ഫിയറ്റിന്‍െറ സാഹസം
text_fieldsഫിയറ്റ് ഒരു കാര്‍ നിര്‍മിക്കുക എന്നത് ക്രഷര്‍ ഉടമ വീടുപണിയുന്നതുപോലെ നിസ്സാര കാര്യമാണ്. ഇന്ത്യയില്‍ സുസുക്കിയും ടാറ്റയും ഷെവര്‍ലെയുമൊക്കെയുണ്ടാക്കുന്ന ഇടത്തരം ഡീസല്‍കാറുകള്‍ ജീവിക്കുന്നത് ഫിയറ്റിന്‍െറ എന്‍ജിന്‍ ഉള്ളതുകൊണ്ടുമാത്രമാണ്. അതായത് ഈ വിഭാഗത്തില്‍ ഏതെങ്കിലും കാര്‍ വിറ്റാല്‍ കാശ് ഫിയറ്റിന്‍െറ കീശയിലുമത്തെും. പിന്നെ എന്തിന് ടെന്‍ഷന്‍. ടെന്‍ഷന്‍ ഇല്ല എന്നു മാത്രമല്ല ഇടക്ക് വെറുതെയിരുന്ന് ബോറടിക്കുകയും ചെയ്യും. അപ്പോള്‍ അവര്‍ ഓരോ കാറുകള്‍ ഉണ്ടാക്കി വിടും. മറ്റെല്ലാ കാറുകളെക്കാളും ഭംഗിയും ഗുണവും കൂടുതലുള്ള കാറുകളായിരിക്കും അവര്‍ നിര്‍മിക്കുക. പക്ഷേ പറഞ്ഞിട്ടു കാര്യമില്ല, ബോറടി മാറുമ്പോള്‍ അവര്‍ പരിപാടി നിര്‍ത്തും.
ഉനോ, സിയന്ന, പാലിയോ, പെട്ര എന്നിവയൊക്കെ ഇങ്ങനെ യവനികക്കുള്ളില്‍ മറഞ്ഞവയാണ്. നാട്ടിന്‍പുറങ്ങളില്‍ വര്‍ക്ക്ഷോപ്പുകളോട് ചേര്‍ന്ന് അസ്വാഭാവികമായി കാടുവളരുന്നുവെങ്കില്‍ അതിനുള്ളില്‍ ഒരു ഫിയറ്റുണ്ടാവാന്‍ സാധ്യതയുണ്ട്. സര്‍വീസ് സംബന്ധിച്ച് ഉപഭോക്താക്കളുടെ പരാതി പെരുകിയപ്പോള്‍ ടാറ്റയുമായി ചേര്‍ന്ന് സര്‍വീസ് സെന്‍ററുകള്‍ തുറന്ന് പ്രശ്നം പരിഹരിക്കാനായി ശ്രമം. സേവനത്തില്‍ എന്തൊക്കെ കുറവുകള്‍ ഉണ്ടെങ്കിലും ഫിയറ്റിനെ വെറുക്കാന്‍ ജനത്തിന് കഴിയില്ല. പുന്തോയും ലിനിയയും ഉദാഹരണം. എല്ലാ സെഗ്മെന്‍റുകളിലും ഇത്തരം ഒരു വണ്ടിയെങ്കിലും ഇറക്കുകയാണ് ഫിയറ്റിന്‍െറ ലക്ഷ്യം. ഏതാണ് രക്ഷപ്പെടുകയെന്ന് പറയാന്‍ പറ്റില്ലല്ളോ. പത്തില്‍ തോറ്റവര്‍ സിവില്‍ സര്‍വീസ് ജയിക്കുന്ന നാടാണ്. എന്തും സംഭവിക്കാം. ഇക്കുറി ഫോക്സ് വാഗണിന്‍െറ ക്രോസ് പോളോ, ടൊയോട്ട എത്തിയോസ് ക്രോസ് തുടങ്ങി മാസം തികയാതെ പിറന്ന ഓഫ് റോഡറുകളുടെ വിപണിയിലാണ് ഫിയറ്റിന്‍െറ പരീക്ഷണം. അവരുടെ ക്രോസ് ഹാച്ച്ബാക്കിന്‍െറ പേര് അവഞ്ചുറ. സാഹസിക യാത്രക്ക് പറ്റിയ വണ്ടിതന്നെ. പക്ഷേ, ഫിയറ്റിന്‍െറ പഴയ ഉനോയില്‍ പോകുന്നത്ര സാഹസികത കിട്ടുമോ എന്ന് സംശയമുണ്ട്.
വിപണിയില്‍ എത്തിയ ദിവസം തന്നെ അവഞ്ചുറക്ക് 500 ബുക്കിങ് കിട്ടി. ആറ് ലക്ഷം മുതലാണ് വില. വാഹനത്തിന് ചുറ്റുമുള്ള പ്ളാസ്റ്റിക് ബോഡി ക്ളാഡിങ്, ടെയില്‍ഗേറ്റില്‍ ഘടിപ്പിച്ച സ്പെയര്‍വീല്‍, വീല്‍ കവര്‍ എന്നിവയാണ് അവഞ്ചുറയ്ക്ക് എസ്.യു.വിയുടെ രൂപം നല്‍കുന്നത്. 205 മില്ലീമീറ്റര്‍ ഗ്രൗണ്ട് ക്ളിയറന്‍സ്. 16 ഇഞ്ച് അലോയ് വീലുകളുണ്ട്. കൈ്ളമറ്റ് കണ്‍ട്രോള്‍, റിയര്‍ എ സി വെന്‍റുകള്‍, സ്റ്റിയറിങ് മൗണ്ടഡ് കണ്‍ട്രോളുകള്‍ എന്നിവ ഉയര്‍ന്ന വേരിയന്‍റില്‍ ലഭിക്കും. 1.4 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍, 1.3 ലിറ്റര്‍ നാലു സിലിണ്ടര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനുകളാണ് അവഞ്ചുറയ്ക്ക് കരുത്ത് പകരുന്നത്. പെട്രോള്‍ എന്‍ജിന്‍ 14.4 കിലോമീറ്ററും ഡീസല്‍ എന്‍ജിന്‍ 20.5 കിലോമീറ്ററും മൈലേജ് നല്‍കും. എ.ബി.എസ്, ഇ.ബി.ഡി, എയര്‍ബാഗ് എന്നീ സുരക്ഷാ സംവിധാനങ്ങള്‍ പെട്രോള്‍ വേരിയന്‍റുകളില്‍ കിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.