ഗ്രില്‍ഡ് ഫിയസ്റ്റ
text_fieldsകാറിന്‍െറ ഗ്രില്ലും മനുഷ്യന്‍െറ പല്ലും സൗന്ദര്യം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാണ്. ഗ്രില്ലില്ലാത്ത കാറുപോലെ ബോറാണ് പല്ലില്ലാത്ത ചിരി. ബി.എം.ഡബ്ള്യുവും മിനി കൂപ്പറും ആസ്റ്റണ്‍ മാര്‍ട്ടിനും ബെന്‍സുമൊക്കെ ഗ്രില്ലില്‍ തൂങ്ങിക്കിടന്നാണ് കച്ചവടം കൊഴുപ്പിക്കുന്നത്. ഇത്തരം ഗ്രില്‍ഡ് കാറുകളുടെ നിരയിലേക്ക് കടക്കുകയാണ് ഫോര്‍ഡിന്‍െറ ഫിയസ്റ്റ.
കാണാന്‍ അതിഭംഗിയോ വൈകല്യമോ ഇല്ലാത്ത മോഡലായിരുന്നു ഇത്. പക്ഷേ, ഇപ്പോള്‍ പരിഷ്കരിച്ച പതിപ്പ് വന്നപ്പോള്‍ മുന്നില്‍ മനോഹരമായ ഒരു ഗ്രില്ല് പ്രത്യക്ഷപ്പെട്ടു. പക്ഷേ, ഒരു കുഴപ്പം. ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഏകദേശം ഈ രീതിയിലാണ് ഗ്രില്ലുണ്ടാക്കുന്നത്. ജയിംസ് ബോണ്ട് സിനിമകളിലൂടെ ഈ ഗ്രില്‍ നാട്ടുകാര്‍ കാണാന്‍ തുടങ്ങിയിട്ട് കാലം കുറെയായിതാനും. എന്നാലും, ഫിയസ്റ്റക്ക് കുറച്ച് ആഢ്യത്വം കൂടിയിട്ടുണ്ട്.
ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് പുതിയ ഫിയസ്റ്റ കിട്ടുക. ഇതിനൊപ്പം ഹെഡ്ലൈറ്റുകളും ടെയില്‍ ലാമ്പുകളും അഴിച്ചുപണിത് ഭംഗികൂട്ടി. പുതിയൊരു ഇന്‍ഫോടെയ്ന്‍മെന്‍റ് സിസ്റ്റം ചേര്‍ത്തു എന്നതാണ് അകത്തളത്തിലെ വര്‍ത്തമാനം. 1498 സി.സിയും എട്ട് വാല്‍വുമുള്ള നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 3750 ആര്‍.പി.എമ്മില്‍ 91പി.എസ് കരുത്ത് നല്‍കും. 2000-2750 ആര്‍.പി.എമ്മില്‍ 204 എന്‍.എം ആണ് ടോര്‍ക്. ഇതില്‍ അഞ്ച് സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഗിയര്‍ബോക്സ് ഘടിപ്പിച്ചിരിക്കുന്നു. എ.ആര്‍.എ.ഐ സാക്ഷ്യപ്പെടുത്തുന്ന മൈലേജ് ഒരു ലിറ്റര്‍ ഡീസലിന് 25.01 കിലോമീറ്ററാണ്. മുമ്പ് ഇത് 23.5 കിലോമീറ്ററായിരുന്നു. ആംബിയന്‍റ്, ട്രെന്‍ഡ്, ടൈറ്റാനിയം എന്നിവയാണ് വിവിധ വേരിയന്‍റുകള്‍. ടില്‍റ്റ് സ്റ്റിയറിങ്, ഇലക്ട്രിക് മിറര്‍, റിയര്‍ ഡീഫോഗര്‍, ഗൈഡ് മി ഹോം ഹെഡ്ലാമ്പ്, ഇലക്ട്രിക് ബൂട്ട് റിലീസ്, ക്രമീകരിക്കാവുന്ന റിയര്‍ ഹെഡ്റെസ്റ്റുകള്‍, മടക്കാവുന്ന റിയര്‍ സീറ്റുകള്‍, ഉയരം ക്രമീകരിക്കാവുന്ന സീറ്റ് ബെല്‍റ്റുകള്‍, 15 ഇഞ്ച് വീലുകള്‍ എന്നിവ എല്ലാ വേരിയന്‍റുകളിലും സ്റ്റാന്‍ഡേഡായി നല്‍കിയിട്ടുണ്ട്. ട്രെന്‍ഡില്‍ ക്രൂയിസ് കണ്‍ട്രോള്‍, ഫൂട്വെല്‍ ലാമ്പ്, ബോഡിയുടെ നിറമുള്ള സൈഡ് വ്യൂ മിററുകളും ഡോര്‍ ഹാന്‍ഡിലുകളും, ലെതര്‍ സ്റ്റിയറിങ് വീല്‍, ആറ് സ്പീക്കറുള്ള ഓഡിയോ സിസ്റ്റം തുടങ്ങിയവ കൂടിയുണ്ട്. ടൈറ്റാനിയത്തില്‍ സ്വിച്ചിട്ടാല്‍ മടങ്ങുന്ന റിയര്‍ വ്യൂ മിററുകള്‍, റിവേഴ്സ് പാര്‍ക്കിങ് സെന്‍സറുകള്‍, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, ഡീസലിന്‍െറ അളവ് കാണിക്കുന്ന സംവിധാനമടങ്ങുന്ന ഡിജിറ്റല്‍ ട്രിപ് മീറ്റര്‍, അലോയ് വീലുകള്‍ എന്നിവ അധികമായി കിട്ടും. എ.ബി.എസ്, ഇ.ബി.ഡി, ഡ്രൈവര്‍സൈഡ് എയര്‍ബാഗുകള്‍ എന്നിവ എല്ലാത്തിലുമുണ്ട്. ഏറ്റവുമുയര്‍ന്ന വേരിയന്‍റായ ടൈറ്റാനിയത്തില്‍ പാസഞ്ചര്‍ സൈഡ് എയര്‍ബാഗുകള്‍ നല്‍കിയിരിക്കുന്നു. 7.75 ലക്ഷം മുതല്‍ 9.30 ലക്ഷം രൂപ വരെയാണ് ഏകദേശ വില.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.