ഡൽഹി കലാപത്തിനിടെ ഐ.ബി ഓഫിസറുടെ കൊല: എ.എ.പി മുൻ കൗൺസിലർ താഹിർ ഹുസൈനടക്കം അഞ്ചുപേർക്ക് ജീവപര്യന്തം തടവ്
text_fieldsതാഹിർ ഹുസൈൻ
ന്യൂഡൽഹി: 2020ലെ വടക്കുകിഴക്കൻ ഡൽഹി കലാപത്തിനിടെ ഇന്‍റലിജൻസ് ബ്യൂറോ (ഐ.ബി) ഉദ്യോഗസ്ഥൻ അങ്കിത് ശർമയെ കൊലപ്പെടുത്തിയ കേസിൽ മുൻ എ.എ.പി കൗൺസിലർ താഹിർ ഹുസൈനടക്കം അഞ്ചു പേർക്ക് ജീവപര്യന്തം തടവ്.
കർകർദൂമ അഡീഷണൽ സെഷൻസ് ജഡ്ജി പ്രവീൺ സിങ്ങാണ് വെള്ളിയാഴ്ച കേസിൽ വിധി പറഞ്ഞത്. താഹിർ ഹുസൈനു പുറമെ നാസിം, കാസിം, അനസ്, ജാവേദ് എന്നിവർക്കാണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. പ്രതികൾ കോടതിയിൽ ഹാജരായിരുന്നു. തെളിവുകളുടെ അഭാവത്തിൽ ആറുപേരെ വെറുതെവിട്ടു. ക്രൂരതയുടെ പരമാവധി ആയിരുന്നു കൃറ്റകൃത്യമെന്ന് കോടതി നിരീക്ഷിച്ചു.
2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ വർഗീയ സംഘർഷങ്ങൾക്കിടെയാണ് അങ്കിത് ശർമ കൊല്ലപ്പെടുന്നത്. വീടിനു സമീപത്തെ അഴുക്കുചാലിൽ നിന്നാണ് അദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. കോടതി സമുച്ചയത്തിലും പരിസരത്തും വലിയ സുരക്ഷ ഒരുക്കിയിരുന്നു. സാക്ഷിമൊഴികളും ഫോറൻസിക് തെളിവുകളും ഇലക്ട്രോണിക് രേഖകളും പരിശോധിച്ചശേഷം ആറ് വർഷത്തോളം നീണ്ട നിയമനടപടികൾക്കൊടുവിലാണ് കേസിൽ വിധി പറഞ്ഞത്. ജൂലൈ 13ന് കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കലാപം അഴിച്ചുവിടൽ, സാമുദായിക സൗഹാർദം തകർക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി അഞ്ച് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും കൊലപ്പെടുത്തിയതിനു പിന്നാലെ മൃതദേഹം തൊട്ടടുത്തുള്ള അഴുക്കുചാലിലേക്ക് തള്ളിയിട്ടെന്നും കോടതി പറഞ്ഞു. ഡൽഹി പൊലീസ് താഹിർ ഹുസൈന് വധശിക്ഷയാണ് ആവശ്യപ്പെട്ടത്. പ്രതികൾക്ക് ഒരു തിരുത്തലിന് അവസരമുണ്ടെന്നും അങ്ങനെയല്ലെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വധശിക്ഷ അവസാനത്തെ മാർഗമാണെന്നും കോടതി പറഞ്ഞു.
പ്രതികൾ ശർമയെ അതിക്രൂരമായി കൊലപ്പെടുത്തിയെന്നും ഒരു ദയയും കാണിച്ചില്ലെന്നും അതിനാൽ അവരോട് യാതൊരു ദയയും കാണിക്കരുതെന്നും സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ മധുകർ പാണ്ഡെ ആവശ്യപ്പെട്ടു. അതേസമയം, നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് മുൻ എ.എ.പി കൗൺസിലർ പ്രസ്താവനയിൽ വ്യക്തമാക്കി. നീതി വൈകിയേക്കാം, പക്ഷേ നിഷേധിക്കപ്പെടില്ല. ഹൈകോടതിയിൽനിന്ന് തനിക്ക് നീതി ലഭിക്കും. വിധി മുൻകൂട്ടി തീരുമാനിച്ചതായിരുന്നെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

