'നിങ്ങൾ തോൽക്കുമ്പോൾ അട്ടിമറി'; തെരഞ്ഞെടുപ്പ് കമീഷനെയും എസ്.ഐ.ആറിനെയും പിന്തുണച്ച് 124 മുൻ ഐ.എ.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥർ
text_fieldsന്യൂഡൽഹി: ന്യൂഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ തെരഞ്ഞെടുപ്പ് കമീഷനെയും വോട്ടർ പട്ടിക തീവ്ര പുനപരിശോധനയെയും (എസ്.ഐ.ആർ) പിന്തുണച്ച് തുറന്ന കത്തുമായി 124 മുൻ ഐ.എ.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥർ. വോട്ടു തിരിമറി നടന്നുവെന്ന് ആരോപിക്കാൻ വിശ്വസനീയമായ തെളിവുകൾ വേണമെന്ന് ആവശ്യപ്പെട്ടാണ് തുറന്ന കത്തെഴുതിയത്. മുൻ വിദേശകാര്യ സെക്രട്ടറി കൻവൽ സിബൽ, മുൻ ഐ.എ.എസ് ഉദ്യോഗസ്ഥരായ ആർ.ഡി. കപൂർ, സമീരേന്ദ്ര ചാറ്റർജി, ഗോപാലകൃഷ്ണ, വിവേക് ഭരദ്വാജ്, നവ്നീത് സെഹ്ഗാൾ എന്നിവരും കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.
ബൂത്ത് പിടുത്തവും ബാലറ്റ് പെട്ടി മോഷണവും അക്രമങ്ങളും നിറഞ്ഞ ഒരു കാലഘട്ടത്തിൽനിന്ന് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനം വളരെ മെച്ചപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കത്തിൽ പറയുന്നു. ഇന്ന് എല്ലാ ബൂത്തുകളിലും സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യവും, വിവിപാറ്റ് കടലാസ് രസീതുകൾ യന്ത്രത്തിലെ വോട്ടുകളുമായി ഒത്തുനോക്കുന്ന സുരക്ഷാ സംവിധാനവും നിലവിലുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുരക്ഷാ മുൻകരുതലുകൾ, മുൻകാല തെഞ്ഞെടുപ്പ് ഫലങ്ങൾ, 2025ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഡാറ്റ എന്നിവ ചൂണ്ടിക്കാട്ടി കമീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന വാദങ്ങളെ കത്ത് തള്ളിപ്പറഞ്ഞു. "നിങ്ങൾ ജയിക്കുമ്പോൾ സിസ്റ്റം ശരിയും തോൽക്കുമ്പോൾ അട്ടിമറിയുമാണെന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ല."
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഇതേ തെരഞ്ഞെടുപ്പ് കമീഷന് കീഴിയിൽ നിരവധി തെരഞ്ഞെടുപ്പുകളിൽ തോൽവി വഴങ്ങുകയും 2024 ൽ കേവലഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടുണ്ടെന്നും കത്ത് ചൂണ്ടികാണിക്കുന്നു. കൃത്യമായ വോട്ടർ പട്ടിക സൂക്ഷിക്കാൻ എസ്.ഐ.ആർ ആവശ്യമാണെന്നും ഈ കത്തിൽ മുൻ ഉദ്യോഗസ്ഥർ പറഞ്ഞു. മരിച്ച വോട്ടർമാർ, ഇരട്ട വോട്ടുകൾ ഉള്ളവർ, സ്ഥിരമായി താമസം മാറിയവർ എന്നിവരെ കണ്ടെത്തി വോട്ടർ പട്ടിക കൃത്യമായി സൂക്ഷിക്കുന്നതിന് ഈ പ്രക്രിയ അത്യാവശ്യമാണ്. വ്യാജ വോട്ടർമാരെ ഒഴിവാക്കാനും തെരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കാനും ഇത് സഹായിക്കുന്നുവെന്നും അവർ വ്യക്തമാക്കി.
2003ന് ശേഷം ബിഹാറിൽ നടപ്പാക്കിയ എസ്.ഐ.ആറിൽ 22 ലക്ഷം മരിച്ച വോട്ടർമാരെയും ഏഴ് ലക്ഷം ഇരട്ട വോട്ടുകളെയും നീക്കം ചെയ്തപ്പോൾ, 21.5 ലക്ഷത്തോളം പുതിയ വോട്ടർമാരെ പട്ടികയിൽ കൂട്ടിച്ചേർക്കാൻ സാധിച്ചു. വോട്ടർ പട്ടിക സംബന്ധിച്ച പരാതികൾ ഉന്നയിക്കാനും അപ്പീൽ നൽകാനും രണ്ട് തലത്തിലുള്ള സംവിധാനങ്ങൾ ലഭ്യമാണെന്നും കരട് പട്ടികയിൽ പേരില്ലാത്തത് ശാശ്വതമായ ഒഴിവാക്കലല്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാപരമായ ചുമതലകൾ നിറവേറ്റാൻ അനുവദിക്കണമെന്നും തെളിവില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് സ്ഥാപനത്തിന്റെ വിശ്വസനീയത തകർക്കരുതെന്നും കത്ത് ആവശ്യപ്പെടുന്നു. ചോദ്യം ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശമാണ്, എന്നാൽ ആരോപണം തെളിയിക്കേണ്ടത് അത് ഉന്നയിക്കുന്നവരുടെ ഉത്തരവാദിത്തമാണെന്നും അവർ ഓർമിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

