മെഡിക്കൽ പ്രവേശത്തിന് ഇനി ഏകീകൃത പരീക്ഷ
text_fieldsന്യൂഡല്‍ഹി: മെഡിക്കല്‍, ഡന്‍റല്‍ ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്ക് ഈ വര്‍ഷം ദേശീയ പ്രവേശപരീക്ഷയായ ‘നീറ്റ്’ (നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസറ്റ്) നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഇതിനകം അപേക്ഷ നല്‍കിയവര്‍ക്ക് മേയ് ഒന്നിന് ഒന്നാം ഘട്ടമായും അപേക്ഷിക്കാത്തവര്‍ക്ക് ജൂലൈ 24ന് രണ്ടാംഘട്ടമായും പരീക്ഷ നടത്താന്‍ ജസ്റ്റിസുമാരായ അനില്‍ ആര്‍. ദവെ, ശിവകീര്‍ത്തി സിങ്്, എ.കെ. ഗോയല്‍ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു. വ്യാഴാഴ്ച രാവിലെയും വൈകീട്ടുമായി രണ്ട് ഉത്തരവുകളിറക്കിയാണ് അടിയന്തരമായി പൊതു പ്രവേശപരീക്ഷ നടത്താന്‍ സി.ബി.എസ്.ഇക്ക് അനുമതി നല്‍കിയത്.
സി.ബി.എസ്.ഇക്കുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ സമര്‍പ്പിച്ച പരീക്ഷാ ഷെഡ്യൂള്‍ സുപ്രീംകോടതി അംഗീകരിച്ചു. ഇതുപ്രകാരം മേയ് ഒന്നിന് നടക്കുന്ന എ.ഐ.പി.എം.ടി (ഓള്‍ ഇന്ത്യ പ്രീ-മെഡിക്കല്‍ പ്രീ-ഡെന്‍റല്‍ ടെസ്റ്റ്) 2016 ദേശീയ പ്രവേശപരീക്ഷയുടെ (നീറ്റ്) ഒന്നാം ഘട്ടമായി കണക്കാക്കും. ഇതിന് അപേക്ഷിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് ജൂലൈ 24ന് രണ്ടാംഘട്ട പരീക്ഷ നടത്തും.
ആഗസ്റ്റ് 17ന് രണ്ടുഘട്ട പരീക്ഷകളുടെയും ഫലം സി.ബി.എസ്.ഇ ഒന്നിച്ച് പുറത്തുവിടും. അഖിലേന്ത്യാതലത്തിലുള്ള റാങ്ക്ലിസ്റ്റ് സി.ബി.എസ്.ഇ പ്രസിദ്ധീകരിക്കും. സി.ബി.എസ്.ഇക്ക് പരീക്ഷാനടത്തിപ്പിന്‍െറ മാത്രം ചുമതലയായതിനാല്‍ പ്രവേശ അതോറിറ്റി റാങ്ക്ലിസ്റ്റിന്‍െറ അടിസ്ഥാനത്തില്‍ കൗണ്‍സലിങ്ങിന് അപേക്ഷ ക്ഷണിക്കുകയും യോഗ്യതനേടിയവരുടെ പട്ടിക തയാറാക്കുകയും ചെയ്യും. എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകള്‍ക്ക് കേരളമടക്കം സംസ്ഥാനങ്ങളും സ്വാശ്രയ, സ്വകാര്യ മാനേജ്മെന്‍റുകളും നടത്തുന്ന പ്രവേശപരീക്ഷ ഇതോടെ അസാധുവായി. അതേസമയം, കേരളമടക്കം സംസ്ഥാനങ്ങള്‍ നടത്തിയ പ്രവേശപരീക്ഷയുടെ റാങ്ക്ലിസ്റ്റ് എം.ബി.ബി.എസും ബി.ഡി.എസുമല്ലാത്ത കോഴ്സുകള്‍ക്ക് പ്രയോജനപ്പെടുത്താനാകും.
പരീക്ഷാനടത്തിപ്പിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കും പൊലീസിനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സുപ്രീംകോടതി നിര്‍ദേശം നല്‍കി. പരീക്ഷാനടത്തിപ്പിന് ഏതെങ്കിലും തരത്തിലുള്ള തടസ്സം ആര്‍ക്കെങ്കിലും നേരിട്ടാല്‍ സുപ്രീംകോടതിയെ സമീപിക്കണമെന്നും ഉത്തരവിലുണ്ട്. ദേശീയ ഏകീകൃത പ്രവേശപരീക്ഷ നടത്താന്‍ 2010 ഡിസംബര്‍ 21ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ഇടക്കാല ഉത്തരവിലൂടെ സുപ്രീംകോടതി പുനഃസ്ഥാപിച്ചു. പൊതു പ്രവേശപരീക്ഷ സംബന്ധിച്ച് രാജ്യത്തെ ഏതു കോടതിയും ഇതുവരെ പുറപ്പെടുവിച്ച ഒരു ഉത്തരവും നിലനില്‍ക്കില്ളെന്നും ഭാവിയില്‍ വരുന്ന അത്തരം കേസുകളെല്ലാം ഈ ബെഞ്ചിലേക്ക് സ്വമേധയാ മാറുമെന്നും ഇടക്കാല ഉത്തരവ് വ്യക്തമാക്കി. ദേശീയ പൊതു പ്രവേശപരീക്ഷ ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജിയില്‍ അന്തിമവിധി വരുന്നത് പരീക്ഷ നടത്തരുതെന്ന വാദവും സുപ്രീംകോടതി തള്ളി. ഏപ്രില്‍ 11ലെ സുപ്രീംകോടതി ആദ്യവിധി തിരിച്ചുവിളിച്ചതിനാല്‍ ഏകീകൃത പൊതു പ്രവേശപരീക്ഷ നടത്തുന്നതിന് നിയമപരമായ തടസ്സമില്ളെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
രാജ്യത്തെ 400ഓളം കോളജുകളിലായി 52,000 സീറ്റുകളാണ് എം.ബി.ബി.എസിനുള്ളത്. എം.ബി.ബി.എസ്, ബി.ഡി.എസ്, മെഡിക്കല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് പൊതു പ്രവേശപരീക്ഷക്കുവേണ്ടി മെഡിക്കല്‍ കൗണ്‍സില്‍ പുറപ്പെടുവിച്ച വിജ്ഞാപനങ്ങള്‍ റദ്ദാക്കിയാണ് മുന്‍ ചീഫ് ജസ്റ്റിസ് അല്‍ത്തമസ് കബീറിന്‍െറ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് പരീക്ഷ ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ചത്. അതേസമയം, ഭൂരിപക്ഷ വിധിയോട് വിയോജിച്ചെഴുതിയ വിധിപ്രസ്താവത്തില്‍ പൊതു പ്രവേശപരീക്ഷ സാധുവും നിയമവിധേയവുമാണെന്ന ജസ്റ്റിസ് അനില്‍ ആര്‍. ദവെ വ്യക്തമാക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.