‘അഖണ്ഡ ഭാരതം’ പരാമർശം: റാം മാധവ് ഖേദം പ്രകടിപ്പിച്ചു
text_fieldsന്യൂഡൽഹി: ‘അഖണ്ഡ ഭാരതം’ പരാമർശം വിവാദമായതിൽ ബി.ജെ.പി ജനറൽ സെക്രട്ടറി റാം മാധവ് ഖേദം പ്രകടിപ്പിച്ചു. ഇന്ത്യ-പാക് സമാധാന നീക്കങ്ങൾ ആർ.എസ്.എസ് തകർക്കുന്നുവെന്ന ആരോപണം തെറ്റാണ്. ഭൂമിശാസ്ത്രപരമായി അതിർത്തികൾ മാറ്റിവരക്കുകയല്ല, തെക്കൻ ഏഷ്യൻ രാജ്യങ്ങളിലെ സാംസ്കാരിക സമന്വയമാണ് അഖണ്ഡ ഭാരതം എന്നത് കൊണ്ട് ലക്ഷ്യമിട്ടത്. തന്‍റെ പരാമർശം പ്രധാനമന്ത്രിയുടെ പാകിസ്താൻ സന്ദർശനത്തിന്‍റെ ശോഭ കുറച്ചതിൽ ദുഃഖമുണ്ടെന്നും റാം മാധവ് വ്യക്തമാക്കി.
അൽ ജസീറ ചാനലിന്‍റെ ടോക്ക് ഷോയിലാണ് ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും പുന:സംയോജിക്കുന്നതോടെ അഖണ്ഡ ഭാരതം യാഥാർഥ്യമാകുമെന്ന് മുൻ ആർ.എസ്.എസ് വക്താവായിരുന്ന റാം മാധവ് പറഞ്ഞത്. അധീനപ്പെടുത്തിയോ യുദ്ധത്തിലൂടെയോ അല്ല ജനങ്ങളുടെ യോജിപ്പിലൂടെ ആണ് അഖണ്ഡ ഭാരതം യാഥാർഥ്യമാവേണ്ടത്. 60 വർഷത്തിനിടെ ചരിത്രപരമായ കാരണങ്ങളാൽ വിഭജിക്കപ്പെട്ട ഭാഗങ്ങൾ പൊതുനന്മക്കായി ഒരു ദിവസം കൂടിച്ചേരുമെന്നാണ് ആർ.എസ്.എസിന്‍റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ, ‘അഖണ്ഡ ഭാരതം’ സാംസ്കാരികമായ ഒന്നാണെന്നും അതിനെ രാഷ്ട്രീയപരമായി കാണരുതെന്നുമായിരുന്നു ആർ.എസ്.എസ് നേതാവ് രകേഷ് സിൻഹയുെട പ്രതികരണം. റാം മാധവിന്‍റെ പ്രസ്താവന രാഷ്ട്രീയമാണ്. ഇക്കാര്യത്തിൽ ബി.ജെ.പി നേതൃത്വം റാം മാധവിനോട് വിശദീകരണം ചോദിക്കുന്നത് നന്നാവുമെന്നും സിൻഹ അഭിപ്രായപ്പെട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.