മാറാനുറച്ച് ടാറ്റ
text_fieldsപണ്ട് കലോത്സവത്തില്‍ കലാതിലകപ്പട്ടം നേടാന്‍ കുട്ടികള്‍ അധ്വാനിക്കുന്നതിലും കഷ്ടമായാണ് ഇപ്പോള്‍ ടാറ്റ വിപണി വിഹിതം കൂട്ടാന്‍ നോക്കുന്നത്. കാലത്തിനൊത്ത മാറ്റം വരുത്താതെ പൊടികൈകള്‍ ഉപയോഗിച്ച് പേരും പെരുമയും കൂട്ടാമെന്നാണ് ടാറ്റ ഇതുവരെ കരുതിയത്്. സംഗതി ഏറ്റു. ടാറ്റ എന്നത് എപ്പോഴും കേള്‍ക്കുന്ന പേരായി. ടാറ്റയുടെ വാഹനങ്ങളോടായിരുന്നു എല്ലാവരും ടാറ്റാ പറഞ്ഞിരുന്നത് എന്നുമാത്രം. ടാറ്റാ മോട്ടോഴ്സിലെ ജീവനക്കാര്‍ വരെ മാരുതിയിലും ഹ്യുണ്ടായിയിലും വന്നുതുടങ്ങിയപ്പോള്‍ ടാറ്റക്ക് കാര്യം മനസ്സിലായി. നാനോ മുതല്‍ എല്ലാ മോഡലുകളും പുതുക്കിപ്പണിതാണ് ടാറ്റ നാട്ടുകാരോട് പ്രായശ്ചിത്തം ചെയ്യുന്നത്. സ്ഥിരം തമാശ എന്ന നിലയിലാണ് വാഹനപ്രേമികള്‍ ഇത് കണ്ടിരുന്നത്. പക്ഷേ, വിസ്റ്റയും മാന്‍സയും മാറി ബോള്‍ട്ടും സെസ്റ്റും വന്നതോടെ കളി കാര്യമായി. ഒമ്പതില്‍ തോറ്റവന് 10ല്‍ റാങ്ക് വാങ്ങിയ അവസ്ഥ. കാലഘട്ടത്തിന് ചേരുന്ന മോഡലും പോക്കറ്റ് ചോരാത്ത വിലയും യോജിപ്പിക്കാന്‍ ടാറ്റക്ക് കഴിഞ്ഞു.
ജാഗ്വാറും ലാന്‍ഡ് റോവറും സ്വന്തമാക്കിയതുവഴി ചില ഗുണങ്ങള്‍ കിട്ടിയിട്ടുണ്ട്. അപ്പോള്‍ ആര്യക്കും സഫാരിക്കുമൊക്കെ പിന്‍ഗാമിയായി ടാറ്റ ഒരു ക്രോസ്ഓവര്‍ നിര്‍മിച്ചാല്‍ എങ്ങനെയിരിക്കും. ജനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച ‘ഹെക്സ’ എന്ന കണ്‍സപ്റ്റ് വാഹനമാണ് ആര്യക്ക് പകരക്കാരനാവുക. ആദ്യകാഴ്ചയില്‍ മികച്ചത് എന്ന അഭിപ്രായമാണ് ഉണ്ടായത്. ടാറ്റയുടെ ഇനിയുള്ള എസ്.യു.വികള്‍ എങ്ങനെയുള്ളതായിരിക്കും എന്നതിന്‍െറ സൂചനയും ഈ മനോഹര രൂപം നല്കുന്നു. പരുന്ത് എന്ന ഓമനപ്പേരിലാണ് ഹെക്സയെ ടാറ്റ അണിയറയില്‍ ഒരുക്കിയിരുന്നത്. ആര്യയെ അടിസ്ഥാനപ്പെടുത്തിയാണ് നിര്‍മാണം. ഇന്നോവയും എക്സ്.യു.വി ഫൈവ് ഡബ്ള്ഒയും ഭയക്കേണ്ടിവരും. ഹെക്സയിലും പുഞ്ചിരി പോലുള്ള ടാറ്റാ ഗ്രില്ലുണ്ട്. പക്ഷേ, അലുമിനിയം പട്ടയിട്ട അതിരുകള്‍ ഹെക്സക്ക് പുതിയൊരു ചന്തം നല്കുന്നു. വലിയ ഫോഗ് ലാമ്പ് ഇന്‍സര്‍ട്ടുകളും എയര്‍ ഡാമും ഹെക്സയുടെ ബമ്പറുകള്‍ക്കും മുഖത്തിനും പരുക്കന്‍ ഭാവം നല്‍കുന്നുണ്ട്. പ്രോജക്ടര്‍ ഹെഡ്ലൈറ്റുകള് ഗ്രില്ലിനോട് ചേര്‍ന്ന് നില്ക്കുന്നു. വലിയ വീല്‍ ആര്‍ച്ചുകളും കട്ടി കൂടിയ സൈഡ് ബോഡി ക്ളാഡിങ്ങും ഉണ്ട്. ജനാലകളും മറ്റ് ചില്ലിട്ട ഭാഗങ്ങളും ആര്യയുടെ ഓര്മ ഉണര്‍ത്തുന്നുണ്ട്. പിന്‍ഭാഗം വളരെ ഭംഗിയായി നിര്‍മിച്ചിരിക്കുന്നു. പുതിയ ആര്യയിലുള്ള 2.2 ലിറ്റര്‍ വേരികോര്‍ എന്‍ജിനാണ് ഇതിനും.
ഇരട്ട നിറമുള്ള ഇന്റീരിയര്‍, ടച് സ്ക്രീന്‍, കൈ്ളമറ്റ് കണ്ട്രോള്, ഫോര്‍വീല്‍ ഡ്രൈവ് തിരഞ്ഞെടുക്കാന്‍ പ്രത്യേക ബട്ടന്ആര്യയിലെപോലെ ഇരട്ട പുകക്കുഴല്‍. സെസ്റ്റില്നിന്ന് കടമെടുത്ത സ്റ്റിയറിങ് വീല്‍. അതില്‍ പാട്ടും ബ്ളൂടൂത്തും പ്രവര്‍ത്തിപ്പിക്കാനുള്ള സ്വിച്ചുകള്‍, ഹര്മന് ഇന്ഫോടൈന്മെന്റ് സിസ്റ്റം എന്നിവയൊക്കെ പ്രത്യേകതകള്‍. 19 ഇഞ്ച് ചക്രങ്ങളാണ് നല്‍കിയിരിക്കുന്നത്. ആറ് സീറ്റില്‍ ആദ്യ രണ്ട് നിരകളില്‍ രണ്ട് ക്യാപ്റ്റന്‍ സീറ്റുകള്‍. പിന്നില്‍ വിഭജിച്ച് മടക്കാവുന്ന ബഞ്ച് സീറ്റ്. 12 വോള്‍ട്ട് പവര്‍ സോക്കറ്റും എ.സി വെന്റുകളും പിന്നിലുള്ളവര്‍ക്കും നല്‍കിയിട്ടുണ്ട്. ആറ് എയര്‍ബാഗ്, ഓട്ടോമാറ്റിക് ഹെഡ്ലാമ്പ്, റെയിന്സെന്സര് വൈപ്പറുകള്‍ എന്നിയൊക്കെ ഉണ്ടാവും. 4764 മില്ലീമീറ്റര്‍ നീളം, 1895 എം.എം വീതി, 1780 എം.എം ഉയരം, 2850 എം.എം വീല്‍ബേസ് എന്നിവയാണ് ഹെക്സയുടെ അളവുകള്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.