ക്രിപ്റ്റൊ കറൻസി നിക്ഷേപ തട്ടിപ്പ്: 10 ചൈനീസ് വംശജർക്കെതിരെ കുറ്റപത്രം
text_fieldsന്യൂഡൽഹി: മൊബൈൽ ആപ്പിലൂടെ ബിറ്റ്കോയിനിലും ക്രിപ്റ്റൊകറൻസിയിലുമുള്ള നിക്ഷേപത്തിന് ഉയർന്ന ലാഭം വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയതിന് കള്ളപ്പണ നിരോധന നിയമപ്രകാരം 299 സ്ഥാപനങ്ങൾക്കും ചൈനീസ് വംശജരായ 10 പേർക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചു. നാഗാലാൻഡിലെ ദിമാപുർ പ്രത്യേക കോടതിയിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം നൽകിയത്.
299 സ്ഥാപനങ്ങളിൽ 76 എണ്ണം ചൈനീസ് നിയന്ത്രണത്തിലുള്ളതാണ്. രണ്ടു സ്ഥാപനങ്ങൾ മറ്റു വിദേശരാഷ്ട്രങ്ങളിലുള്ളവരാണ് നടത്തുന്നത്. എച്ച്.പി.ഇസെഡ് ടോക്കൺ എന്ന മൊബൈൽ ആപ്പിലൂടെയാണ് പ്രതികൾ തട്ടിപ്പിന് കളമൊരുക്കിയത്. കടലാസുകമ്പനികളുടെ ഡയറക്ടർമാരുടെ പേരിൽ അക്കൗണ്ടുകൾ തുറന്നാണ് നിക്ഷേപം സ്വീകരിച്ചത്.
57,000 രൂപ നിക്ഷേപത്തിന് മൂന്നു മാസത്തേക്ക് പ്രതിദിനം 4000 രൂപ ലാഭം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഒരു തവണ മാത്രമാണ് ലാഭം നൽകിയത്. പിന്നീട് നിക്ഷേപകരോട് കൂടുതൽ പണം ആവശ്യപ്പെടുകയായിരുന്നു. കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇ.ഡി രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ സ്വത്തുക്കളും നിക്ഷേപവും ഉൾപ്പെടെ 455 കോടി കണ്ടുകെട്ടിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.