ബാങ്കുകള്‍ക്ക് 6868 കോടി തിരിച്ചടക്കാമെന്ന് മല്യ
text_fieldsന്യൂഡല്‍ഹി: കിങ്ഫിഷര്‍ എയര്‍ലൈന്‍സിനുവേണ്ടി ബാങ്കുകള്‍ക്ക് തിരിച്ചടക്കാനുള്ള വായ്പയില്‍ മുമ്പ് വാഗ്ദാനം ചെയ്ത തുകക്കു പുറമെ 2468 കോടി രൂപകൂടി അധികം നല്‍കാമെന്ന് വിവാദ വ്യവസായി വിജയ് മല്യ. തനിക്ക് മുന്നോട്ടുവെക്കാന്‍ കഴിയുന്ന എറ്റവും മികച്ച വാഗ്ദാനമാണിതെന്നും അദ്ദേഹം സുപ്രീംകോടതിയെ അറിയിച്ചു. എന്നാല്‍, എന്നാണ് ഇന്ത്യയിലേക്ക് മടങ്ങുന്നതെന്ന കോടതിയുടെ ചോദ്യത്തിന് മല്യ മറുപടി നല്‍കിയില്ല.
എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ട്ട്യത്തിന് 9000 കോടി രൂപയാണ് മല്യ നല്‍കാനുള്ളത്. ഇതില്‍ 4400 കോടി നല്‍കാമെന്ന് നേരത്തേ സുപ്രീംകോടതിയെ അറിയിച്ചെങ്കിലും ഈ നിര്‍ദേശം ബാങ്കുകള്‍ തള്ളിയിരുന്നു. ബാങ്കുകള്‍ കോടതിനടപടി ശക്തമാക്കിയതിനെ തുടര്‍ന്ന് രാജ്യംവിട്ട മല്യയുടെ പാസ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്യുകയും കഴിഞ്ഞ ദിവസം കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് 2468 കോടി രൂപകൂടി അധികമായി നല്‍കാമെന്ന നിര്‍ദേശം മുമ്പോട്ടുവെച്ചത്. ഇതോടെ തിരിച്ചടക്കാമെന്ന് സമ്മതിച്ച തുക 6868 കോടിയായി. ഉയര്‍ന്ന എണ്ണവിലയും അമിത നികുതികളും തകരാറുകളുള്ള വിമാന എന്‍ജിനുകളും കാരണം തനിക്കും കുടുംബത്തിനും യു.ബി ഗ്രൂപ്പിനും കിങ്ഫിഷര്‍ ഫിന്‍വെസ്റ്റിനും കൂടി 6107 കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്ന് മല്യ കോടതിയെ അറിയിച്ചു. തന്‍െറ മൂന്നു മക്കളും യു.എസ് പൗരത്വമുള്ളവരാണ്. അകന്നുകഴിയുന്ന ഭാര്യ 1996 മുതല്‍ കാലിഫോര്‍ണിയയിലാണ്. അവര്‍ സുപ്രീംകോടതിയുടെ പരിധിക്കു പുറത്താണെങ്കിലും ഇന്ത്യയിലും വിദേശത്തുമായി മൊത്തം കുടുംബത്തിനുമുള്ള വസ്തുവകകളുടെ പട്ടിക സീല്‍ ചെയ്ത കവറില്‍ കോടതിക്ക് സമര്‍പ്പിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് വായ്പ അനുവദിക്കുന്ന ഘട്ടത്തില്‍ ഈ ആസ്തികള്‍ ബാങ്കുകള്‍ പരിഗണിച്ചിട്ടില്ല എന്നതിനാലാണ് അവ ബാങ്കുകളോട് വെളിപ്പെടുത്തുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും മല്യ അറിയിച്ചു. തന്‍െറ വിവിധ സ്ഥാപനങ്ങളുടെ ഓഹരി വിറ്റ് 1591 കോടി രൂപ സുപ്രീംകോടതി മുമ്പാകെ കെട്ടിവെക്കാമെന്നും മല്യ അറിയിച്ചു. വിവിധ കേസുകളിലായി കര്‍ണാടക ഹൈകോടതി മുമ്പാകെ നിക്ഷേപിച്ച 1329 കോടിയും വേണമെങ്കില്‍ ഈട് നല്‍കാം. കിങ്ഫിഷറിന് നല്‍കിയ വായ്പകൊണ്ടല്ല വിദേശത്തെ ഒരാസ്തിയും സമ്പാദിച്ചതെന്നും 24ന് സീല്‍ ചെയ്ത കവറില്‍ ആസ്തി പട്ടിക നല്‍കാന്‍ അനുമതി തേടി മല്യ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.