11 വർഷത്തിന് ശേഷം ആദ്യമായി സുപ്രീംകോടതിയിൽ മുസ്ലിം ജഡ്ജിമാരില്ല
text_fieldsന്യൂഡൽഹി: 11 വർഷത്തിന് ശേഷം ആദ്യമായി സുപ്രീം കോടതിയിൽ ഒരു മുസ്ലിം ജഡ്ജി പോലുമില്ലാത്ത അവസ്ഥയെന്ന് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ . കഴിഞ്ഞ 30 വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് സുപ്രീം കോടതിയിൽ ഒരു മുസ്ലിം ജഡ്ജി പോലുമില്ലാത്ത സ്തിഥിയെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി ജഡ്ജിമാരായി സ്ഥാനക്കയറ്റം ലഭിച്ച ജസ്റ്റിസ് എം.വൈ ഇക്ബാൽ, ജസ്റ്റിസ് ഫകീർ മുഹമ്മദ് ഇബ്രാഹിം ഖലീഫുള്ള എന്നിവർ യഥാക്രമം ഡിസംബറിലും ഏപ്രിലിലും റിട്ടയർ ചെയ്തതോട് കൂടിയാണ് മുസ്ലിം പ്രാതിനിധ്യമില്ലാതെ അവസ്ഥയുണ്ടായത്.
ഇത് മുസ്ലിംകളുടെ അവകാശങ്ങൾ നിഷേധിക്കുന്നു എന്ന വിഷയമല്ല. പകരം പരമോന്നത കോടതിയിൽ എല്ലാ മത ജാതി വിഭാഗങ്ങൾക്കും പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ മേഖലകളുടെയും മത സാമുദായിക വിഭാഗങ്ങളുടേയും പ്രാതിനിധ്യം ഉറപ്പാക്കാൻ വിവിധ രാജ്യങ്ങളിൽ പ്രത്യേക വകുപ്പുകൾ തന്നെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു മുൻ ചീഫ് ജസ്റ്റിസ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. സുപ്രീം കോടതിയിലെ 196 വിരമിച്ച ജഡ്ജിമാരിലും ഇപ്പോഴുള്ള 28 ജഡ്ജിമാരിലും സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാരിലും 7.5 ശതമാനമാണ് മുസ്ലിം പ്രാതിനിധ്യം. എം.ഹിദായത്തുല്ല, എം ഹമീദുല്ല ബേഗ്,എ.എം അഹമ്മദി, അൽത്തമസ് കബീർ എന്നിവരാണ് സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ മുസ്ലിംകൾ.
സുപ്രീം കോടതിയിലെ ആദ്യ മുസ്ലിം വനിത ജഡ്ജി ജസ്റ്റിസ് ഫാത്തിമ ബീവിയായിരുന്നു. 1989 ഒക്ടോബർ ആറ് മുതൽ 1992 ഏപ്രിൽ 29 വരെയായിരുന്നു ഫാത്തിമ ബീവി സർവീസിലുണ്ടായിരുന്നത്. 2005 സെപ്റ്റംബർ 9 നായിരുന്നു അൽത്തമസ് കബീർ ചുമതലയേറ്റത്. നിലവിൽ രണ്ട് ഹൈകോടതി മുസ്ലിം ചീഫ് ജസ്റ്റിസുമാരാണ് ഇന്ത്യയിലുള്ളത്. ബിഹാറിലെ ഇഖ്ബാൽ അഹമദ് അൻസാരിയും ഹിമാചൽ പ്രദേശിലെ സി.ജെ മൻസൂറും. ഇതിൽ ഇഖ്ബാൽ അഹമദ് അൻസാരി ഒക്ടോബറിലും സി.ജെ മൻസൂർ എപ്രിൽ 2017 ലും വിരമിക്കും. സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനത്തെ ചൊല്ലി കേന്ദ്രസർക്കാറും കോടതിയും തമ്മിൽ നിലനിൽക്കുന്ന അഭിപ്രായ ഭിന്നത കാരണം നിയമനം ഉടനെ ഉണ്ടാവില്ലെന്നാണ് സൂചന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.