ബിഹാറിലെ 7.89 കോടി വോട്ടർമാരിൽ കണ്ടെത്തിയ വിദേശികൾ 315 പേർ; മുസ്‍ലിംകൾ 78 പേർ മാത്രം
text_fieldsന്യൂഡൽഹി: ബിഹാറിലെ ആകെയുള്ള 7.89 കോടി വോട്ടർമാരിൽ എസ്.ഐ.ആറിലുടെ 68.66 ലക്ഷം പേരെ വെട്ടിമാറ്റിയപ്പോൾ അതിൽ ആകെ കണ്ടെത്തിയ വിദേശികളുടെ എണ്ണം 315 മാത്രമാണെന്നും ഇതിൽ 78 പേർ മാത്രമായിരുന്നു മുസ്‍ലിംകളെന്നും ബാക്കി 237 പേരും നേപ്പാളിൽ നിന്നുള്ള ഹിന്ദുക്കളായിരുന്നുവെന്നും
ആം ആദ്മി പാർട്ടി നേതാവ് സഞജയ് സിംഗ് രാജ്യസഭയിൽ വെളിപ്പെടുത്തി. ബീഹാറിൽ എസ്.ഐ.ആറിലുടെ എത്ര നുഴഞ്ഞുകയറ്റക്കാരെ കിട്ടിയെന്ന് പാർലമെന്റിൽ വെളിപ്പെടുത്താൻ കേന്ദ്ര സർക്കാർ തയാറാകാത്തത് ഇത് കൊണ്ടാണെന്നും സഞ്ജയ് സിംഗ് പറഞ്ഞു. എസ്.ഐ.ആറിൽ ഉത്തർപ്രദേശിലെ വോട്ടർ പട്ടികയിൽ നിന്ന് 18 ശതമാനം പേർ, അതായത് മൂന്ന് കോടിയോളം പേർ വെട്ടിമാറ്റപ്പെടുമെന്ന് ചീഫ് ഇലക്‌ടറൽ ഓഫീസറുമായുള്ള കൂടിക്കാഴ്ചയിൽ അറിയിച്ചതായി ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ് രാജ്യസഭയിൽ പറഞ്ഞു.
ഉത്തർപ്രദേശിൽ തടങ്കൽ പാളയം ഉണ്ടാക്കുമെന്നാണ് ഇപ്പോൾ പറയുന്നത്. സ്കൂളുകളുണ്ടാക്കാനും ആശുപത്രികളുണ്ടാക്കാനും സ്കുളുകളിൽ ശരിയായ ഉച്ചഭക്ഷണം നൽകാനും പണമില്ലാത്ത നിങ്ങൾ ജനങ്ങളുടെ ചെലവിൽ സൗജന്യമായി ഭക്ഷണം നൽകി വിദേശികളെ തടങ്കൽ പാളയങ്ങളിൽ പാർപ്പിക്കുമെന്നാണോ പറയുന്നതെന്ന് സിംഗ് ചോദിച്ചു. വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്നവർ വിദേശികളായ നുഴഞ്ഞുകയറ്റക്കാരാണെങ്കിൽ തടങ്കൽ പാളയം നിർമിച്ച് അവർക്ക് ജനങ്ങളുടെ പണമെടുത്ത് സൗജന്യ ഭക്ഷണവും വൈദ്യുതിയും മറ്റ് സൗകര്യങ്ങളും നൽകുകയല്ല നാടു കടത്തുകയാണ് വേണ്ടത്.
തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ മാത്രം നുഴഞ്ഞുകയറ്റക്കാരെ കാണുന്നത് എന്ത് പ്രതിഭാസമാണെന്ന് സഞ്ജയ് സിംഗ് ചോദിച്ചു. എന്നിട്ട് നുഴഞ്ഞുകയറ്റക്കാരുടെ വിഷയം മാത്രം പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടുന്നു. ബീഹാറിലും ഡൽഹിയിലും ഝാർഖണ്ഡിലും അസമിലും ബംഗാളിലുമെല്ലാം ഇതാണ് അവസ്ഥ. എന്നിട്ട് നുഴഞ്ഞുകയറ്റക്കാരെ പിടിക്കുന്നുമില്ല. കഴിഞ്ഞ 11 വർഷം ഇവിടെ ട്രംപ് ഭരണകൂടമോ ബൈഡൻ ഭരണകൂടമോ അല്ല ഭരിച്ചത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയും അമിത് ഷാ ആഭ്യന്തര മന്ത്രിയും ആയിരുന്നു. എന്നിട്ട് എത്ര നുഴഞ്ഞുകയറ്റക്കാരെ നിങ്ങൾ കണ്ടെത്തി നാടുകടത്തിയെന്ന് സഭയെ അറിയിക്കണമെന്ന് സഞ്ജയ് സിങ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

