സിയാച്ചിൻ സൈനിക ക്യാമ്പിൽ വൻ ഹിമപാതം: അഗ്നിവീറുകളടക്കം മൂന്ന് പേർ മരിച്ചു; ക്യാപ്റ്റനെ രക്ഷപ്പെടുത്തി
text_fieldsസിയാച്ചിനിലുണ്ടായ ഹിമപാതം
ലഡാക്ക്: ജമ്മു കശ്മീരിലെ സിയാച്ചിനിൽ സൈനിക ക്യാമ്പിലുണ്ടായ വൻ ഹിമപാതത്തിൽ രണ്ട് അഗ്നിവീറുകൾ ഉൾപ്പെടെ മൂന്നു സൈനികരെ കൊല്ലപ്പെട്ടു. ഒരു കരസേനാ ക്യാപ്റ്റനെ രക്ഷപ്പെടുത്തി. ഹിമപാതത്തിൽ കാണാതായവർക്കായി സൈന്യം തിരച്ചിൽ ഊർജിതമാക്കി.
നിയന്ത്രണരേഖയുടെ വടക്കേ അറ്റത്ത് 20,000 അടി ഉയരത്തിലാണ് ഹിമപാതം ഉണ്ടായത്. മഹർ റെജിമെന്റിൽ പെട്ട സൈനികർ ഗുജറാത്ത്, ഉത്തർപ്രദേശ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. അഞ്ച് മണിക്കൂറാണ് മരിച്ച സൈനികർ ഹിമപാതത്തിൽ കുടുങ്ങിയത്.
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയാണ് ലഡാക്കിലെ സിയാച്ചിൻ. 2021ൽ സിയാച്ചിനിൽ ഹനീഫ് ഉപമേഖലയിലുണ്ടായ ഹിമപാതത്തിൽ രണ്ട് സൈനികർ മരിച്ചിരുന്നു. ആറു മണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷമാണ് മറ്റ് സൈനികരെയും പോർട്ടർമാരെയും അന്ന് രക്ഷപ്പെടുത്തിയത്.
2019ലെ വലിയ ഹിമപാതത്തിൽ നാല് സൈനികരും രണ്ട് പോർട്ടർമാരും മരിച്ചു. 18,000 അടി ഉയരത്തിലുള്ള ഒരു പോസ്റ്റിന് സമീപം പട്രോളിങ് നടത്തുകയായിരുന്ന എട്ട് സൈനികരുടെ സംഘത്തിന് നേരെയാണ് ഹിമപാതമുണ്ടായത്.
2022ലാണ് ഹിമപാതത്തിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത്. അരുണാചൽ പ്രദേശിലെ കാമെങ് സെക്ടറിൽ ഏഴ് സൈനികരാണ് അന്ന് മരിച്ചത്. മൂന്ന് ദിവസത്തിന് ശേഷമാണ് കാണാതായ സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
സിയാച്ചിൻ ഹിമാനികളിലും കശ്മീരിലെയും വടക്കുകിഴക്കൻ മേഖലയിലെയും ഉയർന്ന പ്രദേശങ്ങളിലെ ഹിമപാതങ്ങളിലും മണ്ണിടിച്ചിലിലും നിരവധി സൈനികർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സ്വീഡിഷ് സ്ഥാപനത്തിൽ നിന്ന് 20 ഹിമപാത രക്ഷാസംവിധാനങ്ങൾ സൈന്യം വാങ്ങിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.