നിക്ഷേപ രംഗത്ത് സാഹസിക കാൽവെപ്പുകളാണാവശ്യം -മോദി
text_fieldsറിയാദ്: നിക്ഷേപകരുടെ മുന്നിൽ വാതിലുകൾ മലർക്കെ തുറന്നിട്ട രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യത്യസ്ത മേഖലകളിൽ വിദേശ സംരംഭകർക്ക് സധൈര്യം മുതൽ മുടക്കാമെന്നും മുന്നോട്ടുള്ള പ്രയാണത്തിന് സാഹസികമായ കാൽവെപ്പുകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സൗദി കൗൺസിൽ ഓഫ് ചേംബേഴ്സ് ഹാളിൽ സൗദി സംരംഭകരുമായി നടന്ന കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിന് മുന്നിൽ ഇന്ത്യക്ക് സമർപ്പിക്കാനുള്ളത് മികച്ച നിക്ഷേപക സൗഹൃദാന്തരീക്ഷമാണ്. ഏറ്റവും മികച്ച യുവ മാനവ ശേഷിയും ജനാധിപത്യ സംവിധാനവും മികച്ച ഭരണകൂടവുമുള്ള രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ലോകത്തിന് പ്രതീക്ഷയുടെ കിരണങ്ങളാണ് രാജ്യം നൽകുന്നത്. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. വിദേശ നിക്ഷേപത്തിൽ 40 ശതമാനം വർധനവാണ് താൻ അധികാരമേറ്റതിന് ശേഷം കൈവരിച്ചത്. പെട്രോളിയം, പ്രതിരോധം, സാങ്കേതിക വിദ്യ, ആരോഗ്യ മേഖല, ആരോഗ്യ ഉപകരണങ്ങളുടെ നിർമാണ വിതരണം, കീടനാശിനി നിർമാണം എന്നീ മേഖലകളിലെല്ലാം സൗദി സംരംഭകർക്ക് നിക്ഷേപ സാധ്യതകൾ ഏറെയാണ്. റെയിൽവേ, ഭക്ഷ്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ടെന്നും മോദി വ്യക്തമാക്കി.
ഊർജ മേഖലയിൽ സാങ്കേതിക വിദ്യയുടെ അഭാവം ഇപ്പോഴുമുണ്ട്. ഏറ്റവും കൂടുതൽ എണ്ണയും പ്രതിരോധ സാമഗ്രികളും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഈ മേഖലയിൽ സൗദി സംരംഭകർക്ക് കടന്നുവരാം. ചുവപ്പു നാടകളും നിക്ഷേപകരെ ബുദ്ധിമുട്ടിക്കുന്ന നികുതി നടപടികളും പഴയ കഥയാണ്. ഖനന മേഖലയിൽ വലിയ സാധ്യതകളാണ് നിക്ഷേപകർക്കുള്ളത്. സൗദിക്ക് ഭക്ഷ്യ വിഭവങ്ങൾ ആവശ്യമുണ്ട്. ഞങ്ങൾക്ക് കീടനാശിനിയും ആവശ്യമുണ്ട്. ഈ മേഖലയിലും സംയുക്ത സംരംഭങ്ങളുണ്ടാവണം -മോദി പറഞ്ഞു.
അതേസമയം, ഇസ്ലാമിക് ബാങ്കിങ് മേഖലയിൽ ഇന്ത്യയുടെ സാധ്യതകളെന്താണെന്ന ചോദ്യത്തിന് പ്രധാനമന്ത്രി വ്യക്തമായ മറുപടി നൽകിയില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.