‘16 ദിവസം കൊണ്ട് 1300 കിലോമീറ്റർ, 24 ജില്ലകളും 60 മണ്ഡലങ്ങളും’; രാഹുലിന്‍റെ ‘വോട്ടർ അധികാർ യാത്ര’യുടെ വഴികൾ
text_fieldsസാസാറാം (ബിഹാർ): ബിഹാറിൽ നവംബറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ട് ചോരിക്കും വോട്ട് ബന്ദിക്കും (വോട്ടു കൊള്ളക്കും എസ്.ഐ.ആറിനും) എതിരെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും നയിക്കുന്ന ‘വോട്ടർ അധികാർ യാത്ര’ക്ക് സംസ്ഥാനത്തെ കോൺഗ്രസ്-ആർ.ജെ.ഡി സഖ്യത്തിന് പുതുജീവൻ നൽകുമെന്ന് റിപ്പോർട്ട്. 16 ദിവസം കൊണ്ട് 1300 കിലോമീറ്ററാണ് ഇരുനേതാക്കളും യാത്ര നടത്തുക. ഇതിൽ സംസ്ഥാനത്തെ 24 ജില്ലകളും 60 നിയമസഭ മണ്ഡലങ്ങളും ഉൾപ്പെടും.
സാസാറാമിൽ നിന്ന് തുടങ്ങുന്ന യാത്ര ഔറംഗബാദ്, നളന്ദ, ഗയ, നവാഡ, ജാമുയി, ലഖിസരായ്, ഷേഖ് പുര, മുംഗർ, ഭഗൽപുർ, കാതിഹാർ, പുർണിയ, അരാരിയ, സോപോൾ, മധുബനി, ധർഭംഗ, മുസാഫർപുർ, സീതാമാർഗ്, മോത്തിഹാരി, പശ്ചിമ ചമ്പാരൻ, ഗോപാൽഗഞ്ച്, സിവാൻ, സരൺ, ഭോജ്പുർ എന്നീ ജില്ലകളിലൂടെ കടന്നു പോകും. സെപ്റ്റംബർ ഒന്നിന് പട്നയിലെ ഗാന്ധി മൈതാനത്ത് ഇൻഡ്യ സഖ്യ നേതാക്കൾ പങ്കെടുക്കുന്ന മഹാറാലിയോടെ പദയാത്ര സമാപിക്കും.
ബിഹാറിന്‍റെ നെല്ലറ എന്ന് അറിയപ്പെടുന്ന സാസാറാം കോൺഗ്രസിന്‍റെ ശക്തികേന്ദ്രമാണ്. ദീർഘകാലം ജഗ്ജീവൻ റാമിലൂടെയും 2004ലും 2009ലും മകൾ മീറ കുമാറിലൂടെയും കോൺഗ്രസിനൊപ്പം നിന്ന മണ്ഡലമാണ് സാസാറാം. ഇടക്ക് മണ്ഡലം കൈവിട്ടു പോയെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തിരിച്ചുപിടിച്ചു.
വോട്ടർപട്ടിക തീവ്ര പരിശോധന സംബന്ധിച്ച് ബോധവത്കരണം നടത്തുന്നതിനും വോട്ട് കൊള്ളക്കെതിരെ ജനവികാരം ഉണർത്തുന്നതിനും വേണ്ടിയാണ് കോൺഗ്രസ് ‘വോട്ടർ അധികാർ യാത്ര’ സംഘടിപ്പിക്കുന്നത്. ബിഹാറിലെ വോട്ടർപട്ടികയിൽ നിന്ന് 65 ലക്ഷം പേരുകളാണ് തെരഞ്ഞെടുപ്പ് കമീഷൻ നീക്കം ചെയ്യപ്പെട്ടത്. കരട് വോട്ടർപട്ടികയിൽ മരിച്ചവരെന്ന് വിലയിരുത്തി ഒഴിവാക്കിയ വോട്ടർമാർക്കൊപ്പം ചായ കുടിച്ചാണ് പോരാട്ടത്തിന് രാഹുൽ തുടക്കം കുറിച്ചത്. ജൂലൈ ഏഴിന് വാർത്താസമ്മേളനം വിളിച്ച രാഹുൽ വോട്ട് കൊള്ള ആരോപണം വിശദീകരിക്കുകയും കൂടുതൽ ജനശ്രദ്ധയിലേക്ക് കൊണ്ടുവരുകയും ചെയ്തു.
പദയാത്രയോടെ സംസ്ഥാനത്ത് കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും തുടക്കമാകും. സംസ്ഥാനത്ത് കോൺഗ്രസിന്‍റെ തിരിച്ചുവരവ് വ്യാപിപ്പിക്കാനും പാർട്ടി സംഘടനാ ശക്തി വർധിപ്പിക്കാനുമാണ് യാത്രയിലൂടെ രാഹുൽ ലക്ഷ്യമിടുന്നത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് അനുകൂലമാകുമെന്നാണ് കോൺഗ്രസ്-ആർ.ജെ.ഡി സഖ്യത്തിന്‍റെ വിലയിരുത്തൽ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേരിയ വ്യത്യാസത്തിലാണ് കോൺഗ്രസ്-ആർ.ജെ.ഡി സഖ്യത്തിന് ഭൂരിപക്ഷം നഷ്ടപ്പെട്ടത്.
243 അംഗ ബിഹാർ നിയമസഭയിലേക്ക് 2020ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ജെ.ഡി.യുവിന്‍റെ ഉൾപ്പെടുന്ന എൻ.ഡി.എ സഖ്യത്തിന് 125 സീറ്റും. കോൺഗ്രസ് -ആർ.ജെ.ഡി സഖ്യത്തിന് 110 സീറ്റും ലഭിച്ചു. ആർ.ജെ.ഡി -75, ജെ.ഡി.യു-43, ബി.ജെ.പി -74, കോൺഗ്രസ്- 19, ലോക്ജനശക്തി പാർട്ടി- 1, സ്വതന്ത്രരടക്കം മറ്റുള്ളവർ 31 സീറ്റിലും വിജയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.