വീണ്ടും സ്കോര്‍പിയോ
text_fieldsപരിണാമ സിദ്ധാന്തം പ്രയോഗത്തില്‍ വരുത്തുന്നതില്‍ പ്രാവീണ്യം നേടിയവരാണ് മഹീന്ദ്ര. വിശ്വാസം വരുന്നില്ളെങ്കില്‍ സ്കോര്‍പിയോയുടെ ചരിത്രം നോക്കിയാല്‍ മതി. രണ്ടായിരത്തിന്‍െറ തുടക്കത്തില്‍ റെനോയില്‍നിന്ന് ഗര്‍ഭം ധരിച്ചാണ് മഹീന്ദ്ര സ്കോര്‍പിയോക്ക് ജന്മം നല്‍കിയത്. ഗര്‍ഭധാരണം ഒരിക്കലേയുണ്ടായുള്ളൂവെങ്കിലും പ്രസവം ഇടക്കിടെ നടക്കുന്നുണ്ട്. ഓരോതവണയും ബാഹ്യരൂപത്തിലും ആന്തരികപ്രവര്‍ത്തനത്തിലും വിലയിലും പരിണാമമുണ്ടായിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ വീണ്ടും സ്കോര്‍പിയോക്ക് മാറ്റം വന്നിരിക്കുകയാണ്. നാട്ടുകാരെ പറ്റിക്കാനുള്ള ചെപ്പടി വിദ്യയൊന്നുമല്ല ഇക്കുറി പ്രയോഗിച്ചിരിക്കുന്നത്്. പ്ളാറ്റ്ഫോം അപ്പാടെ മാറി. വീല്‍ബേസില്‍ മാറ്റമില്ളെങ്കിലും വീതി കൂടിയിട്ടുണ്ട്.
റെനോ ഡസ്റ്ററും റെനോയുടെ പുതിയ കൂട്ടായ നിസാന്‍െറ ടെറാനോയും ചേര്‍ന്ന് സ്കോര്‍പിയോയുടെ ഫ്യൂസൂരിയതിനാലാണ് പുതിയ പരിണാമം അത്യാവശ്യമായി വന്നത്. 2002ല്‍ ഇറങ്ങിയ സ്കോര്‍പിയോ ഇതുവരെ 4.5 ലക്ഷം എണ്ണം വിറ്റിട്ടുണ്ട്. പക്ഷേ, പഴയ പ്രതാപം ഇപ്പോഴില്ല. അതുകൊണ്ടാണ് വാതിലുകളും മേല്‍ക്കൂരയും ഒഴികെയുള്ളതെല്ലാം മാറ്റി നോക്കുന്നത്. കൂടുതല്‍ ശക്തിയും സുരക്ഷയുമുള്ളതാണ് പുതിയ സ്കോര്‍പിയോയെന്ന് മഹീന്ദ്ര പറയുന്നു. 120 പി.എസ് കരുത്തും 280 എന്‍.എം ടോര്‍ക്കുമുള്ള 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എംഹോക് എന്‍ജിന്‍ തന്നെയാണ് ഇതിനും. പുതിയ സ്റ്റാറ്റിക് ബെന്‍ഡിങ് സാങ്കേതികത്വത്തോടുകൂടിയ ഡ്യുവല്‍ പ്രോജക്ടര്‍ ഹെഡ്ലാമ്പ്, പ്രീമിയം ക്രോം ഗ്രില്‍, ഹൈടെക് എല്‍.ഇ.ഡി ടെയ്ല്‍ ലാമ്പ്, 17 ഇഞ്ച് അലോയ് വീല്‍, പുതിയ റാപ്പ് എറൗണ്ട് ബോണറ്റ്, സില്‍വര്‍ സ്കിഡ് പ്ളേറ്റോടുകൂടിയ ബമ്പര്‍, പുതിയ ഫോഗ് ലാമ്പ്, സില്‍വര്‍ എംബോസിങ്ങോടുകൂടിയ സൈഡ് ക്ളാഡിങ് തുടങ്ങിയവ സ്കോര്‍പിയോക്ക് കൂടുതല്‍ സൗന്ദര്യം നല്‍കുന്നു. ഏത്റോഡ് സാഹചര്യത്തി നും ഇണങ്ങുന്നവിധം അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ പുതുക്കി. കുഷന്‍ ടൈപ്പ് സസ്പെന്‍ഷനും ആന്‍റി റോള്‍ സാങ്കേതികത്വവും ഡ്രൈവിങ് കൂടുതല്‍ അനായാസമാക്കിയേക്കും.
5.4 മീറ്ററാണ് ടേണിങ് റേഡിയസ്. ഫോര്‍ വീല്‍ഡ്രൈവ് ഓപ്ഷനും ലഭ്യമാണ്. ഏഴ്, എട്ട്, ഒമ്പത് സീറ്റുകളില്‍ സ്കോര്‍പിയോ പുറത്തിറക്കിയിട്ടുണ്ട്. ഡയമണ്ട് വൈറ്റ്, ഫയറി ബ്ളാക്, മിസ്റ്റ്് സില്‍വര്‍, ന്യൂ മോള്‍ട്ടന്‍ റെഡ്. ന്യൂ റീഗല്‍ ബ്ളൂ തുടങ്ങി അഞ്ചു നിറങ്ങളില്‍ കിട്ടും. എസ് ടു, എസ് ഫോര്‍, എസ് ഫോര്‍ പ്ളസ്, എസ് സിക്സ്, എസ് സിക്സ് പ്ളസ്, എസ് എയ്റ്റ്, എസ് ടെന്‍ എന്നീ ഏഴ് വേരിയന്‍റുകളുമുണ്ട്. ജി.പി.എസ് സഹിതമുള്ള ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്‍റ് സിസ്റ്റം, ഇന്ധനം ലാഭിക്കാന്‍ സഹായിക്കും വിധം എന്‍ജിന്‍ പ്രവര്‍ത്തിക്കേണ്ട ആവശ്യമില്ലാത്തപ്പോള്‍ സ്റ്റാന്‍ഡ് ബൈയിലേക്ക് മാറാനുള്ള മൈക്രോ ഹൈബ്രിഡ് സാങ്കേതികത്വം, റെയ്ന്‍ ആന്‍ഡ് ലൈറ്റ് സെന്‍സര്‍, ടയര്‍ പ്രഷറും ടെമ്പറേചറും അറിയിക്കാനുള്ള സംവിധാനം, റിവേഴ്സ് പാര്‍ക്കിങ്ങിന് സഹായിക്കുന്ന നാല് സെന്‍സറുകള്‍, ഡോര്‍, സീറ്റ് ബെല്‍റ്റ്, ബ്രേക് ഫ്ള്യൂയിഡ്, ഇന്ധനം, തുടങ്ങിയവക്ക് മുന്നറിയിപ്പ് നല്‍കാനുള്ള വോയ്സ് അസിസ്റ്റ് സിസ്റ്റം എന്നിവയും പുതിയ മോഡലിന്‍െറ പ്രത്യേകതയാണ്. 8.50 ലക്ഷം മുതല്‍ 11 ലക്ഷം വരെയാണ് വില.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.