‘ടി.എം.സി വിട്ട 17 എം.പിമാർ ബി.ജെ.പിയിൽ ചേരും’; കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ലെന്ന് വിമത നേതാവ്
text_fieldsകൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് വിട്ട് നാഷനലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ ചേർന്ന (എൻ.സി.പി.ഐ) 20 എം.പിമാരിൽ 17 പേർ ദുർഗാ പൂജക്കു മുമ്പായി ബി.ജെ.പിയിൽ ചേർന്നേക്കുമെന്ന് വിമത നേതാവും കൂച്ച് ബിഹാർ എം.പിയുമായ ജഗദീഷ് ചന്ദ്ര ബർമ ബസുനിയ. എം.പിമാർ ഒരുമിച്ചാണ് ബി.ജെ.പിയിൽ ചേരുന്നതെന്നും അതിനാൽ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ടതിനു പിന്നാലെ ജൂൺ 14നാണ് 20 ടി.എം.സി വിമത എം.പിമാർ പാർട്ടി വിട്ട് എൻ.സി.പി.ഐയിൽ ചേരുന്നതും എൻ.ഡി.എക്ക് പിന്തുണ പ്രഖ്യാപിക്കുന്നതും.
ഇന്ത്യൻ രാഷ്ട്രീയത്തിൽ അത്രയൊന്നും അറിയപ്പെടാത്ത എൻ.സി.പി.ഐയിൽ 20 ടി.എം.സി എം.പിമാർ ചേർന്നത് വലിയ വാർത്തയായിരുന്നു. ‘ഞങ്ങൾ 17 എം.പിമാർ ഒരുമിച്ചാണ് ബി.ജെ.പിയിലേക്ക് പോകുന്നത്. 20 അംഗങ്ങളിൽ മൂന്നിൽ രണ്ടുപേരും ഒരുമിച്ചു പോകുന്നതിനാൽ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല’ - ജഗദീഷിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അതേസമയം, ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നുള്ള അബു താഹിർ ഖാൻ, ഖലീലുർ റഹ്മാൻ, യൂസഫ് പത്താൻ എന്നീ എം.പിമാർ ബി.ജെ.പിയിൽ ചേരില്ല. പുറത്തുനിന്ന് എൻ.ഡി.എക്കുള്ള പിന്തുണ തുടരും. കാകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിലാണ് 20 എം.പിമാർ ടി.എം.സി വിട്ട് എൻ.സി.പി.ഐയിലേക്ക് എത്തിയത്.
ബി.ജെ.പിയിൽ നേരിട്ട് ചേരാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെന്നും എന്നാൽ അബു താഹിറിന്റെയും മറ്റ് രണ്ട് എം.പിമാരുടെയും എതിർപ്പ് കാരണം അത് നടന്നില്ല. പിന്നാലെയാണ് എൻ.സി.പി.ഐയിൽ ചേരുന്നതെന്നും ജഗദീഷ് പറഞ്ഞു. ത്രിപുരയിൽ രണ്ട് നിയമസഭാ സീറ്റുകളിൽ മാത്രം മത്സരിച്ച തെരഞ്ഞെടുപ്പ് കമീഷന്റെ അംഗീകാരമില്ലാത്ത പാർട്ടിയാണ് എൻ.സി.പി.ഐ. അതുവരെ എൻ.സി.പി.ഐയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്ന് ജഗദീഷ് തുറന്നു സമ്മതിച്ചു. വാർത്തകളോട് മറ്റു എം.പിമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

