ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു; 150 വിമാനങ്ങൾ വൈകി; 267 ട്രെയിനുകൾ റദ്ദാക്കി
text_fieldsന്യൂഡൽഹി: ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നത് ജനജീവിതം ദുസ്സഹമാക്കി. ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് വ്യോമ, റെയിൽ, റോഡ് ഗതാഗതം താറുമാറായി.
ഡൽഹിയിൽ കുറഞ്ഞ താപനില 3.8 ഡിഗ്രി സെൽഷ്യസാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. തുടർച്ചയായി അഞ്ചാം ദിവസവും ഡൽഹിയിൽ കുറഞ്ഞ താപനില ശരാശരിയെക്കാൾ താഴെയാണ് രേഖപ്പെടുത്തുന്നത്.
ഉയർന്ന പ്രദേശങ്ങളായ ഹിമാചൽ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളെക്കാൾ കുറഞ്ഞ താപനിലയാണ് ഡൽഹിയിൽ. അതിശൈത്യം തുടരുന്ന സാഹചര്യത്തിൽ ഡൽഹി സർക്കാർ സ്കൂൾ അവധി ജനുവരി 15 വരെ നീട്ടി. മൂടൽ മഞ്ഞിനെ തുടർന്നുള്ള ദൂരക്കാഴ്ച പരിധി കുറഞ്ഞതാണ് ഗതാഗത സംവിധാനത്തെ ബാധിച്ചത്. 150ലധികം വിമാനങ്ങൾ വൈകിയാണ് സർവിസ് നടത്തിയത്. 87 എക്സ്പ്രസ് ട്രെയിനുകളും 140 പാസഞ്ചർ ട്രെയിനുകളും 40 സബർബൻ ട്രെയിനുകളും ഉൾപ്പെടെ 267 ട്രെയിനുകൾ റദ്ദാക്കി.
സർവിസ് നടത്തുന്ന ട്രെയിനുകൾ മണിക്കൂറുകളാണ് വൈകുന്നത്. ദേശീയപാതകളിലും മറ്റും റോഡുകളിലും വാഹനാപകടം വൻതോതിൽ വർധിച്ചു. 25 മീറ്ററിനും 50 മീറ്റററിനും ഇടയിലാണ് തിങ്കളാഴ്ച ഡൽഹിയിലെ ദൂരക്കാഴ്ച പരിധി. അതിശൈത്യ തരംഗ സാഹചര്യം വരും ദിവസങ്ങളിലും ഉണ്ടാകാമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.