്ടിനെയും ഈ കൂട്ടത്തില്‍ പെടുത്താം. ഇത്തരം വിപണിയില്‍ ഫാഷനാണോ ആരാധകരാണോ ആദ്യമുണ്ടാകുന്നതെന്ന്് ചോദിക്കരുത്. കമ്പനികള്‍ ഉണ്ടാക്കി വെക്കുമ്പോള്‍ കാണാന്‍ ചന്തമുള്ളത് നാട്ടുകാര്‍ വാങ്ങുന്നു എന്നേയുള്ളു. പക്ഷേ എന്ത് വേഷം കെട്ടിയാലും വിറ്റുപോകുമെന്ന് കരുതരുത്. ഇന്‍ഡിഗോ മറീനക്കും ഓപല്‍ കോര്‍സ സ്വിങിനും സംഭവിച്ചത് ഓര്‍ക്കണം. വിറ്റു പോകുന്നുവെന്ന് കണ്ടാല്‍ പിന്നെ നാണക്കേടൊന്നും വിചാരിക്കരുത്, ആ പുറകെ കൂടിക്കോണം. ഹ്യുണ്ടായിയാണ് അവസരം മുതലെടുക്കാന്‍ ഏറ്റവുമൊടുവില്‍ തീരുമാനിച്ചിരിക്കുന്നത്. എലൈറ്റ് ഐ ട്വന്‍റിയുടെ കോലം മാറ്റാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ചെന്നൈയിലെ ഹ്യുണ്ടായ് പ്ളാന്‍റില്‍ നിര്‍മിക്കുന്ന ക്രോസോവര്‍ 2015 ല്‍ വിപണിയിലത്തെും. ഫോര്‍ഡ് എക്കോസ്പോര്‍ട്ടിനോട് ഏറ്റുമുട്ടാനാണ് ഐ 20 ക്രോസ് ശ്രമിക്കുന്നതെന്ന് ആശ്വാസകരമാണ്.ഐ 20 പ്ളാറ്റ്ഫോമില്‍ തന്നെ വികസിപ്പിച്ചിട്ടുള്ള പുതിയ വണ്ടിക്ക് നിലവിലുള്ള മോഡലിനെക്കാള്‍ നീളവും വീതിയും ഉയരവുമുണ്ട്. ഗ്രൗണ്ട് ക്ളിയറന്‍സും കൂട്ടി. എന്നാല്‍, നികുതി നീളാതിരിക്കാന്‍ നീളം നാലുമീറ്റര്‍ കടത്തിയിട്ടില്ല. ഇന്‍റീരിയറും പുതുമയാര്‍ന്നതാണ്. എക്സ്ട്രാ ബോഡി കിറ്റും റൂഫ് റെയിലുകളും വാഹനത്തിനുണ്ടാവും. എലൈറ്റ് ഐ 20 യില്‍നിന്ന് വ്യത്യസ്തമായ അലോയ് വീലുകളാണ് വാഹനത്തിലുള്ളത്. ഉയര്‍ന്ന വേരിയന്‍റില്‍ 16 ഇഞ്ച് അലോയ് വീലുകളാണ് ഘടിപ്പിച്ചിട്ടുള്ളത്. എലൈറ്റ് ഐ 20 യിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ തന്നെയാവും ക്രോസ് ഓവറിലും. ശക്തി കൂടും. പെട്രോള്‍ എന്‍ജിനൊപ്പം അഞ്ചുസ്പീഡ് ഗിയര്‍ബോക്സും ഡീസലിനൊപ്പം ആറു സ്പീഡ് ഗിയര്‍ബോക്സുമാവും ഉണ്ടാവുക. വില അടുത്തകൊല്ലത്തെ വിപണിയുടെ ഗതിപോലെ തീരുമാനിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.