താൻസാനിയൻ യുവതിയെ അപമാനിച്ച സംഭവം വ്യാജമെന്ന് കർണാടക ആഭ്യന്തരമന്ത്രി
text_fieldsബംഗളൂരു: താന്‍സനിയന്‍ സ്വദേശിയായ 21കാരിയെ ജനക്കൂട്ടം മര്‍ദിച്ച് അര്‍ധനഗ്നയാക്കി തെരുവിലൂടെ നടത്തിയ സംഭവം വ്യാജമെന്ന്
കർണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര. പ്രാഥമിക അന്വേഷണത്തിൽ താൻസിനിയൻ വിദ്യാർഥിനിയെ നഗ്നയാക്കുകയോ നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്. പെൺകുട്ടിക്കെതിരെയുള്ളത് വംശീയ ആക്രമണമായിരുന്നില്ല. നേരത്തേ നടന്ന അപകടത്തെ തുടർന്ന് സംഭവിച്ചതാണിത്. സംഭവത്തിൽ അറസ്റ്റിലായ അഞ്ച് പേരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണെന്നും മന്ത്രി പറഞ്ഞു. ബംഗളൂരുവിൽ 12,000ത്തോളം വിദേശ വിദ്യാർഥികളാണ് പഠിക്കുന്നത്. അവരുടെ സുരക്ഷ തങ്ങളുടെ കടമയാണ്. അതിനാൽ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ നേരത്തേ അഞ്ചുപേർ അറസ്റ്റിലായിരുന്നു. ഇവർക്കെതിരെ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്തയായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. അതേസമയം, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
താൻസാനിയൻ വിദ്യാർഥിനിക്കുനേരെയുണ്ടായ അക്രമം രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയെന്നും പ്രതികളെ ഉടൻ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിൽ കുറിച്ചു.
സംഭവത്തിൽ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല എന്നായിരുന്നു ബംഗളൂരു പൊലീസിന്‍റെ ആദ്യം അറിയിച്ചത്. എന്നാൽ വിവാദം കത്തിപ്പടർന്നതോടെ സംഭവത്തിൽ കുറച്ച്പേരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് മാധ്യമപ്രവർത്തകരെ അറിയിച്ചു. എന്നാൽ, വിദ്യാർഥിനി പീഡിപ്പിക്കപ്പെട്ടു എന്ന വാർത്ത ശരിയല്ലെന്ന് ബംഗളൂരു പോലീസ് മേധാവി പറഞ്ഞു.
ഞായറാഴ്ച രാത്രി കര്‍ണാടകയിലെ ഹെസരഘട്ടയിൽ പൊലീസ് നോക്കിനില്‍ക്കെയാണ് സംഭവം അരങ്ങേറിയത്. ഗണപതിപുരയിലെ സോളദേവനഹള്ളിയില്‍ കാറിടിച്ച് ഹെസരഘട്ട സ്വദേശി ശബാന താജ് (35) മരിച്ചിരുന്നു. അപകടം നടന്ന് അരമണിക്കൂര്‍ കഴിഞ്ഞാണ് ആചാര്യ കോളജിലെ ബി.ബി.എ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ യുവതി ഉള്‍പ്പെടെയുള്ള സംഘം മാരുതി കാറില്‍ ഇവിടെ എത്തിയത്. കാര്‍ തടഞ്ഞുനിര്‍ത്തിയ ജനക്കൂട്ടം യുവതിയെ കാറില്‍നിന്ന് വലിച്ച് പുറത്തിറക്കുകയും വസ്ത്രം വലിച്ചുകീറിയ ശേഷം തെരുവിലൂടെ നടത്തുകയും ചെയ്തു. വഴിയിലുണ്ടായിരുന്ന യുവാവ് ബനിയന്‍ ഊരി വിദ്യാര്‍ഥിക്ക് നല്‍കിയെങ്കിലും ഇയാള്‍ക്കും മര്‍ദനമേറ്റു. സമീപത്തെ ബസില്‍ ഓടിക്കയറി രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും യാത്രക്കാര്‍ പുറത്തേക്ക് തള്ളിയിട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.