ആശുപത്രി നടത്തിപ്പിനെച്ചൊല്ലി ഡോക്ടർമാർക്കിടയിലെ തർക്കം കലാശിച്ചത് ആത്മഹത്യയിൽ
text_fieldsഹൈദരാബാദ്: ആശുപത്രി നടത്തിപ്പിനെച്ചൊല്ലി മൂന്ന് ഡോക്ടർമാർക്കിടയിലുണ്ടായ തർക്കം കലാശിച്ചത് വെടിവെപ്പിലും ഒരാളുടെ ആത്മഹത്യയിലും. തർക്കത്തിനൊടുവിൽ സുഹൃത്തിനെ വെടിവെച്ച ഡോക്ടറെ പിന്നീട് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഡോ.ശശികുമാറിന്‍റെ മൃതദേഹമാണ് ചൊവ്വാഴ്ച സുഹൃത്തിന്‍റെ ഫാംഹൗസിൽ കണ്ടെത്തിയത്.
ഡോക്ടർമാരായ ശശികുമാർ, സായ്കുമാർ, ഉദയ്കുമാർ എന്നിവർ ഈ മാസമാണ് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ആരംഭിച്ചത്. സർജനായ ശശികുമാർ മറ്റു രണ്ടുപേരെയും ആശുപത്രിയുടെ ഭാവികാര്യങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാനായി തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ക്ഷണിക്കുകയായിരുന്നു. റസ്റ്ററന്‍റിൽ തിരക്കായതിനാൽ പുറത്തിറങ്ങി എസ്.യു.വിയിൽ ഇരുന്ന് സംസാരിക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. പ്രകോപിതനായ ശശികുമാർ തോക്കെടുത്ത് ഉദയ്കുമാറിനെ വെടിവെക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെടിവെപ്പിൽ പരിക്കേറ്റ ഉദയ്കുമാർ ഓട്ടോറിക്ഷയിൽ കയറിയാണ് ആശുപത്രിയിലെത്തിയത്.
സംഭവത്തെ തുടർന്ന് ശശികുമാറിനെ പൊലീസ് അന്വേഷിച്ചിരുന്നു എങ്കിലും കണ്ടെത്താനായില്ല. അതിനിടെയാണ് ഫാം ഹൗസിൽ നിന്നും തോക്കുപയോഗിച്ച് സ്വയം വെടിവെച്ച് മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ആശുപത്രിയിലെ സി.ഇ.ഒ, മാനേജിങ് ഡയറക്ടർ പദവികൾ ഉദയ്കുമാറും സായ്കുമാറും വഹിച്ചിരുന്നതിൽ ശശികുമാർ അശ്വസ്ഥനായിരുന്നുവെന്നാണ് സൂചന. 15 കോടി മുതൽമുടക്കിയാണ് ഇവർ ആശുപത്രി സ്ഥാപിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.