ജമ്മുവിൽ മൂന്ന് കുടുംബത്തിൽ 16 മരണം; കാരണം അജ്ഞാതം
text_fields(Representative Image)
രജൗരി/ജമ്മു: ജമ്മു-കശ്മീരിലെ രജൗരി ജില്ലയിൽ മൂന്ന് കുടുംബത്തിലെ 16 പേരെ മരണം തട്ടിയെടുത്തിട്ടും കാരണം അജ്ഞാതമായി തുടരുന്നു. രണ്ട് മാസത്തിനിടെയാണ് ഇവർ മരിച്ചത്. 60കാരിയായ ജട്ടി ബീഗമാണ് അവസാന ഇര. ഇവരുടെ ഭർത്താവും കഴിഞ്ഞ ദിവസം മരിച്ചു. മറ്റൊരു പെൺകുട്ടി ആശുപത്രിയിലാണ്.
ഡിസംബറിലാണ് ബദാൽ ഗ്രാമത്തിൽ മരണം തുടങ്ങിയത്. മരണകാരണം കണ്ടെത്താനുള്ള നീക്കത്തിനിടെ, ഈ മൂന്ന് വീടുകൾ അധികൃതർ പൂട്ടി ബന്തവസ്സാക്കി. അടുത്ത ബന്ധുക്കളായ 21 പേരെ സർക്കാർ അതിഥിമന്ദിരത്തിലേക്ക് മാറ്റി. അതിനിടെ, സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല ഉത്തരവിട്ടു.
സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണെന്നും മരണ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിൽ നിരവധി ഏജൻസികൾ രംഗത്തുണ്ടെന്നും ചീഫ് സെക്രട്ടറി അടൽ ദുല്ലൂ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ കുടുംബങ്ങൾ കഴിച്ച ഭക്ഷ്യവസ്തുക്കളും മരുന്നുകളും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കും. സാമ്പിളുകൾ പരിശോധനക്കായി ലബോറട്ടറികളിലേക്ക് അയക്കും. പ്രത്യേക സംഘം അന്വേഷണം തുടരുകയാണ്.
ഗ്രാമത്തിലെ സാഹചര്യങ്ങൾ പരിശോധിക്കുന്നുണ്ട്. മെഡിക്കൽ ഷോപ്പുകളിൽനിന്നടക്കം വിവരം തേടുന്നുണ്ട്. വിദഗ്ധർ അടങ്ങുന്ന കേന്ദ്ര സംഘം ഗ്രാമത്തിൽ ക്യാമ്പ് ചെയ്യുന്നു. പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും ഡൽഹിയിലെ ദേശീയ രോഗ നിയന്ത്രണ കേന്ദ്രത്തിലുമാണ് സാമ്പ്ൾ പരിശോധന നടത്തിയത്.
മരണപരമ്പരയിലെ ആദ്യസംഭവം ഡിസംബർ ഏഴിനായിരുന്നു. അന്ന് ഏഴംഗ കുടുംബമാണ് രോഗബാധിതരായത്. അഞ്ചുപേർ മരണത്തിന് കീഴടങ്ങി. ഡിസംബർ 12നാണ് ഒമ്പതംഗ കുടുംബത്തെ ബാധിച്ചതും മൂന്നുപേർ മരിച്ചതും. ഒരു മാസത്തെ ഇടവേളയിലാണ് മൂന്നാമത്തെ സംഭവം. ജനുവരി 12ന് അഞ്ച് കുട്ടികളടക്കം ഏഴുപേർ മരണത്തിന് കീഴടങ്ങി.
ഈ സംഭവങ്ങൾക്ക് ഏതെങ്കിലും പകർച്ചവ്യാധിയുമായി ബന്ധമില്ലെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്ന് ചീഫ് സെക്രട്ടറി കൂട്ടിച്ചേർത്തു. അതേസമയം, മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ബുദാൽ പൊലീസ് സൂപ്രണ്ട് വജാഹത്ത് ഹുസൈന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.