ഗുജറാത്തിന്‍െറ ഭീകരവിരുദ്ധ ബില്‍ മൂന്നാമത്തെ രാഷ്ട്രപതിയും തിരിച്ചയച്ചു
text_fieldsന്യൂഡല്‍ഹി: ഗുജറാത്ത് സര്‍ക്കാറിന്‍െറ വിവാദ ഭീകരവിരുദ്ധ ബില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും മടക്കി. കൂടുതല്‍ വിവരം ആവശ്യപ്പെട്ടാണ് ബില്‍ തിരിച്ചയച്ചത്. ബില്‍ തിരിച്ചയക്കുന്ന മൂന്നാമത്തെ രാഷ്ട്രപതിയാണ് പ്രണബ് മുഖര്‍ജി.
ഗുജറാത്ത് സര്‍ക്കാറില്‍നിന്ന് കൂടുതല്‍ വിവരം തേടാന്‍ രാഷ്ട്രപതി ഭവനില്‍നിന്ന് ബില്‍ തിരിച്ചുവിളിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സ്ഥിരീകരിച്ചു. മുമ്പ് രണ്ട് രാഷ്ട്രപതിമാര്‍ തിരിച്ചയച്ച ബില്‍ ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും നിയമസഭയില്‍ പാസാക്കുകയായിരുന്നു.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായ സമയത്ത് 2003ലാണ് ബില്‍ കൊണ്ടുവന്നത്. അന്നത്തെ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാം ബില്‍ മടക്കി. ഫോണ്‍ സംഭാഷണമടക്കമുള്ള ആശയവിനിമയം ചോര്‍ത്താനുള്ള വ്യവസ്ഥ അംഗീകരിക്കാതെയാണ് കലാം ബില്‍ തിരിച്ചയച്ചത്. പിന്നീട് പ്രതിഭ പാട്ടീലും ബില്‍ മടക്കി. ഇതിനു ശേഷമാണ് അതേ ബില്‍ 2015 മാര്‍ച്ച് 31ന് ഗുജറാത്ത് നിയമസഭ വീണ്ടും പാസാക്കിയത്. ഫോണ്‍ ചോര്‍ത്താനും അത് തെളിവായി സ്വീകരിക്കാനുമുള്ള വ്യവസ്ഥ മാറ്റാന്‍ മോദിക്ക് കീഴിലെ വിവര സാങ്കേതിക മന്ത്രാലയം ഗുജറാത്ത് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. എന്നാല്‍, സംസ്ഥാന സര്‍ക്കാറിന്‍െറ അധികാര പരിധിയിലുള്ള കാര്യമാണതെന്ന് പറഞ്ഞ് കേന്ദ്ര ആവശ്യം ഗുജറാത്ത് തള്ളി. തുടര്‍ന്ന് സെപ്റ്റംബറില്‍ ബില്ലിന് അംഗീകാരം നല്‍കിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിയുടെ അംഗീകാരത്തിനയച്ചു. നിലവിലുള്ള കേന്ദ്ര നിയമവുമായി ഏറ്റുമുട്ടുന്ന ബില്ലിന് അംഗീകാരം നല്‍കാന്‍ രാഷ്ട്രപതി തയാറായിരുന്നില്ല.
ഗുജറാത്ത് സര്‍ക്കാര്‍ കൈമാറുന്ന വിവരം രാഷ്ട്രപതിയെ അറിയിക്കുമെന്നും സംസ്ഥാന സര്‍ക്കാറിന്‍െറ പ്രതികരണമറിഞ്ഞ ശേഷം ബില്ലിനോടൊപ്പം അവ ചേര്‍ക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാഷ്ട്രപതി എന്ത് വിവരമാണ് തേടിയതെന്ന് പരസ്യമായി പറയാന്‍ ആഭ്യന്തര മന്ത്രാലയം തയാറായില്ല. കുറ്റാരോപിതനായ ആള്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന് മുമ്പില്‍ നടത്തുന്ന കുറ്റസമ്മതം തെളിവായി അംഗീകരിക്കുമെന്നതടക്കമുള്ള വ്യവസ്ഥകളിലാണ് രാഷ്ട്രപതി വിശദീകരണം തേടിയതെന്നാണ് സൂചന. യു.എ.പി.എയില്‍ പോലുമില്ലാത്ത വ്യവസ്ഥകളാണ് ബില്ലിലുള്ളത്. യു.എ.പി.എ പ്രകാരം മജിസ്ട്രേറ്റിന് മുമ്പിലുള്ള കുറ്റസമ്മതം മാത്രമേ തെളിവായി സ്വീകരിക്കൂ. ഒരു കുറ്റപത്രവും സമര്‍പ്പിക്കാതെ ആറ് മാസം വരെ തടവിലിടാനും വ്യവസ്ഥയുണ്ട്. ബില്ലില്‍ മാറ്റം വരുത്താന്‍ ഗുജറാത്ത് സര്‍ക്കാറിനെ പ്രേരിപ്പിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്‍.ഡി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ഭീകരവിരുദ്ധ നിയമമായ പോട്ട ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപകമായി ഉപയോഗിക്കപ്പെട്ട സാഹചര്യത്തിലാണ് തുടര്‍ന്ന് വന്ന യു.പി.എ സര്‍ക്കാര്‍ അതിന് പകരം യു.എ.പി.എ കൊണ്ടുവന്നത്. മുംബൈ ആക്രമണത്തെ തുടര്‍ന്ന് കടുത്ത വ്യവസ്ഥ കൂട്ടിച്ചേര്‍ത്ത് യു.എ.പി.എ ഭേദഗതി ചെയ്തു. അതും പോരെന്ന നിലപാടിലാണ് ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാര്‍ സ്വന്തമായ നിയമനിര്‍മാണം നടത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.