അഫ്സൽ ഗുരുവല്ല, രോഹിത് വെമുലയാണ് എന്‍റെ മാതൃക -കനയ്യ
text_fieldsന്യൂഡൽഹി: അഫ്സൽ ഗുരുവല്ല, രോഹിത് വെമുലയാണ് തന്‍റെ മാതൃകയെന്ന് ജെ.എൻ.യു വിദ്യാർഥി യൂനിയൻ നേതാവ് കനയ്യ കുമാർ. ജെ.എൻ.യുവിലെ വിദ്യാർഥികളിൽ ദേശവിരുദ്ധരില്ലെന്ന് തനിക്കുറപ്പാണ്. കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥികൾ പൊതുപണം ഉപയോഗിച്ചാണ് പഠിക്കുന്നതെന്നും അതിനോട് നീതി പുലർത്തണമെന്നുമുള്ള കേന്ദ്ര പാർലമെന്‍ററി കാര്യ മന്ത്രി വെങ്കയ്യ നായിഡുവിന് മറുപടിയായി നികുതി നൽകുന്നവരുടെ പണം സുരക്ഷിതമാണെന്ന് കനയ്യ പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാൻ ഒരു നേതാവല്ല, വിദ്യാർഥിയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പരിമിതി തനിക്ക് മനസിലാകും. എന്നാൽ എന്താണ് സ്വാതന്ത്യമെന്നും തനിക്കറിയാമെന്നും കനയ്യ പറഞ്ഞു.
അംബേദികറിന്‍റെ സ്വപ്നം യാഥാർഥ്യമാക്കാനാണ് ജെ.എൻ.യുവിലെ വിദ്യാർഥികൾ സമരം ചെയ്യുന്നത്. ഭരണഘടനയുടെ ആത്മാവ് നശിപ്പിക്കുന്ന എല്ലാ ശക്തികളെയും ഞങ്ങൾ ചെറുത്ത് തോൽപിക്കും. ഭരണഘടനയെന്നാൽ വെട്ടിമാറ്റാവുന്ന വിഡിയോ അല്ല. സർക്കാറിനെതിരെ ആരെങ്കിലും സംസാരിച്ചാൽ ഉടൻ തന്നെ കോണ്ടം തെരയാൻ വേണ്ടി ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും കനയ്യ പരിഹസിച്ചു.
ഞങ്ങൾ തീവ്രവാദികളല്ല. ഫെബ്രുവരി 9ന് നടന്ന സംഭവത്തെ അപലപിക്കുന്നു. അവ രാജ്യദ്രോഹമാണോ അല്ലയൊ എന്ന് കോടതി തീരുമാനിക്കട്ടെ. വിദ്യാർഥി സമരങ്ങളെ അടിച്ചമർത്താൻ രാജ്യദ്രോഹ കുറ്റം ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ദിവസം ജയിൽ മോചിതനായ കനയ്യ ജെ.എൻ.യു കാമ്പസിലും വിദ്യാർഥികളെ അഭിസംബോധന ചെയ്തിരുന്നു. ഫെബ്രുവരി 12നാണ് രാജ്യദ്രോഹ കുറ്റം ചുമത്തി കനയ്യയെ പൊലീസ് അറസ്റ്റ് െചയ്യുന്നത്. പിന്നീട് ഡൽഹി ഹൈകോടതി ആറുമാസത്തേക്ക് ഇടക്കാല ജാമ്യം നൽകിയതോടെയാണ് കനയ്യ തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.