ബാലനീതി നിയമ ഭേദഗതി ബില്‍ രാജ്യസഭ ശബ്ദ വോട്ടോടെ പാസാക്കി
text_fieldsന്യൂഡൽഹി: ഏറെ വിവാദമായ ബാലനീതി നിയമ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി അവതരിപ്പിച്ച ബിൽ അംഗങ്ങളുടെ നാലര മണിക്കൂർ നീണ്ട ചർച്ചക്ക് ശേഷം ശബ്ദ വോട്ടോടെയാണ് പാസാക്കിയത്. നേരത്തെ ഭേദഗതി ബില്ലിന് ലോക്സഭ അംഗീകാരം നൽകിയിരുന്നു. പാർലമെന്‍റ് പാസാക്കിയ ബിൽ ഇനി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമർപ്പിക്കും. രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ ബിൽ നിയമമാകും.
ഭേദഗതി ബിൽ സെലക്ട് കമ്മിറ്റിക്ക് വിടാത്തതിൽ പ്രതിഷേധിച്ച് സി.പി.എം അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ച് സഭ വിട്ടിറങ്ങി. കുറ്റവാളിയുടെ പ്രായപരിധി 18ൽ നിന്ന് 16 ആയി കുറച്ചത് കൊണ്ട് പ്രശ്നം പരിഹരിക്കാനാവില്ലെന്ന് സി.പി.എം രാജ്യസഭാ കക്ഷി നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. പതിനഞ്ചര വയസുള്ള ഒരാൾ കുറ്റം ചെയ്താൽ പ്രായപരിധി 15 ആയി കുറക്കുമോ എന്ന് യെച്ചൂരി ചോദിച്ചു. ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകളിൽ 14 വയസുള്ള ഒരാൾ ചേരുകയാണെങ്കിൽ സർക്കാർ എന്ത് ചെയ്യും. കുറ്റവാളിയുടെ പ്രായമല്ല കുറ്റകൃത്യത്തിന്‍റെ സ്വഭാവമാണ് നോക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
16നും 18നും ഇടയിലുള്ളവർ കൊലപാതകം, തട്ടിക്കൊണ്ട് പോകൽ, ബലാത്സംഗം തുടങ്ങിയ ഹീന കുറ്റങ്ങൾ ചെയ്താൽ അവരെ മുതിർന്ന കുറ്റവാളിയായി പരിഗണിക്കും. കുറ്റത്തിന്‍റെ കാഠിന്യം എന്താണെന്ന് ഒരു ജുവനൈൽ ജസ്റ്റിസ് ബോർഡ് തീരുമാനിക്കും. ബോർഡിന്‍റെ ശിപാർശ പിന്നീട് കോടതിയുടെ പരിഗണനക്ക് വരും. മുതിർന്ന കുറ്റവാളിയായി പരിഗണിച്ച് വിചാരണ ചെയ്യണമോ എന്ന് കോടതി തീരുമാനിക്കും. ഇതിനെതിരെ മേൽകോടതിയിൽ അപ്പീൽ നൽകാൻ കുറ്റവാളിക്ക് അവകാശമുണ്ടാകും. ചില കുറ്റങ്ങൾക്ക് നിലവിലുള്ള മൂന്ന് വർഷം ശിക്ഷയെന്നുള്ളത് ഏഴ് വർഷം വരെയായി ഉയർത്തി. കുറ്റത്തിന്‍റെ രീതിയനുസരിച്ച് ജീവപര്യന്തം വരെ ശിക്ഷ നൽകാനുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്.
കോൺഗ്രസ്, ജനതാദൾ യു, എൻ.സി.പി, എസ്.പി എന്നീ പാർട്ടികൾ ബില്ലിനെ എതിർത്തു. ബില്ല് സെലക്ട് കമ്മറ്റി പരിഗണനക്ക് വിടണമെന്നും അവർ വാദിച്ചു. എന്നാൽ, വോട്ടെടുപ്പ് ആവശ്യം ഇവർ ഉന്നയിച്ചില്ല. ബി.ജെ.പിയെ കൂടാതെ തൃണമൂൽ കോൺഗ്രസും ബി.എസ്.പിയും ബില്ലിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. രാജ്യസഭ ബിൽ ചർച്ച ചെയ്യുന്നത് നേരിൽ കാണാൻ ഡൽഹി കൂട്ടബലാത്സംഗത്തിന്‍റെ ഇര ജ്യോതി സിങ്ങിന്‍റെ മാതാപിതാക്കൾ സന്ദർശന ഗാലറിയിൽ എത്തിയിരുന്നു.
16 വയസുള്ളയാൾ ജയിലിൽ കിടക്കണമെന്നല്ല ബില്ല് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മേനക ഗാന്ധി പറഞ്ഞു. കുട്ടിക്കുറ്റവാളികൾക്കായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കണമെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് സഭയിൽ ആവശ്യപ്പെട്ടു. ജയിലുകളിൽ അവർക്ക് വേണ്ടി പ്രത്യേക ക്രമീകരണങ്ങൾ ഏർപെടുത്തണമെന്നും പരിശീലനവും വിദ്യാഭ്യാസവും നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ബില്ലിന് മുൻകാല പ്രാബല്യം നൽകാൻ സാധിക്കില്ലെന്ന് പാർലമെന്‍ററികാര്യ മന്ത്രി വെങ്കയ്യ നായിഡു സഭയെ അറിയിച്ചു.
ഡൽഹി കൂട്ടബലാത്സംഗത്തിന്‍റെ പശ്ചാത്തലത്തിലാണ് ബാലനീതി നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. കേസിൽ പ്രതിയായ ഒരാൾക്ക് 18ന് താഴെ പ്രായമുള്ളതിനാൽ കുട്ടിക്കുറ്റവാളിയായി കണക്കാക്കി ഇയാൾക്കെതിരായ കേസ് ജുവനൈൽ ജസ്റ്റിസ് ബോർഡാണ് പരിഗണിച്ചത്. പരമാവധി ശിക്ഷയായ മൂന്ന് വർഷം പൂർത്തിയാക്കി ഇയാൾ കഴിഞ്ഞ ദിവസം ജയിൽ മോചിതനായിരുന്നു. ഇതോടെ നിയമം ഭേദഗതി ചെയ്യാൻ വൈകുന്നതിനെതിരെ ഡൽഹി കൂട്ടബലാത്സംഗത്തിന്‍റെ ഇര ജ്യോതി സിങ്ങിന്‍റെ മാതാപിതാക്കൾ അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിയെ പുറത്തുവിടരുതെന്ന് ചൂണ്ടിക്കാട്ടി ഡൽഹി മനുഷ്യാവകാശ കമീഷൻ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും നിലവിലെ നിയമപ്രകാരം പ്രതിയെ മോചിപ്പിക്കണമെന്നാണ് കോടതി ഉത്തരവിട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.