Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണിപ്പൂരിൽ വീണ്ടും...

മണിപ്പൂരിൽ വീണ്ടും വംശീയ സംഘർഷം: രണ്ട് കുക്കി-സോ വംശജർ കൊല്ലപ്പെട്ടു

text_fields
bookmark_border
naga kuki clash
cancel

ഇംഫാൽ: മണിപ്പൂരിൽ തട്ടിക്കൊണ്ടുപോയ ആറ് നാഗാ യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും സംഘർഷം പുകയുന്നു. ഇൻഡോ-മ്യാൻമർ അതിർത്തിയോട് ചേർന്നുള്ള കുക്കി-സോ ഗ്രാമത്തിലുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. കാൻജോങ് ജില്ലയിലെ കുൽത്തു ഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ നിരവധി വീടുകളും അക്രമികൾ തീയിട്ടു നശിപ്പിച്ചു.

വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെ ആയുധങ്ങളുമായി ഗ്രാമത്തിൽ അതിക്രമിച്ചു കയറിയ സംഘം ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. കുക്കി ബാപ്റ്റിസ്റ്റ് ചർച്ചിലെ ചീഫ് ഡീക്കനായ ലെറ്റ്മിൻലുൻ ഹാഒകിപ് (35), ചർച്ച് യൂത്ത് ചെയർമാൻ ലുൻമിൻതാങ് ഹാഒകിപ് (23) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ടെങ്കിലും അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.

കഴിഞ്ഞ മെയ് 13ന് കാണാതായ ആറ് നാഗാ യുവാക്കളുടെ മൃതദേഹങ്ങൾ സുരക്ഷാ സേന കണ്ടെടുത്തതായി ബുധനാഴ്ച വൈകുന്നേരം പൊലീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തത്. കാണാതായവർക്കായി കഴിഞ്ഞ നാല് ആഴ്ചയായി തിരച്ചിൽ നടത്തിവരികയായിരുന്നു. സേനാപതി ജില്ലയിൽ തങ്ങൾ തടവിലാക്കിയിരുന്ന 14 കുക്കി വംശജരെ നാഗാ സംഘടനകൾ മോചിപ്പിച്ചതിന് തൊട്ടടുത്ത ദിവസമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ ആറ് നാഗാ യുവാക്കളെ കണ്ടെത്തണമെന്ന ആവശ്യത്തോടെയായിരുന്നു ഇവർ കുക്കി വംശജരെ ബന്ദികളാക്കിയിരുന്നത്.

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തലസ്ഥാനമായ ഇംഫാലിലെ ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് കൊണ്ടുപോകുന്നു എന്ന വാർത്ത പരന്നതോടെ വൻ ജനക്കൂട്ടം ആശുപത്രി പരിസരത്ത് തടിച്ചുകൂടി. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് മൃതദേഹങ്ങൾ ഇവിടെയെത്തിച്ചത്.

കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും നാഗാ സിവിൽ സൊസൈറ്റി സംഘടനകളും ഉൾപ്പെടെയുള്ള ജനക്കൂട്ടം വൈകാരികമായി പ്രതികരിക്കുകയും സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്തതോടെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സുരക്ഷാ സേനക്ക് കണ്ണീർവാതകം പ്രയോഗിക്കേണ്ടി വന്നു. ഇതിന്റെ തുടർച്ചയായാണ് വ്യാഴാഴ്ച പുലർച്ചെ കുക്കി ഗ്രാമത്തിന് നേരെ ക്രൂരമായ ആക്രമണം ഉണ്ടായതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. സംസ്ഥാനത്ത് നിലവിൽ കടുത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManipurIndiaKuki-zo tribalsManipur ethnic violenceEthnic conflict
News Summary - 2 killed in fresh violence as tensions boil over in Manipur day after 6 abducted men’s bodies found
Next Story