ഗുജറാത്ത് ഇന്ത്യക്ക് പുറത്താണോയെന്ന് സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാത്ത ഗുജറാത്ത് സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. പാര്‍ലമെന്‍റ് പാസാക്കിയ ഒരു നിയമം വേണ്ടെന്നുവെക്കാന്‍ മാത്രം സവിശേഷതയുണ്ടെന്ന് ഗുജറാത്ത് സര്‍ക്കാര്‍ കരുതുന്നുണ്ടോയെന്നും ഗുജറാത്ത് ഇന്ത്യന്‍ യൂനിയന് പുറത്താണോയെന്നും ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. 2013ല്‍ പാര്‍ലമെന്‍റ് പാസാക്കിയ ഭക്ഷ്യസുരക്ഷാ നിയമം ഇത്രയും കാലമായിട്ടും നടപ്പാക്കാത്ത ഗുജറാത്ത് ഇന്ത്യയില്‍നിന്ന് വേര്‍പെട്ടുപോകാന്‍ ആഗ്രഹിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. അഡ്വ. പ്രശാന്ത് ഭൂഷണ്‍ നേതൃത്വം നല്‍കുന്ന ‘കോമണ്‍ കോസ്’ എന്ന സന്നദ്ധ സംഘടന രാജ്യത്തെ വരള്‍ച്ചബാധിത പ്രദേശങ്ങളില്‍ ഭക്ഷ്യസുരക്ഷ, തൊഴിലുറപ്പു പദ്ധതി, കുടിവെള്ള വിതരണം പോലുള്ള ക്ഷേമപദ്ധതികള്‍ നടപ്പാക്കാത്തതിനെതിരെ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കോടതി നിര്‍ദേശിച്ച പ്രകാരം കഴിഞ്ഞ മാസം 25നും 27നും വരള്‍ച്ചബാധിത സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം കൃഷിമന്ത്രാലയം വിളിച്ചുചേര്‍ത്തിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ബോധിപ്പിച്ചു.
ഗുജറാത്ത്, ബിഹാര്‍, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ വരള്‍ച്ചബാധിത സംസ്ഥാനങ്ങളായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. രാജ്യത്ത് 36 സംസ്ഥാനങ്ങളില്‍ 25 എണ്ണമാണ് ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നത്. ഗുജറാത്ത് ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കാത്ത സംസ്ഥാനങ്ങളിലൊന്നാണെന്നും അറിയിച്ചു. ഇതേതുടര്‍ന്നാണ് ഇന്ത്യന്‍ യൂനിയനില്‍നിന്ന് വേര്‍പെട്ടുപോകാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നു ചോദിച്ച് ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍ ഇടപെട്ടത്. 2013ല്‍ പാര്‍ലമെന്‍റ് പാസാക്കിയ നിയമമല്ളേ ഇത്? പാര്‍ലമെന്‍റ് പാസാക്കിയ ഒരു നിയമം തങ്ങള്‍ നടപ്പാക്കില്ളെന്ന് ഒരു സംസ്ഥാനത്തിന് പറയാന്‍ കഴിയുമോ എന്നുകൂടി ചോദിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമത്തില്‍ ഗുജറാത്ത് സര്‍ക്കാറിന് ചില പ്രശ്നങ്ങളുണ്ടെന്നും അതുകൊണ്ടാണ് ഇതുവരെ നടപ്പാക്കാതിരുന്നതെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കി.അങ്ങനെയെങ്കില്‍ പാര്‍ലമെന്‍റ് പാസാക്കിയ ക്രിമിനല്‍ ശിക്ഷാ നിയമം നടപ്പാക്കാനാവില്ളെന്ന് നാളെ ബിഹാര്‍ എഴുന്നേറ്റുനിന്ന് പറയില്ളേ എന്ന് സുപ്രീംകോടതി തിരിച്ചടിച്ചു.
പാര്‍ലമെന്‍റ് പാസാക്കിയ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ തങ്ങള്‍ക്ക് ചില പ്രശ്നങ്ങളുണ്ടെന്നും അതിനാല്‍, ഇന്ത്യന്‍ ശിക്ഷാനിയമം നടപ്പാക്കാന്‍ കഴിയില്ളെന്നും പറഞ്ഞ് മറ്റു ചില സംസ്ഥാനങ്ങളും മുന്നോട്ടുവരില്ളേ? പിന്നെ പാര്‍ലമെന്‍റിന് എന്താണ് ചെയ്യാന്‍ കഴിയുക? രാജ്യത്തിനൊന്നാകെ ഉണ്ടാക്കിയതല്ളേ ഭക്ഷ്യസുരക്ഷാ നിയമം? ഗുജറാത്ത് മാത്രം സവിശേഷതയുള്ള സംസ്ഥാനമാണോ എന്നും സുപ്രീംകോടതി ചോദിച്ചു. വിമര്‍ശത്തിന്‍െറ ചൂടറിഞ്ഞ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ താന്‍ ഗുജറാത്തിനെ പ്രതിനിധാനംചെയ്യുന്നില്ളെന്ന് പറഞ്ഞൊഴിഞ്ഞു. തുടര്‍ന്ന് ഗുജറാത്ത് സര്‍ക്കാറിനു വേണ്ടി ഹാജരായ അഡ്വ. ഹേമന്തിക വാഹി ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നത് തങ്ങള്‍ പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ വല്ലാത്ത കഷ്ടമാണിത് എന്നായിരുന്നു സുപ്രീംകോടതിയുടെ പ്രതികരണം.
പാര്‍ലമെന്‍റ് പാസാക്കിയ ഒരു നിയമം നടപ്പാക്കുകയല്ലാതെ ഗുജറാത്തിനു മുന്നില്‍ വേറെ വല്ല മാര്‍ഗവുമുണ്ടോ എന്നും കോടതി ചോദിച്ചു. തുടര്‍ന്ന് പുറപ്പെടുവിച്ച ഉത്തരവില്‍ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം അംഗീകരിക്കാതിരിക്കാന്‍ സംസ്ഥാനത്തിന് അവകാശമുണ്ടോ എന്ന് വ്യക്തമാക്കി ഫെബ്രുവരി 12നകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.