മലയാളി വനിതാ ഡോക്ടറുടെ വധം: മൂന്നുപേര്‍ അറസ്റ്റില്‍
text_fieldsചെന്നൈ: ചെന്നൈയില്‍ മലയാളി വനിതാ ഡോക്ടര്‍ രോഹിണി പ്രേംകുമാറിനെ (62) കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ 15 വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ വീടിന്‍െറ അറ്റകുറ്റപ്പണിക്കത്തെിയ തൊഴിലാളികളാണെന്ന് പൊലീസ് വെളിപ്പെടുത്തി. തിരുവള്ളൂര്‍ ഉത്തനകരൈ സ്വദേശികളായ രാജ (20), ഹരി (18) എന്നിവരാണ് 15കാരനെകൂടാതെ അറസ്റ്റിലായവര്‍. രോഹിണിയുടെ വീട്ടില്‍നിന്ന് കവര്‍ന്ന 40 പവന്‍ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ഫോണും പ്രതികളില്‍നിന്ന് കണ്ടത്തെി.
രാജ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് ചെന്നൈ എഗ്മൂര്‍ പൊലീസ് പറഞ്ഞു. സംഭവശേഷം പ്രതികള്‍ കൈക്കലാക്കിയ രോഹിണിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. പഴയ ഇരുനില വീട് രണ്ടു മാസം മുമ്പ് അറ്റകുറ്റപ്പണി നടത്താന്‍ കരാറെടുത്തയാളിന്‍െറ കീഴില്‍ 11 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. വീടിനെക്കുറിച്ച് പ്രതികള്‍ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് ഡോക്ടറുടെ മൃതദേഹം വീട്ടുമുറ്റത്തെ പൂന്തോട്ടത്തില്‍ കൈകാലുകള്‍ ബന്ധിച്ച് വായില്‍ പ്ളാസ്റ്റര്‍ ഒട്ടിച്ച നിലയില്‍ കണ്ടത്തെിയത്. ശനിയാഴ്ച രാത്രി ഒമ്പതോടെ ഇവര്‍ കൊല്ലപ്പെട്ടെന്നാണ് പൊലീസ് നിഗമനം. മുറ്റത്തെ പൂന്തോട്ടത്തില്‍ നടക്കുന്നതിനിടെ മതില്‍ ചാടിക്കടന്ന പ്രതികള്‍ തലക്കടിച്ചുവീഴ്ത്തുകയായിരുന്നു. വീടിന്‍െറ അറ്റകുറ്റപ്പണിക്ക് കരാറെടുത്ത മുരുകേശനെ പൊലീസ് ചോദ്യംചെയ്ത് തൊഴിലാളികളെക്കുറിച്ച വിവരം ശേഖരിച്ചിരുന്നു. രോഹിണിയും മുരുകേശനും തമ്മില്‍ കൂലിത്തര്‍ക്കം ഉണ്ടായെങ്കിലും പിന്നീട് പരിഹരിക്കപ്പെട്ടിരുന്നു.
കൊല്ലം സ്വദേശിയും പ്രമുഖ അര്‍ബുദ ചികിത്സാ വിദഗ്ധയും പുകയിലവിരുദ്ധ പ്രവര്‍ത്തകയുമായിരുന്നു രോഹിണി. എഗ്മൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ഗാന്ധി-ഇര്‍വിന്‍ റോഡിലെ വീട്ടില്‍ മാതാവ് ഡോ. സുഭദ്ര നായര്‍ക്കൊപ്പമായിരുന്നു താമസം. വീട്ടില്‍നിന്ന് വസ്തുവുമായി ബന്ധപ്പെട്ട രേഖകളും നഷ്ടപ്പെട്ടിരുന്നു. ധരിച്ചിരുന്ന ആഭരണങ്ങള്‍ കവരാഞ്ഞത് കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമമായിരുന്നെന്ന് സംശയിക്കുന്നു. കിടപ്പിലായ ഡോ. സുഭദ്ര നായരെ സംഭവം അറിയിച്ചിട്ടില്ല. ഇവരെ ആക്രമിക്കാന്‍ പ്രതികള്‍ മുതിര്‍ന്നില്ല. മാതാവ് താഴത്തെ നിലയിലും രോഹിണി ഒന്നാംനിലയിലുമായിരുന്നു താമസിച്ചത്. അഡയാര്‍ കാന്‍സര്‍ സെന്‍ററില്‍നിന്ന് വിരമിച്ച രോഹിണി ചെന്നൈ വി.എസ് ആശുപത്രിയില്‍ സേവനം അനുഷ്ഠിച്ചുവരുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.