2002 മുതൽ മോദി പ്രത്യയശാസ്ത്ര അസഹിഷ്ണുതയുടെ ഇര -അരുൺ ജെയ്റ്റ് ലി
text_fieldsന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന അസഹിഷ്ണുതക്കെതിരെ പ്രതിഷേധം നടക്കുന്നതിനിടെ കോൺഗ്രസിനെയും ഇടതുപക്ഷത്തെയും വിമർശിച്ച് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ് ലി. പ്രത്യയശാസ്ത്രപരമായ അസഹിഷ്ണുതയാണ് സർക്കാറിനെ വിമർശിക്കുന്നവർ കാണിക്കുന്നതെന്നും 2002 മുതൽ നരേന്ദ്ര മോദിയാണ് ഇതിൻെറ ഏറ്റവും വലിയ ഇരയായിട്ടുള്ളതെന്നും അരുൺ ജെയ്റ്റ്ലി പറഞ്ഞു. ലോകത്തിനുമുന്നിൽ ഇന്ത്യയെ ഒരു അരക്ഷിത രാജ്യമായി ചിത്രീകരിക്കാനാണ് കൃത്യമായ പദ്ധതിയോടുകൂടി നടക്കുന്ന പ്രചരണങ്ങളിലൂടെ ഇവർ ചെയ്യുന്നതെന്നും ജെയ്റ്റ് ലി കുറ്റപ്പെടുത്തി.
രാജ്യത്തിൻെറയും ഈ സർക്കാറിൻെറയും നൻമ ആഗ്രഹിക്കുന്നവർ ഇത്തരത്തിൽ പ്രസ്താവന നടത്തരുത്. ഇത് അന്തരീക്ഷത്തെ മലിനപ്പെടുത്തും. രാജ്യത്തിൻെറ വളർച്ചയെ തടയും. വർഷങ്ങളായി ആശയപരമായി കോൺഗ്രസും ഇടത് പാർട്ടികളും ഇടത് ചിന്തകരും ബി.ജെ.പിയെ എതിർക്കുന്നു. അവർ കാണിക്കുന്ന പ്രത്യശാസ്ത്രപരമായ അസഹിഷ്ണുതയാണ് ഇത് കാണിക്കുന്നതെന്നും ജെയ്റ്റ് ലി തൻെറ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
സർക്കാറിനെ എതിർക്കുന്നതിലൂടെ രണ്ട് കാര്യങ്ങളാണ് ഇവർ ലക്ഷ്യമിടുന്നത്. ഒന്ന് പാർലമെൻറ് തടസ്സപ്പെടുത്തി രാജ്യപുരോഗതിയുടെ െക്രഡിറ്റ് മോദി സർക്കാറിന് നൽകാതിരിക്കുക. രണ്ട്, വ്യാജപ്രചാരണം നടത്തി രാജ്യത്ത് അരക്ഷിതാവസ്ഥ ഉണ്ട് എന്ന് വരുത്തിത്തീർക്കുക. അവർ ഇന്ത്യയെ ഒരു അസഹിഷ്ണുത രാജ്യമായി ഉയർത്തിക്കാട്ടാനാണ് ശ്രമിക്കുന്നതെന്നും ജെയ് റ്റ്ലി പറഞ്ഞു.
രാജ്യത്ത് വിവിധ വിഭാഗങ്ങളിൽ പെട്ട പൗരൻമാർക്കെതിരെയുണ്ടാകുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവർ സർക്കാറിനെതിരെ പ്രതിഷേധിക്കുകയാണ്. എഴുത്തുകാരും സിനിമാ പ്രവർത്തകരുമടക്കം അവരുടെ പുരസ്കാരങ്ങൾ തിരിച്ചുനൽകിയാണ് പ്രതിഷേധിക്കുന്നത്. കേന്ദ്ര സർക്കാറിൻെറ ഭാഗത്തുനിന്നും തുടക്കം മുതൽ ഈ പ്രതിഷേധങ്ങളെ പ്രതിരോധിക്കുന്നത് അരുൺ ജെയ്റ്റ് ലിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.